മുട്ടിലിന് പിന്നാലെ വൃക്ഷത്തൈ നടൽ ക്രമക്കേടിലും എൻ.ടി. സാജന് പങ്ക്; 13 വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിൽ
മുട്ടിലിന് പിന്നാലെ വൃക്ഷത്തൈ നടൽ ക്രമക്കേടിലും എൻ.ടി. സാജന് പങ്ക്; 13 വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിൽ
സാജൻ ഉൾപ്പെടെ 13 വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ച്ചയാണെന്ന് കാണിച്ച് ഇൻസ്പെക്ഷൻ ആൻ്റ് ഇവാലുവേഷൻ കൺസർവേറ്റർ ഡി. ദേവപ്രസാദാണ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്
കോഴിക്കോട്: വൃക്ഷത്തൈ നടൽ ക്രമക്കേടിൽ എൻ.ടി. സാജൻ IFSനെതിരെ അന്വേഷണ റിപ്പോർട്ട്. മുട്ടിൽ കേസിൽ (Muttil tree felling case) ആരോപണവിധേയനായ സാജൻ ഉൾപ്പെടെ 13 വനംവകുപ്പ് ഉദ്യോഗസ്ഥർ ഗുരുതര വീഴ്ച്ച വരുത്തിയെന്ന് കാണിച്ച് ഇൻസ്പെക്ഷൻ ആൻറ് ഇവാലുവേഷൻ കൺസർവേറ്റർ ദേവപ്രസാദ് സർക്കാരിന് റിപ്പോർട്ട് നൽകി.
രാമനാട്ടുകര മുതൽ വെങ്ങളം വരെ ദേശീയപാത നവീകരണത്തിന് 2357 മരങ്ങൾ മരങ്ങളാണ് മുറിക്കുന്നത്. ഇതിന് പകരമായി 26000 വൃക്ഷത്തൈകൾ വച്ചു പിടിക്കാൻ ദേശീയപാത അതോറിറ്റി 2018 ൽ 1.61കോടി രൂപ വനംവകുപ്പിന് നൽകിയിരുന്നു. അഞ്ചിടത്ത് നട്ട വൃക്ഷത്തൈകൾ പരിപാലിക്കാഞ്ഞതിനാൽ കരിഞ്ഞുപോയിരുന്നു. വൃക്ഷത്തൈ പരിപാലനം, ചാണകം വാങ്ങിയത്, കയറ്റിറക്ക് കൂലി തുടങ്ങിയവയിൽ വൻ വെട്ടിപ്പാണ് നടന്നത്.
മുട്ടിൽ കേസിൽ അന്വേഷണം നേരിടുന്ന സാജന്റെ നേതൃത്വത്തിലായിരുന്നു വൃക്ഷത്തൈ നടൽ. ക്രമക്കേടിന് കാരണം സാജൻ ഉൾപ്പെടെ 13 വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ച്ചയാണെന്ന് കാണിച്ച് ഇൻസ്പെക്ഷൻ ആൻ്റ് ഇവാലുവേഷൻ കൺസർവേറ്റർ ഡി. ദേവപ്രസാദാണ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. മുട്ടിൽ കേസിൽ നടപടി നേരിട്ട റേഞ്ച് ഓഫീസർ എം. പത്മനാഭനും ഈ 13 ഉദ്യോഗസ്ഥരിൽ ഉൾപ്പെടും.
എൻ.ടി. സാജൻ, എം. പത്മനാഭൻ, പി.ബി. ഉഷ എന്നിവർ വിരമിക്കാൻ മാസങ്ങൾ മാത്രം അവശേഷിക്കെയാണ് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. വനംമന്ത്രിയുടെ നിർദേശത്തെതുടർന്നാണ് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകിയത്.
കൊല്ലത്തേക്ക് സ്ഥലംമാറ്റപ്പെട്ട കൺസർവേറ്റർ സാജൻ, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് കൺസർവേറ്റർ എം. ജോഷിൽ എന്നിവരും രണ്ട് റേഞ്ച് ഓഫിസർമാർ, മൂന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാർ, ആറ് ക്ലാർക്കുമാർ എന്നിവരും വീഴ്ച വരുത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. മാഹി കോട്ടപ്പള്ളി കനാൽ റോഡ്, എൻഐടി ക്യാംപസ്, വാദിറഹ്മ ഇംഗ്ലീഷ് സ്കൂൾ ക്യാംപസ്, മുക്കം എംഎഎംഒ കോളജ് എന്നിവിടങ്ങളിലാണ് തൈകൾ നട്ടത്.
ചാണകപ്പൊടിക്ക് അഞ്ചിരട്ടി വിലയിട്ട് എസ്റ്റിമേറ്റുകൾ പാസാക്കിയതിനെ തുടർന്ന് കരാറുകാരന് അധികം നൽകിയ മൂന്നു ലക്ഷം രൂപയോളം തിരിച്ചു പിടിക്കാൻ തീരുമാനിച്ചിരുന്നു. തുടർന്ന് വനം മന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഉത്തരവാദികളായ ഉദ്യോഗസ്ഥർ ആരൊക്കെ എന്നു കണ്ടെത്താൻ വീണ്ടും അന്വേഷണം നടത്തിയത്.
ചാണകപ്പൊടിക്ക് അധിക വില നൽകിയതിൽ മാത്രമല്ല, മണ്ണിളക്കൽ – വളമിടൽ എന്നിങ്ങനെ ഒരേ പ്രവൃത്തികൾ രണ്ട് രീതിയിൽ കാണിച്ച് ലക്ഷങ്ങൾ നഷ്ടപ്പെടുത്തി എന്നും പിന്നീട് കണ്ടെത്തി. ഇതിൽ ഏതെങ്കിലും ഒന്നു മാത്രമേ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്താവൂ എന്ന് ഉന്നത വനം ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുന്നേ തീരുമാനിച്ചിരുന്നതുമാണ്. അതും ഇവിടെ ലംഘിച്ചു.
എത്ര തുക ഉദ്യോഗസ്ഥരിൽ നിന്ന് തിരിച്ചു പിടിക്കണം എന്നത് വനം ഉന്നതർക്ക് തീരുമാനിക്കാം എന്നാണ് ശുപാർശ. കണക്കുകൾ പരിശോധിക്കാതെയും നാട്ടിലെ വില നിലവാരം നോക്കാതെയും എസ്റ്റിമേറ്റുകൾ പാസാക്കിയതാണ് എൻ.ടി. സാജൻ, എം. ജോഷിൽ എന്നിവരുടെ പിഴവ്.
ജോലികൾ ഇരട്ടിപ്പിച്ച് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയതിൽ എസ്എഫ്ഒമാരായ സി. അനൂപ് കുമാർ, കെ.കെ. ബിജു, കെ. പ്രദീപ് കുമാർ, റേഞ്ച് ഓഫിസർ വി. ബിജീഷ് കുമാർ എന്നിവർ പിഴവുകൾ വരുത്തി. വിലയും കണക്കുകളും പരിശോധിക്കാതെ നിർദേശങ്ങൾക്ക് വിരുദ്ധമായി എസ്റ്റിമേറ്റുകൾ തയ്യാറാക്കിയത് റേഞ്ച് ഓഫിസർ എം. പത്മനാഭനാണ്. മുട്ടിൽ മരം മുറി വിവാദത്തിലും ഉൾപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ സ്ഥലം മാറ്റിയിരുന്നു.
ഓഫിസ് ജീവനക്കാരായ കെ. ബിജു, എം. സ്മിത, പി.ബി. ഉഷ, പി. ഗിരീഷ്, കെ. ശിവകുമാർ, സുഭാഷ് കുമാർ എന്നിവരും പരിശോധനയിൽ പിഴവുകൾ വരുത്തി. ഇതിൽ ടി.സുഭാഷ് കുമാർ കഴിഞ്ഞ വർഷം വിരമിച്ചു. എം. പത്മനാഭൻ, എൻ.ടി. സാജൻ, പി.ബി. ഉഷ എന്നിവർ വിരമിക്കുന്നതിന്റെ വക്കിലാണെന്നും റിപ്പോർട്ടിൽ പ്രത്യേകം എടുത്തു പറയുന്നുണ്ട്. റിപ്പോർട്ടിൻമേൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് വിവരം.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.