• HOME
  • »
  • NEWS
  • »
  • kerala
  • »
  • NUMBER OF SUICIDES DUE TO FINANCIAL CRISIS IN LOCKDOWN PERIOD ROSE TO 22

അടച്ചിട്ട കേരളത്തിൽ 44 ദിവസത്തിനുള്ളിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനൊടുക്കിയവരുടെ എണ്ണം 22 ആയി

ലോക്ക്ഡൗൺ കാലത്ത് കേരളം അടച്ചിട്ടതോടെ ജീവിതം ഒരുവിധത്തിലും മുന്നോട്ടുപോകാനാകാതെ വന്നതോടെ കടുംകൈയ്ക്ക് ഇവര്‍ മുതിർന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 44 ദിവസത്തിനിടെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആത്മഹത്യയുടെ വഴി തെരഞ്ഞെടുത്തത് 22 പേർ. ലോക്ക്ഡൗൺ കാലത്ത് കേരളം അടച്ചിട്ടതോടെ ജീവിതം ഒരുവിധത്തിലും മുന്നോട്ടുപോകാനാകാതെ വന്നതോടെ കടുംകൈയ്ക്ക് ഇവര്‍ മുതിർന്നത്. കേരളം കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുകയാണ് ഈ സംഭവങ്ങൾ.

    ഏറ്റവും ഒടുവിൽ ആത്മഹത്യ ചെയ്തത് കൊല്ലം കൊട്ടിയത്തെ ബ്യൂട്ടി പാർലർ ഉടമയായ ബിന്ദു പ്രദീപാണ്. 44 കാരിയെ വീടിന്റെ ഒന്നാംനിലയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ലോക്ക്ഡൗൺ പ്രതിസന്ധിയിൽ ബ്യൂട്ടി പാർലർ തുറക്കാൻ കഴിയാത്തതിനെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്. കൊട്ടിയത്ത് മയ്യനാട് റോഡിൽ വേവ്സ് ഓഫ് ബ്യൂട്ടി സലൂൺ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. 20 വർഷത്തിലേറെയായി വീടിനോടുചേർന്ന് ബ്യൂട്ടി പാർലർ നടത്തിയിരുന്ന ബിന്ദു ഒന്നരവർഷം മുൻപാണ് കൊട്ടിയത്ത് കട വാടകയ്ക്കെടുത്ത് ബ്യൂട്ടി പാർലർ തുടങ്ങിയത്. ഏറെക്കഴിയും മുൻപേ കോവിഡ് വ്യാപനം കാരണം സ്ഥാപനം അടച്ചിടേണ്ടിവന്നു. ലക്ഷങ്ങൾ ചെലവഴിച്ച് ഉന്നത നിലവാരത്തിൽ ആരംഭിച്ച സ്ഥാപനം, അടച്ചിടൽ നീണ്ടതോടെ വലിയ ബാധ്യതയായി മാറി. കിട്ടാനുള്ള തുകകളും മുടങ്ങി. വായ്പകളുടെ അടവ് മുടങ്ങിയതോടെ സാമ്പത്തിക ബാധ്യത കുതിച്ചയുർന്നു.

    Also Read- സാമ്പത്തിക പ്രതിസന്ധി; ബ്യൂട്ടി പാർലർ ഉടമ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

    കോട്ടയം കൂരോപ്പട സ്വദേശിയായ യുവതിയെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതും കഴിഞ്ഞ ദിവസമാണ്. കൂരോപ്പട കിഴക്കേടത്ത് സുകുമാരന്റെ മകളും അയർക്കുന്നം സ്വദേശിയായ സുമേഷിനെ ഭാര്യയുമായ സൗമ്യ(39) ആണ് മരിച്ചത്. ഏറ്റുമാനൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ സൗമ്യ, സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ജീവനൊടുക്കുന്നത് എന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് തനിക്ക് ഉള്ളതെന്ന് സൗമ്യയുടെതായി കരുതുന്ന കുറിപ്പിൽ പറയുന്നു. ലോണുകൾ ഒക്കെ എടുത്താലും സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മറികടക്കാൻ ആകില്ല എന്നാണ് കുറിപ്പിൽ വ്യക്തമാക്കുന്നത്. സമീപ ദിവസങ്ങളിലായി സൗമ്യ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ആയി 15 ലക്ഷം രൂപയോളം കടം വാങ്ങിയിട്ടുണ്ട് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക മൊഴി.

    Also Read- യുവതിയെ മീനച്ചിലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; സാമ്പത്തിക ബുദ്ധിമുട്ടെന്ന് ആത്മഹത്യാകുറിപ്പ്

    ഇതിന് മുൻപാണ് കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളായ നസീർ ഖാനും നിസാർ ഖാനും തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. 33 വയസായിരുന്നു. ക്രെയിൻ സർവീസ് സ്ഥാപനത്തിൽ ജീവനക്കാരായിരുന്നു ഇരുവരും. ലോക് ഡൗൺ കാരണം ഒരു വർഷം മുൻപ് ജോലി നഷ്ടമായി, കുറച്ചു മാസങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ബാങ്കിൽ വായ്പയെടുത്ത പണം തിരിച്ചടക്കാനുള്ള സമ്മർദം വേറെയും ഉണ്ടായിരുന്നു. രാവിലെ കാപ്പിയുമായി എത്തിയ എത്തിയ ഉമ്മ ഫാത്തിമയാണ് ഇരുവരെയും അടുത്ത മുറികളിൽ മരിച്ച നിലയിൽ കണ്ടത്.

    ഇതോടെ കേരളത്തിൽ ജൂണ്‍ 21 മുതൽ 44 ദിവസത്തിൽ സാമ്പത്തിക പ്രതിസന്ധിമൂലം ആത്മഹത്യ ചെയ്തവരുടെ എണ്ണം 22 ആയി.മെയ് എട്ടു മുതലാണ് ലോക്ക് ഡൗൺ മൂലം കേരളം നിയന്ത്രണം കടുപ്പിച്ചത് .

    ഞായറാഴ്ച മാവേലിക്കര ശ്രീഗായത്രി ഗ്രാഫിക് ഡിസൈനിങ് സെന്റർ ഉടമ കണ്ടിയൂർ ഗൗരീശങ്കരത്തിൽ വിനയകുമാറിനെ (43) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ബന്ധുക്കളാണ്. വായ്പ എടുത്ത് തുടങ്ങിയതാണ് സ്ഥാപനം. ഒരു വർഷം മുൻപ്, കോവിഡ് ഒന്നാം തരംഗം രൂക്ഷമായപ്പോൾ തന്നേ അതിന്റെ പ്രവർത്തനം നിലച്ചിരുന്നു. ഭാര്യയും സ്കൂൾ വിദ്യാർത്ഥികളായ രണ്ട് പെൺമക്കളും ഉണ്ട്‌.

    ജൂണ്‍ 21ന് തിരുവനന്തപുരത്ത് ജീവനൊടുക്കിയത് മൂന്നംഗ കുടുംബമാണ്. മനോജ് കുമാര്‍ (45), ഭാര്യ രഞ്ജു (38), മകള്‍ അമൃത (16) എന്നിവരാണ് മരിച്ചത്. സ്വര്‍ണപ്പണിക്കാരനായിരുന്നു ഗൃഹനാഥന്‍.

    ജൂലൈ 1ന് ഇടുക്കിയിലെ ഏലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പാമ്പാടുംപാറ മാവോലില്‍ വീട്ടില്‍ സന്തോഷ് (47) ആണ് ആത്മഹത്യ ചെയ്തത്.സ്വകാര്യ സ്ഥാപനത്തിന് വായ്പ എടുത്തിരുന്നു. അധികൃതര്‍ ദിനംപ്രതി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ജീവനെടുത്തത്.

    ജൂലൈ 2ന് തിരുവനന്തപുരത്ത് മായ ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ നിര്‍മല്‍ ചന്ദ്രനെ(53) മരിച്ച നിലയില്‍ കണ്ടെത്തി. ജൂലൈ 17ന് പാലക്കാട്ട് ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ പൊന്നു മണി (55) ആത്മഹത്യ ചെയ്തു.

    ജൂലൈ 19ന് ഇടുക്കിയില്‍ ബേക്കറി ഉടമ പുലരിമലയില്‍ വിനോദ് (55) മരിച്ചു. ജൂലൈ 22ന് തിരുവനന്തപുരത്ത് മലയന്‍കീഴിലെ ബേക്കറി ഉടമ വിജയകുമാര്‍ (56) ജീവനൊടുക്കി. പാലക്കാട് ട്രാക്ടര്‍ ഡ്രൈവര്‍ കണ്ണന്‍ കുട്ടി (56) ആത്മഹത്യ ചെയ്തു. ജൂലൈ 2ന് കൊല്ലത്ത് സീനാ ട്രാവല്‍സ് ഉടമ മോഹനന്‍ പിള്ള (53), ജൂലൈ 27ന് തിരുവനന്തപുരത്ത് ക്ഷീരകര്‍ഷകനായ ശ്രീകാന്ത് (36) എന്നിവരാണ് മരിച്ചത്.

    ജൂലൈ 7ന് ആലപ്പുഴ മാന്നാര്‍ സ്വദേശി വിഷ്ണു പ്രസാദ് (35) ആത്മഹത്യ ചെയ്തു. കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്റര്‍ നടത്തുകയായിരുന്നു. യാണ്. ജൂലൈ 20ന് വയനാട് സ്വകാര്യ ബസുടമ പി സി രാജാമണി (48) ജീവനൊടുക്കി. ജൂലൈ 20ന് തൃശൂരില്‍ ആത്മഹത്യ ചെയ്ത മകൻ ശരത്തി(27) നെ കണ്ട അച്ഛൻ ദാമോദരനും (53) ആത്മഹത്യ ചെയ്തു.

    സാമ്പത്തിക ബാധ്യതയെ തുടർന്ന് കോട്ടയത്ത് ടൂറിസ്റ്റ് വാൻ ഉടമ ജൂലൈ 30 ന് ആത്മഹത്യ ചെയ്ത കല്ലറ പെരുന്തുരുത്ത് വിജയവിലാസത്തിൽ വി.മോഹനൻ (50) ആണ് മരിച്ചത്.സ്വകാര്യ ബാങ്കിൽനിന്ന് വായ്പ എടുത്തിരുന്നു.സ്വന്തമായി ഉണ്ടായിരുന്ന വാനിന്റെ തിരിച്ചടവു മുടങ്ങി. വാൻ വിറ്റെങ്കിലും വായ്പ അടയ്ക്കാൻ കഴിഞ്ഞില്ല. ഇതേത്തുടർന്ന് സ്വകാര്യ ബാങ്ക് പൊലീസിൽ പരാതി നൽകി. പണം കൊടുത്തു തീർക്കണമെന്നു പൊലീസ് നിർദേശിച്ചിരുന്ന വെള്ളിയാഴ്ച ഉച്ചയോടെ മോഹനൻ ആത്മഹത്യ ചെയ്യുകയായിരുന്നു.

    വടകര മേപ്പയൂരിൽ ചായക്കട നടത്തിയിരുന്ന കൃഷ്‌ണനെ ചായക്കടയ്ക്കുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓവുപാലത്തിന് സമീപം വർഷങ്ങളായി ചായക്കട നടത്തിയിരുന്ന കൃഷ്ണൻ. ശനിയാഴ്ച രാവിലെ കട തുറന്നിരുന്നു. എന്നാൽ ഉച്ചയോടെ കാണാതായി. തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഇന്ന് രാവിലെ വരെ തെരച്ചിൽ നടത്തി.പിന്നാലെ കടയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയോടൊപ്പമാണ് ഹോട്ടല്‍ നടത്തിയിരുന്നത്. രണ്ടു മക്കളുണ്ട്. വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കൃഷ്ണന്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Rajesh V
    First published:
    )}