തിരുവനന്തപുരം: നേമത്ത് നിന്ന് ഒരു തവണ എംഎൽഎ ആയിരുന്നെന്നല്ലാതെ അവിടവുമായി വേറെ ബന്ധമൊന്നുമില്ലെന്ന ഒ രാജഗോപാലിന്റെ പരാമർശത്തിൽ പ്രതികരണവുമായി കുമ്മനം രാജശേഖരൻ. എംഎൽഎ എന്ന നിലയിൽ കഴിഞ്ഞ അഞ്ചു വർഷം മികച്ച പ്രവർത്തനമാണ് രാജഗോപാൽ മണ്ഡലത്തിൽ നടത്തിയതെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. അതാണ് ഏറ്റവും നല്ല ബന്ധം.
400 കോടിയുടെ വികസന പദ്ധതികൾക്ക് രൂപം നൽകി. ഇതിൽ എതിർ സ്ഥാനാർത്ഥികൾക്ക് പോലും എതിർപ്പില്ലെന്ന് കുമ്മനം രാജശേഖരൻ ന്യൂസ് 18 നോട് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ ഒ രാജഗോപാൽ നടത്തിയ പരാമർശം വിവാദമായിരുന്നു. താൻ കഴിഞ്ഞ അഞ്ചുവർഷം നേമം മണ്ഡലത്തിലെ എംഎൽഎ ആയിരുന്നുവെന്നും എന്നാൽ അതിനപ്പുറം മറ്റൊരു ബന്ധവും മണ്ഡലവുമായി തനിക്കില്ലെന്നുമായിരുന്നു രാജഗോപാലിന്റെ പരാമർശം.
ഇതിനെതിരെ വിമർശനവുമായ മറ്റു പാർട്ടികൾ രംഗത്തെത്തി. കഴിഞ്ഞ അഞ്ചു വർഷക്കാലം നേമം മണ്ഡലത്തിൽ ഒന്നും ചെയ്തിട്ടില്ല എന്നതിന്റെ തെളിവാണ് ഒ രാജഗോപാലിന്റെ വാക്കുകൾ എന്നായിരുന്നു വി ശിവൻകുട്ടിയുടെ പരിഹാസം. എന്നാൽ വിവാദത്തെ തള്ളി നേമത്തെ എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ രംഗത്തെത്തുകയായിരുന്നു. ഒ രാജഗോപാലിന്റെ പരാമർശം ഒരു രീതിയിലും ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടില്ലെന്ന് കുമ്മനം പറഞ്ഞു.
വി ശിവൻകുട്ടിയുടെ കാലത്ത് എന്തു ചെയ്തിട്ടാണ് ഇത്തരത്തിൽ വിമർശിക്കുന്നതതെന്ന് അറിയില്ല. നേമം മണ്ഡലത്തിൽ ബിജെപിയെ തോൽപ്പിക്കുകയാണ് ഇടതു വലതു മുന്നണികളുടെ ലക്ഷ്യം. അതിനായി അവസാന നിമിഷം പരസ്യ കൂട്ടുകെട്ട് തന്നെ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇത് തെരഞ്ഞെടുപ്പിനെ എത്രത്തോളം ബാധിച്ചെന്ന് ഫലം വന്ന ശേഷമേ പറയാനാകുവെന്നും കുമ്മനം വ്യക്തമാക്കി.
നേമം മണ്ഡലത്തിൽ ബിജെപി മൂന്നാം സ്ഥാനത്ത് ആകുമെന്ന് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ പറഞ്ഞതിനെയും കുമ്മനം രാജശേഖരൻ പരിഹസിച്ചു. കെ മുരളീധരൻ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെടും. മെയ് 2ന് ഫലം വരുമ്പോൾ നേമത്ത് ബിജെപി മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.
കെ മുരളീധരന്റെ വാഹനത്തിന് നേരെ ബിജെപിക്കാർ കല്ലെറിഞ്ഞത് പരാജയ ഭീതി കൊണ്ടാണെന്ന് കെ മുരളിധരൻ പറഞ്ഞല്ലോ എന്ന് ചോദിച്ചപ്പോൾ മുരളീധരൻ അങ്ങിനെ പറഞ്ഞെങ്കിൽ അതിൽ എന്തെങ്കിലും കാര്യം കാണാതിരിക്കില്ല എന്നായിരുന്നു ഒ രാജഗോപാലിന്റെ പ്രതികരണം.
നേമത്ത് ഇന്നലെ രാത്രി നടന്ന ബിജെപി- കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായിരുന്നു. ഇതു സംബന്ധിച്ച് പ്രതികരണ ആരാഞ്ഞപ്പോഴാണ് തനിക്ക് യാതൊന്നും അറിയില്ലെന്ന് നേമം എംഎല്‍എയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ രാജഗോപാല്‍ പറഞ്ഞത്. കോണ്ഗ്രസ് സ്ഥാനാർത്ഥിയുടെ കാറിന് നേരെ കല്ലേറുണ്ടായ സംഭവം അംഗീകരിക്കാൻ പറ്റാത്തതാണ്. അക്രമങ്ങളെ ഒരിക്കലും അംഗീകരിക്കാനാവില്ല. അതൊന്നും ശരിയായ നടപടിയല്ല. ആരുടെ പേരിലും അങ്ങനെ ചെയ്യാൻ പാടില്ല. അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പരസ്പരം ബഹുമാനിക്കണമെന്നും രാജഗോപാൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Bjp mla O Rajagopal, Kerala Assembly Election 2021, Kummanam Rajasekharan, O rajagopal mla