news18-malayalam
Updated: September 2, 2019, 9:26 AM IST
പായസവും 24 കൂട്ടം കറികളുമാണ് അത്തം നാളിലെ സദ്യക്കായി ഒരുക്കിയത്. മൽസരത്തിൽ വിജയികളായ അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രത്യേക ഓണ സമ്മാനങ്ങൾ നൽകി
നെടുങ്കണ്ടം: ഓണസദ്യയിലെ ഓരോ വിഭവവും മൽസരയിനമാക്കി നെടുങ്കണ്ടം കല്ലാർ ഗവ സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും. ജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ സദ്യയൊരുക്കിയാണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചു.
മൂവായിരത്തോളം കുട്ടികളുണ്ട് സ്കൂളിൽ. ഓണസദ്യ സ്കൂളിൽ വരുത്താമെന്നായിരുന്നു ആദ്യത്തെ ആലോചന. ഭീമമായ തുക വേണ്ടിവരുമെന്ന് കണ്ടതോടെയാണ് പുതിയ ആശയം ഉരുത്തിരിഞ്ഞത്. ഓണസദ്യ ഒരുക്കുന്നത് തന്നെ ഒരു ഉത്സവമാക്കണം. അതിന് ഓരോ വിഭവവും ഓരോ പാചകജോലിയും മത്സരമാക്കണം. അധ്യാപകരും രക്ഷിതാക്കളും രണ്ട് ടീമായിത്തിരിഞ്ഞാണ് മത്സരിച്ചത്.
ഇന്ന് അത്തം; ഓണത്തിനായി പത്ത് ദിവസത്തെ കാത്തിരിപ്പ്
കുട്ടികൾ തന്നെ വീടുകളിൽ നിന്ന് പാകം ചെയ്യാനുള്ള പച്ചക്കറിയും പലവ്യഞ്ജനങ്ങളുമെത്തിച്ചു. പച്ചക്കറി അരിയുന്നതു മുതൽ അരി കഴുകുന്നതും പപ്പടം പൊള്ളിക്കുന്നതും ഉള്ളി പൊളിക്കുന്നതും തൂശനില ഒരുക്കുന്നതുമെല്ലാം മൽസരയിനങ്ങളായി. വേഗത്തിലും ഭംഗിയായും വിഭവമൊരുക്കിയവരും പാചകജോലി ചെയ്തവരും വിജയികളായി.
പായസവും 24 കൂട്ടം കറികളുമാണ് അത്തം നാളിലെ സദ്യക്കായി ഒരുക്കിയത്. മൽസരത്തിൽ വിജയികളായ അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രത്യേക ഓണ സമ്മാനങ്ങൾ നൽകി. പുറത്തുനിന്ന് സദ്യ വാങ്ങാതെ ലാഭിച്ച തുക സ്കൂളിലെ രണ്ട് കുട്ടികളുടെ ചികിൽസക്ക് കൈമാറും.
First published:
September 2, 2019, 9:23 AM IST