HOME » NEWS » Kerala »

കൃഷിയെക്കുറിച്ചുള്ള എഴുത്തുകൾ ഇഷ്ടമുള്ളവരാണോ ? അറിയണം ആരായിരുന്നു ആർ. ഹേലി എന്ന്

കാർഷിക മൃഗസംരക്ഷണ രംഗങ്ങളിലെ അറിവുകളും വിവരങ്ങളും ജനങ്ങളിൽ എത്തിക്കാനായി ഫാം ഇൻഫർമേഷൻ ബ്യൂറോയ്ക്കു രൂപം നൽകിയതിനും കേരള കർഷകൻ മാസിക ആരംഭിച്ചതിനും പിന്നിൽ ഹേലിയായിരുന്നു

News18 Malayalam | news18-malayalam
Updated: December 14, 2020, 3:19 PM IST
കൃഷിയെക്കുറിച്ചുള്ള എഴുത്തുകൾ ഇഷ്ടമുള്ളവരാണോ ? അറിയണം ആരായിരുന്നു ആർ. ഹേലി എന്ന്
ആർ ഹേലി
  • Share this:
അര നൂറ്റാണ്ടിലേറെക്കാലം കേരളത്തിൽ കൃഷിയെക്കുറിച്ചുള്ള എഴുത്തിന്റെ പര്യായമായി അറിയപ്പെട്ട
ആർ. ഹേലി പ്രമുഖ കൃഷി ശാസ്ത്രജ്ഞനും കൃഷി വകുപ്പ് മുൻ ഡയറക്ടറും കേരളത്തിലെ ഫാം ജേർണലിസത്തിന്റെ തുടക്കക്കാരനുമായിരുന്നു.മകൾ ഡോ. എച്ച്. പൂർണിമയുടെ ആലപ്പുഴയിലെ വസതിയിൽ ഞായറാഴ്ച രാവിലെ 8.50ന് ഹൃദയാഘാതത്തെത്തുടർന്നാണ് മരിച്ചത്. 87 വയസായിരുന്നു.

ആകാശവാണിയിൽ ' വയലും വീടും' ദൂരദർശനിൽ ' നാട്ടിൻ പുറം ' എന്നീ കാർഷിക സംബന്ധമായ പരിപാടികളിലൂടെ കൃഷിയേയും കൃഷിരീതികളെയും പരിചയപ്പെടുത്തുന്നതിലും ജനപ്രിയമാക്കുന്നതിലും ഗണ്യമായ പങ്കുവഹിച്ചു

കാർഷിക മൃഗസംരക്ഷണ രംഗങ്ങളിലെ അറിവുകളും വിവരങ്ങളും ജനങ്ങളിൽ എത്തിക്കാനായി ഫാം ഇൻഫർമേഷൻ ബ്യൂറോയ്ക്കു രൂപം നൽകിയതിനും കേരള കർഷകൻ മാസിക ആരംഭിച്ചതിനും പിന്നിൽ ഹേലിയായിരുന്നു. ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ മേധാവിയായും കേരള കർഷകൻ മാസികയുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. നെൽകൃഷിയിൽ ഗ്രൂപ്പ് ഫാമിങ് എന്ന ആശയം ആവിഷ്കരിക്കുന്നതിലും നടപ്പാക്കുന്നതിലും മുഖ്യപങ്കു വഹിച്ചു. 1989ൽ സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷം കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. സംസ്ഥാന സർക്കാരിന്റെ കാർഷിക നയ രൂപവൽകരണ കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം.

ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ആറ്റിങ്ങൽ നഗരസഭയുടെ ആദ്യ അധ്യക്ഷനുമായിരുന്ന പി.എം. രാമന്റെയും ഭാരതിയുടെയും 9 മക്കളിൽ ഇളയവനായി ആറ്റിങ്ങലിലാണ് ആർ. ഹേലി ജനിച്ചത്. 'സൂര്യൻ' എന്ന അർഥമുള്ള ഹേലി എന്ന ഗ്രീക്ക് പേരാണ് മാതാപിതാക്കൾ ഇളയ മകന് നൽകിയത്.ട്രേഡ് യൂണിയൻ നേതാവും എംഎൽഎയുമായിരുന്ന ആർ. പ്രകാശം, നിയമസഭാ സെക്രട്ടറിയായിരുന്ന ഡോ. ആർ. പ്രസന്നൻ, പത്മം, ഡെപ്യൂട്ടി ചീഫ് എൻജിനീയറായിരുന്ന ഹർഷൻ തുടങ്ങിയവർ സഹോദരങ്ങളാണ്.

ബെംഗളൂരുവിലെ ഹെബ്ബാൽ കാർഷിക കോളജിൽനിന്നു ബിരുദം നേടിയ ഹേലി 20–ാം വയസ്സിൽ റബർ ബോർഡിൽ ജൂനിയർ ഓഫിസറായി. ഒരു വർഷത്തിനു ശേഷം രാജിവച്ച് സംസ്ഥാന കൃഷി വകുപ്പിൽ ചേർന്നു. പ്രമുഖ കാർഷിക ശാസ്ത്രജ്ഞൻ ഡോ. എം.എസ്. സ്വാമിനാഥന്റെ വത്സലശിഷ്യനായിരുന്നു അദ്ദേഹം.

സർവേ ഓഫ് ഇംപോർട്ടന്റ് അഗ്രിക്കൾച്ചറൽ മാർക്കറ്റ്സ് ഇൻ കേരള, ഫലവൃക്ഷങ്ങൾ, ഗ്രാമ്പു, തേൻപഴക്കൂട, ഫാം ജേർണലിസം, വനില, കൃഷിപാഠം തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലുള്ള ഗ്രന്ഥങ്ങൾക്കു പുറമേ മലയാളത്തിലും ഇംഗ്ലീഷിലുമായി കാർഷിക സംബന്ധിയായ ആറായിരത്തിലധികം ലേഖനങ്ങളെഴുതി. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ‘കൃഷിഭാരതി’ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾക്ക് അർഹനായി.

ആരോഗ്യ വകുപ്പിലെ റിട്ട. സീനിയർ സിവിൽ സർജൻ ഡോ. സുശീലയാണ് ഭാര്യ. മക്കൾ: ഡോ. എച്ച്. പൂർണിമ (അഡീഷണൽ പ്രഫസർ, ജനറൽ മെഡിസിൻ, ആലപ്പുഴ മെഡിക്കൽ കോളജ്), പ്രശാന്ത് ഹേലി (സെക്രട്ടറി, കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി). മരുമക്കൾ: ഡോ. വി.എ. ബിന്ദുലാൽ (അസോഷ്യേറ്റ് പ്രഫസർ, ഓർത്തോപീഡിക് വിഭാഗം, ആലപ്പുഴ മെഡിക്കൽ കോളജ്), ശുഭ.

Also Read ഉന്നതനേതാവ് പണമടങ്ങിയ ബാഗ് കൈമാറിയോ? ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ സ്വപ്നയെ ചോദ്യം ചെയ്യാന്‍ ഇഡിക്ക് അനുമതി

കോവിഡ് പശ്ചാത്തലത്തിൽ മാർച്ചിലാണ് അദ്ദേഹം ആറ്റിങ്ങലിൽ നിന്നു തിരുവനന്തപുരത്തുള്ള മകന്റെ വീട്ടിലേക്കു മാറിയത്. രണ്ടാഴ്ച മുൻപാണ് ആലപ്പുഴയിലെ മകളുടെ വീട്ടിലേക്കു പോയത്.മൃതദേഹം ആറ്റിങ്ങൽ മൂന്നുമുക്കിലെ സ്വവസതിയായ ‘പേൾ ഹില്ലിൽ’ സംസ്കരിച്ചു.

ഹേലിയുടെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ അനുശോചിച്ചു
Published by: Chandrakanth viswanath
First published: December 14, 2020, 3:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories