• HOME
 • »
 • NEWS
 • »
 • kerala
 • »
 • Blueflag Certificate | കാപ്പാട് ബീച്ച് ഇനി വേറെ ലെവൽ; ഔദ്യോഗിക ബ്ലൂ ഫ്ലാഗ് ഉയർത്തൽ ചടങ്ങ് തിങ്കളാഴ്ച

Blueflag Certificate | കാപ്പാട് ബീച്ച് ഇനി വേറെ ലെവൽ; ഔദ്യോഗിക ബ്ലൂ ഫ്ലാഗ് ഉയർത്തൽ ചടങ്ങ് തിങ്കളാഴ്ച

ഉയര്‍ന്ന പാരിസ്ഥിതിക ഗുണനിലവാരത്തെ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകള്‍ക്കു നല്‍കുന്നതാണ് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍

 • Last Updated :
 • Share this:
  അന്താരാഷ്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് സർട്ടിഫിക്കേഷൻ ലഭിച്ച കാപ്പാട് ബീച്ചിൽ ഔദ്യോഗിക ബ്ലൂ ഫ്ലാഗ് ഉയർത്തൽ നാളെ (ഡിസംബർ 28) ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ നിർവ്വഹിക്കും. ഇന്ത്യയിൽ ഈ വർഷം ബ്ലൂ ഫ്‌ളാഗ് സർട്ടിഫിക്കേഷൻ ലഭിച്ച എട്ട് ബീച്ചുകളുടെ ഔദ്യോഗിക ബ്ലൂ ഫ്ലാഗ് ഉയർത്തൽ ചടങ്ങ് കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവെദ്ക്കർ ഓൺലൈനായി നിർവ്വഹിക്കുന്നതോടൊപ്പം രാവിലെ 11 മണിക്കാണ് ചടങ്ങ് നടക്കുക. ബീച്ച് പരിസരത്തു നടക്കുന്ന ചടങ്ങിൽ കെ.ദാസൻ എംഎൽഎ അധ്യക്ഷത വഹിക്കും.

  ഉയര്‍ന്ന പാരിസ്ഥിതിക ഗുണനിലവാരത്തെ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകള്‍ക്കു നല്‍കുന്ന ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍ കോഴിക്കോട് ജില്ലയിലെ കാപ്പാട് ബീച്ചിനു ലഭിച്ചിരിക്കുന്നു. ഡെന്‍മാര്‍ക്കിലെ ഫൌണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റ് എഡ്യൂക്കേഷന്‍ ആഗോളതലത്തില്‍ സംഘടിപ്പിക്കുന്ന ഇക്കോ ലേബലാണ് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍. മാലിന്യമുക്ത തീരം, പരിസ്ഥിതി സൗഹൃദപരമായ നിര്‍മ്മിതികള്‍, സഞ്ചാരികളുടെ സുരക്ഷ, കുളിക്കുന്ന കടല്‍വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന് നിരന്തരമായ പരിശോധന, സുരക്ഷാമാനദണ്ഡങ്ങള്‍, പരിസ്ഥിതി അവബോധം, ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം, ഭിന്നശേഷിസൗഹൃദമായ പ്രവേശനം തുടങ്ങി 33 ബ്ലൂ ഫ്ളാഗ് മാനദണ്ഡങ്ങള്‍ കടന്നാണ് കാപ്പാട് ബീച്ച് അഭിമാനനേട്ടം കൈവരിച്ചത്.

  കെ.ദാസന്‍ എംഎല്‍എ ചെയര്‍മാനും ജില്ലാ കലക്ടര്‍ സാംബശിവറാവു നോഡല്‍ ഓഫീസറുമായി ബീച്ച് മാനേജ്മന്റ് കമ്മിറ്റി രൂപീകരിച്ചാണ് ബീച്ചിൽ നവീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഡല്‍ഹി ആസ്ഥാനമായിട്ടുള്ള എ റ്റു ഇസഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തിയത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഓഫ് ഇന്റഗ്രേറ്റഡ് കോസ്റ്റല്‍ മാനേജ്മെന്റ് ആണ് ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കേഷന് കാപ്പാട് ബീച്ചിനെ പരിഗണിച്ചത്. ഇതിന്റെ ഭാഗമായുള്ള പ്രവൃത്തികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ എട്ട് കോടി രൂപ വകയിരുത്തി.

  Also Read Kerala Beach | ബ്ലൂ ഫ്ലാഗ് പട്ടികയിൽ ഇടം; കാപ്പാട് ബീച്ച് ഇനി ലോക്കലല്ല, ഓൺലി ഇന്റർനാഷണൽ

  സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനത്തിനു മുന്നോടിയായി ബ്ലൂ ഫ്ളാഗ് ലഭിക്കുന്നതിനാവശ്യമായ പ്രവൃത്തികള്‍ കാപ്പാട് ബീച്ചില്‍ പൂര്‍ത്തീകരിച്ചിരുന്നു. ബീച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പരിസ്ഥിതി സൗഹൃദപരമാണെന്ന് ആഹ്വാനം ചെയ്യുന്നതിനായി 'അയാം സേവിംഗ് മൈ ബീച്ച്' പതാക ഉയര്‍ത്തിയതിനൊപ്പം അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച് ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തു.

  കാപ്പാട് തീരം എപ്പോഴും വൃത്തിയുള്ളതാക്കി മാറ്റാന്‍ 30 വനിതകളാണ് ശുചീകരണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. തീരത്തെ ചപ്പുചവറുകളെല്ലാം ദിവസവും ഇവര്‍ നീക്കം ചെയ്യുകയും പ്രദേശം വൃത്തിയാക്കുകയും ചെയ്യുന്നു. കാപ്പാട് വാസ്‌കോഡ ഗാമാസ്തൂപത്തിന് സമീപത്തുനിന്ന് വടക്കോട്ട് 500 മീറ്റര്‍ നീളത്തില്‍ വിവിധ വികസന പ്രവൃത്തികള്‍ നടത്തി. മികച്ച ടോയ്‌ലെറ്റുകള്‍, നടപ്പാതകള്‍, ജോഗിങ് പാത്ത്, സോളാര്‍ വിളക്കുകള്‍, ഇരിപ്പിടങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കുകയും കുളിക്കാനായി തീരത്തുനിന്നും 200 മീറ്റര്‍ നീളത്തില്‍ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു.

  Also Read Blueflag certificate | കോഴിക്കോട് കാപ്പാട് ഉൾപ്പെടെ രാജ്യത്തെ എട്ട് ബീച്ചുകൾക്ക് ബ്ലൂ ഫ്ലാഗ് അംഗീകാരം; എന്താണ് ഈ പദവി?

  കടലില്‍ കുളി കഴിഞ്ഞെത്തുന്നവര്‍ക്ക് ശുദ്ധവെള്ളത്തില്‍ കുളിക്കാനും വസ്ത്രം മാറാനും സൗകര്യമുണ്ട്. തീരത്തെ കടല്‍വെള്ളം വിവിധ ഘട്ടങ്ങളില്‍ പരിശോധിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. ഓരോ ദിവസത്തെയും തിരമാലകളുടെയും കാറ്റിന്റെയും ശക്തി, അപായ സാധ്യതകള്‍ എന്നിവ ബീച്ചില്‍ പ്രദര്‍ശിപ്പിക്കും. സൊസൈറ്റി ഓഫ് ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് (സൈക്കോ) എന്ന സ്ഥാപനമാണ് ബ്‌ളൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്.

  ആദ്യമായി എട്ട് ഇന്ത്യന്‍ കടല്‍ത്തീരങ്ങള്‍ക്ക് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതില്‍ ഒന്നാകാന്‍ കാപ്പാടിനു കഴിഞ്ഞത് വിനോദസഞ്ചാരത്തിനും പരിസ്ഥിതി സംരക്ഷണത്തിനും കേരളം നല്‍കുന്ന പ്രാധാന്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഗുജറാത്തിലെ ശിവരാജ്പൂര്‍, ഡിയുവിലെ ഘോഗ്ല, കര്‍ണാടകയിലെ പദുബിദ്രി, ആന്ധ്രാപ്രദേശിലെ റുഷികോണ്ട, ഒഡീഷയിലെ പുരി ഗോള്‍ഡന്‍, ആന്‍ഡമാന്‍ - നിക്കോബാര്‍ ദ്വീപുകളിലെ രാധനഗര്‍ എന്നിവയാണ് ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുത്ത മറ്റു ബീച്ചുകള്‍.
  Published by:user_49
  First published: