• HOME
  • »
  • NEWS
  • »
  • kerala
  • »
  • വനം കൊള്ള: വിവാദ ഉത്തരവ് റവന്യൂ മന്ത്രിയുടെ അറിവോടെ; നിയമവകുപ്പിന്റെ അനുമതി നേടാതെയെന്ന് ഫയലുകൾ

വനം കൊള്ള: വിവാദ ഉത്തരവ് റവന്യൂ മന്ത്രിയുടെ അറിവോടെ; നിയമവകുപ്പിന്റെ അനുമതി നേടാതെയെന്ന് ഫയലുകൾ

താൻ അറിഞ്ഞു കൊണ്ടു തന്നെയാണ് ഉത്തരവിറക്കിയതെന്ന് ഇ. ചന്ദ്രശേഖരൻ ന്യൂസ് 18 നോടു പറഞ്ഞു

വനം കൊള്ള വിവാദം: ഫയലുകൾ പുറത്ത്

വനം കൊള്ള വിവാദം: ഫയലുകൾ പുറത്ത്

  • Share this:
    തിരുവനന്തപുരം: വനം കൊള്ളയിലേക്കു നയിച്ച റവന്യു വകുപ്പിൻ്റെ വിവാദ ഉത്തരവ് അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ്റെ അറിവോടെയെന്ന് വ്യക്തമാക്കുന്ന ഫയലുകളുടെ പകർപ്പ് പുറത്ത്. ഉത്തരവുമായി ബന്ധപ്പെട്ട കറന്റ് ഫയലിന്റെയും നോട്ട് ഫയലിന്റെയും പകർപ്പാണ്  പുറത്തുവന്നത്.

    നിയമവകുപ്പിൻ്റെ അഭിപ്രായം തേടാതെയാണ് വിവാദ ഉത്തരവിറക്കിയതെന്നും ഫയലുകൾ വ്യക്തമാക്കുന്നു. എന്നാൽ താൻ അറിഞ്ഞു കൊണ്ടു തന്നെയാണ് ഉത്തരവിറക്കിയതെന്ന് ഇ. ചന്ദ്രശേഖരൻ ന്യൂസ് 18 നോടു പറഞ്ഞു. ഉത്തമ ബോധ്യത്തോടെ ഇറക്കിയ ഉത്തരവാണ്. അതിനു വ്യക്തമായ കാരണങ്ങളുമുണ്ട്. കർഷകർക്കു വേണ്ടിയുള്ള ഉത്തരവ് ആരെങ്കിലും ദുരുപയോഗിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരേയാണ് നടപടി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.



    വിവാദ ഉത്തരവുമായി ബന്ധപ്പെട്ട ഫയൽ നീക്കത്തിൻ്റെ വിശദാംശങ്ങൾ ഇപ്രകാരമാണ്.

    #കട്ടമ്പുഴ വനമേഖലയിലെ കർഷകർ അവർ നട്ടു വളർത്തിയ മരങ്ങൾ മുറിക്കുന്നതിനുള്ള അനുമതി തേടി സർക്കാരിന് എംഎൽഎമാർ അടക്കമുള്ളവരെ നിവേദനങ്ങൾ ലഭിക്കുന്നു.

    #ഇതിന്റെ അടിസ്ഥാനത്തിൽ 27/06/2019 തീയതിയിൽ വനം മന്ത്രി യോഗം വിളിച്ചു.

    #പട്ടയ ഭൂമിയിൽ കർഷർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിനു വനം വകുപ്പ് എതിരല്ല. എന്നാൽ ചന്ദനം, തെക്ക്, ഈട്ടി, കരിമരം എന്നിവ മുറിക്കാൻ സാധിക്കില്ല എന്നും ഇത് സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാണ് എന്നും വനം വകുപ്പ് നിലപാടെടുത്തു. തുടർന്ന് റവന്യു വകുപ്പിന്റെ അഭിപ്രായം അറിയാൻ നിർദ്ദേശിച്ചു

    # 03/09/2019 നു റവന്യു മന്ത്രിയുടെ നേതൃത്വത്തിൽ മറ്റൊരു യോഗം ചേർന്നു. ഈ യോഗത്തിലും വനം വകുപ്പ് മേധാവി  ചന്ദനം, തേക്ക്, ഈട്ടി, കരിമരം എന്നിവ മുറിക്കാൻ സാധിക്കില്ല എന്ന വാദം ആവർത്തിച്ചു. ഈ യോഗത്തിൽ പട്ടയം ലഭിച്ച "ശേഷം" കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിനു ഭൂപതിവ് ചട്ടം 1964 ഭേദഗതി വരുത്താൻ തീരുമാനിച്ചു. ഇതിൽ നിയമവകുപ്പിന്റെയും അഡിഷണൽ എജിയുടെയും അഭിപ്രായം സ്വരൂപിച്ച് ശുപാർശ ഉൾപ്പെടുത്തി സമർപ്പിക്കാൻ 21/10/19 നു മന്ത്രി ഇ. ചന്ദ്രശേഖരൻ ഉത്തരവിട്ടു.

    #എന്നാൽ ഇത് നിയമപരമായി നിലനിൽക്കില്ലെന്നും 2017 ലെ ഭേദഗതി പ്രകാരം ചന്ദനം, തേക്ക്, ഈട്ടി, കരിമരം എന്നിവ മുറിക്കാൻ സാധിക്കില്ലെന്നും ഉദ്യോഗസ്ഥർ ഫൈലിൽ കുറിച്ചു. പട്ടയ ഭൂമിയിൽ കർഷകർ നട്ടുവളർത്തിയതും സ്വമേധയാ കിളിർത്തുവന്നതുമായ മരങ്ങൾ മുറിക്കുന്നതു സംബന്ധിച്ച വ്യക്തത വരുത്താൻ റവന്യു വകുപ്പ് 11/03/2020ന് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇത് പ്രകാരം ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളും മുറിക്കാം എന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. എന്നാൽ ഇതെല്ലാം മറികടന്നുകൊണ്ടാണ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉത്തരവ് ഇറക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്.

    നിയമ വകുപ്പിന്റെയും അഡിഷണൽ എ ജിയുടെ ഉപദേശം വാങ്ങണം എന്ന് പറഞ്ഞ മന്ത്രി തന്നെ അത് ചെയ്യാതെ ഉത്തരവിന് നിർദ്ദേശം നൽകുകയായിരുന്നു. ഇത് നിയമപരമായി നിലനിൽക്കില്ലെന്നും 2017 ലെ ഭേദഗതി പ്രകാരം ചന്ദനം, തേക്ക്, ഈട്ടി, കരിമരം എന്നിവ മുറിക്കാൻ സാധിക്കില്ല എന്ന് ഉദ്യോഗസ്ഥർ ഫൈലിൽ കുറിച്ചു. അത് പരിഗണിക്കാതെയും നിയമോപദേശം തേടാതെയുമായിരുന്നു വിവാദ ഉത്തരവ്.
    Published by:user_57
    First published: