തിരുവനന്തപുരം: ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എണ്ണക്കപ്പലിന് തീപിടിച്ചതിനെത്തുടർന്ന് കേരള തീരത്തും അതീവ ജാഗ്രത. കപ്പലിൽ നിന്ന് എണ്ണച്ചോർച്ച ഉണ്ടായാൽ കേരള തീരത്ത് അപകട സാധ്യതയുണ്ടോ എന്നറിയാൻ സംസ്ഥാന സർക്കാർ ദേശീയ സമുദ്രഗവേഷണ കേന്ദ്രത്തിന്റെ (ഇൻകോയിസ്) സഹായംതേടി. മുൻകരുതൽ നടപടികൾക്ക് മലിനീകരണ നിയന്ത്രണ ബോർഡിനും നിർദേശം നൽകി.
കപ്പലിൽ നിന്ന് എണ്ണച്ചോർച്ചയുണ്ടായാൽ ഒഴുക്കിന്റെയും കാറ്റിന്റെയും ഗതിക്കനുസരിച്ച് അധികം വൈകാതെ തന്നെ കേരള തീരംവരെ എത്തും. 600 കിലോമീറ്ററോളം കടൽത്തീരമുള്ളതിനാൽ കേരളത്തെയാകെ ഇത് ബാധിക്കും. മത്സ്യ സമ്പത്ത്, പരിസ്ഥിതി എന്നിവയ്ക്കായിരിക്കും നാശം സംഭവിക്കുക. വൻതോതിലുള്ള എണ്ണച്ചോർച്ച പ്രതിരോഘിക്കാൻ നിലവിൽ സംവിധാനങ്ങളൊന്നുമില്ല.
ശ്രീലങ്കയുടെ കിഴക്കൻ തീരത്തെ ബാട്ടിക്കോളയ്ക്കടുത്ത് കൽമുനെയിൽ നിന്ന് 28 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്. ഇന്നലെ നടന്ന അപകടത്തിൽ ഒരാൾ മരിച്ചു. 22 പേരെ രക്ഷപ്പെടുത്തി. രണ്ടുതവണ കപ്പലിൽ സ്ഫോടനമുണ്ടായി. ആദ്യ സ്ഫോടനത്തിനുശേഷം തീ നിയന്ത്രണവിധേയമായിക്കഴിഞ്ഞാണ് രണ്ടാമത്തെ സ്ഫോടനം. ഇതുവരെ എണ്ണച്ചോർച്ച റിപ്പോർട്ട് ചെയ്തിട്ടില്ല. ശ്രീലങ്കൻ നാവികസേനയുടെ നേതൃത്വത്തിൽ മൂന്നു കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ശൗര്യ, സാരംഗ്, സമുദ്ര എന്നീ കപ്പലുകളും ഡോണിയർ വിമാനങ്ങളും രക്ഷാപ്രവർത്തനത്തിന് അയച്ചു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.