ഏപ്രിൽ 9 വരെ കെട്ടിട നിര്‍മ്മാണത്തിനായി ഓൺലൈനായും ഓഫ് ലൈനായും സമര്‍പ്പിച്ച എല്ലാ അപേക്ഷകള്‍ക്കും പഴയ പെര്‍മ്മിറ്റ് ഫീസ് നിരക്കായിരിക്കും ബാധകമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഇക്കാര്യത്തിലെ അവ്യക്തത സംബന്ധിച്ച് നിരവധി അപേക്ഷകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിര്‍ദേശപ്രകാരമുള്ള നടപടി. ഏപ്രിൽ 10 മുതലുള്ള അപേക്ഷകള്‍ക്ക് പുതുക്കിയ നിരക്കാകും ബാധകമാവുക.
വാര്‍ഷിക പദ്ധതി അവസാനിക്കുന്ന ഘട്ടമായതിനാൽ പല ഓഫീസുകളിലും മാര്‍ച്ച് മാസത്തിൽ സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിക്കുന്നത് ഏപ്രിൽ ആദ്യത്തേക്ക് നീണ്ടിരുന്നു. ചില ഓഫീസുകളിൽ അപേക്ഷകള്‍ മാര്‍ച്ച് മാസം അവസാനം സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്. ഇക്കാര്യങ്ങള്‍ നിരവധി പേര്‍ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
ഇത് പരിഗണിച്ചാണ് പ്രശ്നപരിഹാരത്തിന് മന്ത്രി നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റുകള്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഈടാക്കുന്ന പെര്‍മ്മിറ്റ് ഫീസ് പുതുക്കിയത് ഏപ്രിൽ 10നായിരുന്നു. എന്നാല്‍ ഏപ്രിൽ 10ന് മുൻപ് ലഭിച്ച അപേക്ഷകളിൽ പെര്‍മ്മിറ്റ് ഫീസ്/ അപേക്ഷാ ഫീസ്/സ്ക്രൂട്ട്നി ഫീസ്/ക്രമവത്കരണ ഫീസ് എന്നിവ പുതുക്കിയ നിരക്കാണോ പഴയ നിരക്കാണോ ബാധകമാവുകയെന്ന കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നു. ഇത് വ്യക്തമാക്കാനാണ് പുതുക്കിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Building permit, Kerala