• HOME
  • »
  • NEWS
  • »
  • kerala
  • »
  • OMISSION OF AUTHORITARIAN TERMS IN LETTERS TO PUBLIC SUGGESTED BY DEPARTMENT OF ADMINISTRATIVE REFORMS MM TV

പൊതുജനങ്ങൾക്ക് നൽകുന്ന കത്തുകളിൽ  അധികാരപ്രയോഗമുള്ള പദങ്ങൾ ഒഴിവാക്കണമെന്ന് ഭരണപരിഷ്ക്കാര വകുപ്പ്

പാലക്കാട് സ്വദേശി ബോബൻ മാട്ടുമന്ത പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
പൊതുജനങ്ങളുമായി ബന്ധപ്പെട്ട കത്തുകളിൽ പരമാവധി സൗഹൃദ പദങ്ങൾ ഉപയോഗിക്കണമെന്ന് ഉദ്യോഗസ്ഥ-ഭരണ പരിഷ്ക്കാര വകുപ്പിൻ്റെ നിർദ്ദേശം. ഒറ്റപ്പാലം സബ് കലക്ടറുടെ കത്തിലെ ഭാഷാ പ്രയോഗത്തിനെതിരെ സംസ്കാര സാഹിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത നൽകിയ പരാതിയെ തുടർന്നാണ് നടപടി.

സ്വാതന്ത്രസമര പോരാട്ടങ്ങളുടെ ചരിത്രമുള്ള ഒറ്റപ്പാലം കോടതി പൊളിച്ച് പുതിയത് നിർമ്മിക്കാനൊരുങ്ങുന്നുവെന്ന് കേട്ടപ്പോഴാണ് പാലക്കാട് സ്വദേശി ബോബൻ മാട്ടുമന്ത ഇത് ചരിത്ര സ്മാരകമായി നിലനിർത്തണമെന്നാവശ്യപ്പെട്ട് ഒറ്റപ്പാലം സബ് കളക്ടർക്ക് ഒരു നിവേദനം കൊടുത്തത്. ഈ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം ആർ.ഡി.ഒ. നൽകിയ കത്താണ് പരാതിയ്ക്ക് കാരണമായത്.

കത്തിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു. "താങ്കളുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ താങ്കളെ 25.06. 2021 ന് രാവിലെ 11 മണിയ്ക്ക് നേരിൽ കേൾക്കുന്നതിന് തീരുമാനിച്ചിട്ടുള്ളതാണ്. മേൽ സാഹചര്യത്തിൽ താങ്കൾ കൃത്യമായും ഈ കാര്യാലയത്തിൽ നേരിൽ ഹാജരാകേണ്ടതാണ്."

കത്ത് വായിച്ച ബോബൻ മാട്ടുമന്തയ്ക്ക് തോന്നിയത് താനെന്തോ തെറ്റ് ചെയ്തുവെന്നാണ്. കൃത്യമായി ഹാജരായില്ലെങ്കിൽ എന്തോ നടപടിയുണ്ടാവും എന്ന ധ്വനി കത്തിലുണ്ടെന്നും ഇത് അധികാര പ്രയോഗമാണെന്നും ബോബൻ പറയുന്നു.

ഒരു നിവേദനം കൊടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ തൻ്റെ സമയം പരിഗണിക്കാതെ ആർ.ഡി.ഒ. ഏകപക്ഷീയമായി സമയം നിശ്ചയിച്ചതിനെതിരെയും ബോബൻ മാട്ടുമന്ത പരാതിപ്പെട്ടു. ജില്ലാ കളക്ടർക്കാണ് ആദ്യം പരാതി നൽകിയത്. മറുപടി ഇല്ലാതെ വന്നതോടെ ഉദ്യോഗസ്ഥ- ഭരണപരിഷ്കാര വകുപ്പിന് വീണ്ടും പരാതി നൽകി. ഒടുവിൽ ആ മറുപടി ലഭിച്ചു.

പൊതുജനങ്ങളുമായി ബന്ധപ്പെട്ട കത്തുകളിൽ കഴിയുന്നിടത്തോളം സൗഹൃദപരമായ പദങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിയ്ക്കണമെന്ന് ആർ.ഡി.ഒയ്ക്ക് നിർദ്ദേശം നൽകിയെന്നും സർക്കാർ തലത്തിൽ ഉപയോഗിക്കേണ്ട ഭാഷാപ്രയോഗങ്ങളിൽ കാലാനുസൃതമായ മാറ്റം വരുത്താനുള്ള നടപടികൾ പരിഗണനയിലാണെന്നും വ്യക്തമാക്കുന്നതായിരുന്നു കത്ത്.



1983 ലാണ് ഭരണഭാഷ പ്രായോഗങ്ങളെക്കുറിച്ചുള്ള കൈപുസ്തകം പ്രസിദ്ധീകരിച്ചത്. അതിൽ അധികാര പ്രയോഗങ്ങളുള്ള പദങ്ങൾക്ക് പകരം കൂടുതൽ സൗഹൃദപരമായ പദങ്ങൾ ഉൾപ്പെടുത്തുമെന്നാണ് അധികൃതർ അറിയിച്ചത്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായിട്ടും ഭരണഭാഷകളിൽ കാലാനുസൃതമായ മാറ്റങ്ങൾ ഇല്ലാത്തത് വിമർശനത്തിന് കാരണമായിട്ടുണ്ട്.

സർക്കാർ ഉദ്യോഗസ്ഥർ ജനങ്ങളുടെ സേവകരായി വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും ജനങ്ങളുടെ യജമാനൻമാരെപ്പോലെ പെരുമാറുന്നുവെന്ന് മുൻപും വിമർശനമുയർന്നിട്ടുള്ളതാണ്.
നിവേദനം നൽകുന്ന സാധാരണക്കാരോട് പോലും അധികാരത്തിൻ്റെ ഭാഷയിൽ മറുപടി നൽകുന്നത് സാധാരണയാണ് എന്ന തരത്തിൽ പരാതി ഉയർന്നിട്ടുണ്ട്. അതേസമയം, ജനങ്ങൾ ഒരു അപേക്ഷ നൽകുമ്പോൾ പോലും 'വിനീതമായി അപേക്ഷിയ്ക്കുന്നുവെന്നാണ്' രേഖപ്പെടുത്തുക.

എന്നാൽ ജനങ്ങളുമായി സംവദിക്കുന്നതിൽ ഉദ്യോഗസ്ഥർ അധികാര സ്വരത്തിലുള്ള പ്രയോഗങ്ങൾ ഒഴിവാക്കണമെന്ന ആവശ്യമുയർന്നിട്ട് ഏറെ നാളായിട്ടുണ്ടെങ്കിലും ആരും പരാതി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബോബൻ മാട്ടുമന്ത പരാതി നൽകിയത്. ഈ പരാതിയോട് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതിൻ്റെ സന്തോഷത്തിലാണ് ബോബൻ.

Summary: Omission of authoritarian terms in letters to public suggested by Department of Administrative Reforms
Published by:user_57
First published:
)}