തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ സംഭവവികാസങ്ങള്‍ കേരളത്തിന് ആകെ അപമാനകരമാണെന്നും ഇതേക്കുറിച്ച് അടിയന്തരമായി ജുഡീഷ്യല്‍ അന്വേഷണം ഉണ്ടാകണമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സംഭവങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞു നില്‍ക്കാന്‍ ആകില്ല. കാരണം യൂണിവേഴ്‌സിറ്റി കോളജില്‍ പല അരുതാത്ത കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടപ്പോള്‍ 1992ല്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്റെയും വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ് ബഷീറിന്റെയും പൂര്‍ണ്ണമായ പിന്തുണയോടുകൂടി 92 ലെ ബജറ്റില്‍ യൂണിവേഴ്‌സിറ്റി കോളജിലെ ഡിഗ്രി ക്ലാസുകള്‍ കാര്യവട്ടത്തൊരു പുതിയ ഗവണ്‍മെന്റ് കോളേജ് തുടങ്ങി അങ്ങോട്ട് മാറ്റാന്‍ തീരുമാനിച്ചു.
കാര്യവട്ടത്ത് യൂണിവേഴ്‌സിറ്റി കോളജിനുള്ള സ്ഥലം അനുവദിച്ച് എല്ലാ സൗകര്യങ്ങളോടുംകൂടിയുള്ള ഡിഗ്രി കോളേജ് തുടങ്ങുന്നതിനുളള നടപടി ആരംഭിച്ചു. യൂണിവേഴ്‌സിറ്റി കോളേജ് കൂടുതല്‍ വളര്‍ച്ചയോടുകൂടി വിദ്യാഭ്യാസ രംഗത്തെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആക്കാനാണ് തീരുമാനിച്ചത്. ഏതാണ്ട് 18 വിഷയങ്ങളില്‍ എം.ഫിലും പിഎച്ച്.ഡിയും തുടങ്ങുന്നതിനുള്ള സൗകര്യത്തോടുകൂടി എല്ലാ സംവിധാനങ്ങളും ഒരുക്കി. അപ്പോള്‍ യൂണിവേഴ്‌സിറ്റി കോളജ് സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തുക. അവിടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പരമാവധി സൗകര്യങ്ങൾ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാക്കുക. ഡിഗ്രി കോളേജ് കാര്യവട്ടത്ത് തുടങ്ങുക. എന്നാല്‍ 96ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ അതുമാറ്റി കാര്യവട്ടത്തെ കോളേജ് നിലനിര്‍ത്തിക്കൊണ്ട് ഡിഗ്രി ക്ലാസുകള്‍ ഇവിടെ തുടങ്ങാന്‍ തീരുമാനിച്ചു. അതിനുശേഷമാണ് വളരെ അപമാനകരമായ സംഭവങ്ങളാണ് അരങ്ങേറിയിട്ടുള്ളത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 187 വിദ്യാർത്ഥികൾ ടി.സി വാങ്ങിപ്പോകുക, ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിക്കുക എന്നിവ കൂടാതെ നിരവധി അക്രമങ്ങള്‍ ഒന്നിന് പുറകെ ഒന്നായി തുടരുന്നു. അതിനാല്‍ ഇപ്പോഴത്തെ സംഭവങ്ങളില്‍ സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായത് ഉത്തരവാദിത്തമില്ലാത്ത നടപടിയാണ്. യൂണിവേഴ്‌സിറ്റി കോളജിനെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് കഴിഞ്ഞ യുഡി.എഫ് കൈക്കൊണ്ട നടപടികളെയും മാര്‍ക്‌സിറ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ എസ്.എഫ്.ഐ പരാജയപ്പെടുത്തി. ഇന്നിപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന കാര്യങ്ങള്‍ അതീവ ഗുരുതരമാണ്. സര്‍ക്കാര്‍ കോളേജുകളിലെ അഡ്മിഷന്‍ സംവിധാനം കേരളത്തില്‍ കുറ്റമറ്റ രീതിയിലാണ്. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന പരാതി അഡ്മിഷനില്‍ മെറിറ്റ് ഇല്ലാത്ത ആളുകളും കടന്നുകൂടിയിരിക്കുന്നു. മെറിറ്റിനെ മറികടക്കാന്‍ ചില തന്ത്രങ്ങള്‍ ചെയ്തിരിക്കുന്നു. യൂണിവേഴ്‌സിറ്റി പരീക്ഷാ പേപ്പറുകള്‍ യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ ഓഫീസിലും പ്രവര്‍ത്തകരുടെ വീടുകളിലും യൂണിവേഴ്‌സിറ്റ് എക്‌സാം പേപ്പറുകള്‍ കിട്ടിയിരിക്കുന്നു.
യൂണിവേഴ്‌സിറ്റിയുടെയും പി.എസ്.സിയുടെയും വിശ്വാസ്യതയ്ക്ക് കളങ്കമേറ്റിരിയ്ക്കുന്ന സംഭവവികാസങ്ങളാണ് അരങ്ങേറിയിട്ടുള്ളത്. ഇതിനൊക്കെയും മറുപടി പറയേണ്ട ബാധ്യത മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുണ്ട്. ഇപ്പോഴുണ്ടായിരിക്കുന്ന ക്രമക്കേടുകളെക്കുറിച്ച് ഒരുനിമിഷം വൈകാതെ ജുഡീഷ്യല്‍ അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.