നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഐശ്വര്യവും, സമൃദ്ധിയും നിറഞ്ഞ് ഇന്ന് തിരുവോണം ; ഓണാഘോഷങ്ങളെ പരിചയപ്പെടാം

  ഐശ്വര്യവും, സമൃദ്ധിയും നിറഞ്ഞ് ഇന്ന് തിരുവോണം ; ഓണാഘോഷങ്ങളെ പരിചയപ്പെടാം

  പൂക്കളവും, പുലികളിയും, ഓണസദ്യയും ഊഞ്ഞാലാട്ടവുമെല്ലാമായി മലയാളികള്‍ ആഘോഷത്തിന്റെ ഒരുക്കത്തിലാണ്.

  • Share this:
   ഓണം മലയാളിക്കെന്നും ഒരു ഉത്സവമാണ്. പൂക്കളവും, പുലികളിയും, ഓണസദ്യയും ഊഞ്ഞാലാട്ടവുമെല്ലാമായി മലയാളികള്‍ ആഘോഷത്തിന്റെ ഒരുക്കത്തിലാണ്.

   ഓണാഘോഷങ്ങള്‍: അത്തം മുതല്‍ പത്തു ദിനം

   ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനമായി കരുതപ്പെടുന്നത്. തൃക്കാക്കരയപ്പനെ എഴുന്നള്ളിയിരിത്താന്‍ വേണ്ടിയാണ് അത്തപൂക്കളം ഒരുക്കുന്നത് എന്നും ഐതിഹ്യമുണ്ട്.

   ചിങ്ങമാസത്തിലെ അത്തം നാള്‍ മുതല്‍ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിലാണ് വീട്ടുമുറ്റത്ത് അത്തപ്പൂക്കളം ഒരുക്കുക. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളില്‍ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളില്‍ വിവിധതരം പൂക്കള്‍ ഉപയോഗിക്കുന്നു. ആദ്യത്തെ ദിവസമായ അത്തംനാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകള്‍ മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാള്‍ മുതല്‍ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തില്‍ സ്ഥാനമുള്ളൂ.
   എന്നാല്‍ ചിലയിടങ്ങളില്‍ ഒരു നിറത്തിലുള്ള പൂവില്‍ തുടങ്ങി പത്താം ദിവസം ആകുമ്പോള്‍ പത്തു നിറങ്ങളിലുള്ള പൂക്കള്‍കൊണ്ട് പൂക്കളം ഒരുക്കുന്നു. ഉത്രാടദിനത്തിലാണ് പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുന്നത്. മൂലം നാളീല്‍ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.

   തിരുവോണനാളിലെ ചടങ്ങുകള്‍

   തിരുവോണച്ചടങ്ങുകളില്‍ വളരെ പ്രാധാന്യമുള്ളതാണ് തൃക്കാക്കരക്ഷേത്രത്തില്‍ മഹാബലി ചക്രവര്‍ത്തിയെ വരവേല്‍ക്കുന്നത്. വാമനന്റെ കാല്‍പാദം പതിഞ്ഞ ഭൂമിയെന്ന അര്‍ത്ഥത്തിലാണ് 'തൃക്കാല്‍ക്കര' ഉണ്ടായതെന്ന് ഐതിഹ്യം. പുരാതന കേരളത്തിന്റെ ആസ്ഥാന മണ്ണില്‍ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം തൃക്കാക്കരയാണ്.

   ഓണക്കോടി
   കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓണത്തോടനുബന്ധിച്ച് പുതുവസ്ത്രങ്ങള്‍ (കോടിവസ്ത്രം) വാങ്ങി നല്‍കുന്ന ചടങ്ങ് കേരളത്തിലങ്ങോളമിങ്ങോളം കാണപ്പെടുന്നു. കുട്ടികള്‍ക്ക് ധരിക്കാനായി വാങ്ങുന്ന ചെറിയമുണ്ടിനെ ഓണ മുണ്ട് എന്ന് വിളിക്കുന്നു. സാധാരണയായി കൈത്തറിയില്‍ കസവുകരയോടുകൂടിയ ഒറ്റമുണ്ടായിരിക്കും ഇത്.

   തൃക്കാക്കരയപ്പന്‍

   തൃശൂര്‍ജില്ലയിലെ തെക്കന്‍ ഭാഗങ്ങളില്‍ തിരുവോണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുണ്ട്. പാലക്കാട് പ്രദേശങ്ങളില്‍ ഉത്രാടം നാളില്‍ ഇത് ആരംഭിക്കും. മഹാബലിയെ വരവേല്‍ക്കുന്നതിനായി വീട്ടുമുറ്റത്തോ ഇറയത്തോ ആണ് തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുകളില്‍ കളിമണ്ണുകൊണ്ടുണ്ടാക്കിയ രൂപങ്ങള്‍ (തൃക്കാക്കരയപ്പന്‍) പ്രതിഷ്ഠിക്കുന്നു. ഇതിനെ ഓണം കൊള്ളുക എന്നും പറയുന്നു.

   ഓണക്കാഴ്ച

   ജന്മിയുമായുള്ള ഉടമ്പടി പ്രകാരം പാട്ടക്കാരനായ കുടിയാന്‍ നല്‍കേണ്ടിയിരുന്ന നിര്‍ബന്ധപ്പിരിവായിരുന്നു ഓണക്കാഴ്ച സമര്‍പ്പണം. പണ്ടുമുതല്‍ക്കേ വാഴക്കുലയായിരുന്നു പ്രധാന കാഴ്ച. കൂട്ടത്തിലേറ്റവും നല്ല കുലയായിരുന്നു കാഴ്ചക്കുലയായി നല്‍കിയിരുന്നത്. കാഴ്ചയര്‍പ്പിക്കുന്ന കുടിയാന്മാര്‍ക്ക് ഓണക്കോടിയും പുടവകളും സദ്യയും ജന്മിമാര്‍ നല്‍കിയിരുന്നു. ഇത് കുടിയാന്‍-ജന്മി ബന്ധത്തിന്റെ നല്ല നാളുകളുടെ ഓര്‍മ്മ പുതുക്കലായി ഇന്നും നടന്നുവരുന്നു. പക്ഷേ ഇന്ന് ക്ഷേത്രങ്ങളിലേക്കാണ് കാഴ്ചക്കുലകള്‍ സമര്‍പ്പിക്കപ്പെടുന്നത്. ഗുരുവായൂര്‍ അമ്പലത്തിലെ കാഴ്ച കുല സമര്‍പ്പണം പ്രസിദ്ധമാണ്.   ഓണസദ്യ

   ഓണത്തിന്റെ പ്രധാനാകര്‍ഷണം ഓണസദ്യയാണ്. കാളന്‍, ഓലന്‍, എരിശ്ശേരി എന്നിവയാണ് ഓണസദ്യയില്‍ പ്രധാന വിഭവങ്ങള്‍. അവിയലും സാമ്പാറും പിന്നീട് വന്നതാണ്. നാലുകൂട്ടം ഉപ്പിലിട്ടതാണ് കണക്ക്- കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്. പപ്പടം ഇടത്തരം ആയിരിക്കും. 10 പലക്കാരന്‍, 12 പലക്കാരന്‍ എന്നിങ്ങനെ പപ്പടക്കണക്ക്. ഉപ്പേരി നാലുവിധം- ചേന, പയര്‍, വഴുതനങ്ങ, പാവക്ക, ശര്‍ക്കരപുരട്ടിക്ക് പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും.വിളമ്പുന്നതിനും പ്രത്യേകതയുണ്ട്. നാക്കില തന്നെ വേണം ഓണസദ്യക്ക്. നാക്കിടത്തുവശം വരുന്ന രീതിയില്‍ ഇല വയ്ക്കണം. ഇടതുമുകളില്‍ ഉപ്പേരി, വലതുതാഴെ ശര്‍ക്കര ഉപ്പേരി, ഇടത്ത് പപ്പടം, വലത്ത് കാളന്‍, ഓലന്‍, എരിശ്ശേരി, നടുക്ക് ചോറ്, നിരന്ന് ഉപ്പിലിട്ടത്. മദ്ധ്യതിരുവതാംകൂറില്‍ ആദ്യം പരിപ്പുകറിയാണ് വിളമ്പാറ്. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര് നിര്‍ബന്ധം. ഇവിടെ ഓണത്തിന് മരച്ചീനിയും വറക്കാറുണ്ട്. എള്ളുണ്ടയും അരിയുണ്ടയുമാണ് മറ്റ് വിഭവങ്ങള്‍. കുട്ടനാട്ട് പണ്ട് ഉത്രാടം മുതല്‍ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. പുളിശ്ശേരിയും മോരും തോരനും സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങള്‍.

   ഓണപ്പാട്ടുകള്‍

   ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാളത്തിന് സമ്മാനിച്ചതാണ് ഓണം. കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകള്‍ പങ്കിട്ടെടുക്കുകയാണ്. ഓണത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന ഒരു ഓണപ്പാട്ട്.

   'മാവേലി നാട് വാണീടും കാലം, മാനുഷരെല്ലാരുമൊന്നുപോലെ
   ആമോദത്തോടെ വസിക്കും കാലം, ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും
   ആധികള്‍ വ്യാധികളൊന്നുമില്ല, ബാലമരണങ്ങള്‍ കേള്‍ക്കാനില്ല.
   കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ല പൊളി വചനം
   കള്ളപ്പറയും ചെറു നാഴിയും, കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.'
   Published by:Karthika M
   First published:
   )}