• HOME
 • »
 • NEWS
 • »
 • kerala
 • »
 • കന്യാകുമാരി ജില്ലയിലെ ഓണം; ഒരു സംസ്‌കൃതിക്കൊപ്പം വിസ്മൃതിയിലാകുന്ന ഓണാഘോഷ പെരുമ

കന്യാകുമാരി ജില്ലയിലെ ഓണം; ഒരു സംസ്‌കൃതിക്കൊപ്പം വിസ്മൃതിയിലാകുന്ന ഓണാഘോഷ പെരുമ

ഒരുകാലത്ത് ഏറ്റവും പ്രൗഢമായി ഓണം ആഘോഷിച്ചിരുന്ന ഈ നാട്ടില്‍ ഇന്ന് ഒരു സംസ്‌കൃതിക്കൊപ്പം ഓണപ്പെരുമയും വിസ്മൃതിയിലേക്ക് പോകുകയാണ്. കന്യാകുമാരിയിലെ ഓണാഘോഷം ഗൃഹാതുര ഓര്‍മ്മയായി മാറുന്നുവെന്ന് പ്രശസ്ത തമിഴ്-മലയാളം എഴുത്തുകാരൻ ബി. ജയമോഹന്‍ പറയുന്നു...

 • Last Updated :
 • Share this:
  ജനിച്ചു ജീവിച്ച മണ്ണില്‍ ഭ്രഷ്ടരും അന്യരുമായി മാതൃഭാഷയും സംസ്‌ക്കാരവും നഷ്ടമായി ജീവിക്കേണ്ടിവരുന്ന ഒരു ജനത. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കാന്‍ കേരളം മുറിച്ച് കന്യാകുമാരി ജില്ലയ്ക്ക് ജന്മം നല്‍കിയപ്പോള്‍ തീരാദുരിതത്തിലേക്കാണ് അവർ എടുത്തെറിയപ്പെട്ടത്. പെട്ടെന്ന് മറ്റൊരു സംസ്‌ക്കാരത്തിലേക്കും ഭാഷയിലേക്കും മാറേണ്ട അവസ്ഥയിലായി അവർ. ഒരുകാലത്ത് ഏറ്റവും പ്രൗഢമായി ഓണം ആഘോഷിച്ചിരുന്ന ഈ നാട്ടില്‍ ഇന്ന് ഒരു സംസ്‌കൃതിക്കൊപ്പം ഓണപ്പെരുമയും വിസ്മൃതിയിലേക്ക് പോകുകയാണ്. കന്യാകുമാരിയിലെ ഓണാഘോഷം ഗൃഹാതുര ഓര്‍മ്മയായി മാറുന്നുവെന്ന് പ്രശസ്ത തമിഴ്-മലയാളം എഴുത്തുകാരൻ ബി. ജയമോഹന്‍ പറയുന്നു...

  കന്യാകുമാരിയിലെ രണ്ടുതരം സംസ്‌ക്കാരങ്ങളും ഓണാഘോഷവും

  'കന്യാകുമാരി ജില്ലയില്‍ ഓണം ഇന്ന് ചില ഭാഗങ്ങളില്‍ മാത്രമേയുള്ളു. രണ്ടുതരം സംസ്‌ക്കാരം അവിടെ നിലനില്‍ക്കുന്നുണ്ട്. തോവാള, അഗസ്തീശ്വരം താലൂക്കുകളില്‍ തമിഴ് സംസ്‌ക്കാരമാണുള്ളത്. ഇവിടങ്ങളില്‍ മലയാളികള്‍ വളരെ കുറവാണ്. പണ്ട് തിരുവിതാംകൂറിന്റെ ഭാഗമായിരിക്കുമ്പോഴും ഇവിടെ ഓണാഘോഷം വളരെ കുറവാണ്. കല്‍ക്കുളം, ഇളവന്‍കോട് താലൂക്കുകളിലാണ് പണ്ടുമുതലേ ഓണം ആഘോഷിക്കുന്നത്. ഈ രണ്ടു സ്ഥലങ്ങളിലും മലയാളികള്‍ കൂടുതലാണ്. ഇതുരണ്ടും കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന ഭാഗങ്ങളാണ്. കഴിഞ്ഞ 25 കൊല്ലംകൊണ്ട് ഇവിടെയുള്ള ഇപ്പോഴത്തെ ഒരു തലമുറ തമിഴ് പഠിക്കുന്നവരും ആ സംസ്‌ക്കാരം കൂടുതലായി ഉള്‍ക്കൊള്ളുന്നവരുമായി മാറി. അതുകൊണ്ട് പൊതുവെ കേരളത്തില്‍ ഉള്ളതുപോലെ വലിയതോതിലുള്ള ഓണാഘോഷങ്ങളൊന്നും കന്യാകുമാരി ജില്ലയില്‍ ഇപ്പോള്‍ ഇല്ലെന്ന് പറയാം. ചില മലയാളി സമാജങ്ങളും എന്‍എസ്എസ് സംഘടനകളുമൊക്കെയാണ് ഇപ്പോഴും ഓണം ആഘോഷിക്കുന്നത്.
  വീടുകളില്‍ പ്രത്യേകതരം ഭക്ഷണമൊക്കെ തയ്യാറാക്കും, ക്ഷേത്രങ്ങളില്‍ ചില പൂജകളൊക്കെയുണ്ട്. അത് മാറ്റിനിര്‍ത്തിയാല്‍ ഇന്ന് ഓണം കന്യാകുമാരി ജില്ലയില്‍ ഒരു ഉത്സവം അല്ലെന്ന് വേണം പറയാന്‍. '- ജയമോഹന്‍ പറയുന്നു.

  ഊഞ്ഞാലാട്ടവും കബഡികളിയും

  'എന്റെ കുട്ടിക്കാലത്ത് വിപുലമായ ഓണാഘോഷം ഉണ്ടായിരുന്നു. ഓണം ശരിക്കുപറഞ്ഞാല്‍ ഗ്രാമീണ ജീവിതത്തിന്റെ ഭാഗമാണ്. അന്നൊക്കെ ഓണത്തോട് അനുബന്ധിച്ച ആഘോഷങ്ങള്‍ പത്തുപതിനഞ്ച് ദിവസം മുമ്പ് തുടങ്ങും. തെങ്ങിന്റെ ഓല വെട്ടി തീയിലിട്ട് വാട്ടി പന നാരും കൂടി ചേര്‍ത്ത് വലിയ വടം മുറുക്കിയുണ്ടാക്കുന്ന ഒരു പരിപാടിയുണ്ട്. അത് രണ്ട് തെങ്ങുകള്‍ക്ക് നടുവില്‍ കെട്ടി, അതില്‍ ഊഞ്ഞാല്‍ കെട്ടും. ഈ വടം ഏതാണ്ട് മൂന്നുമാസം വരെ വലിയ ഉറപ്പോടെ നില്‍ക്കും. അതില്‍ വലിയ ഊഞ്ഞാല്‍ കെട്ടി ആടുകയെന്നത് പണ്ടുകാലത്ത് വലിയൊരു ആഘോഷമായിരുന്നു. പിന്നെയുള്ളത് വലിയ കബഡി ടൂര്‍ണമെന്റുകളായിരുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ടീമുകള്‍ ഇതില്‍ പങ്കെടുത്തിരുന്നു. മൂന്നുമാസം മുമ്പേ തുടങ്ങി ഓണദിവസം ഫൈനല്‍ നടക്കുന്നതരത്തിലായിരുന്നു അത് സംഘടിപ്പിച്ചിരുന്നത്'- ജയമോഹന്‍ പറയുന്നു.

  മഹാരാജാവിന്റെ ട്രോഫി കൈക്കലാക്കാന്‍ വാശിയേറിയ പന്തുകളി

  'ഓണപ്പന്തുകളിയായിരുന്നു അക്കാലത്തെ മറ്റൊരു ഓണക്കളി. ക്രിക്കറ്റ് ബോളിനോളം വലുപ്പമുള്ള പന്ത് ഉപയോഗിച്ച് രണ്ടു ടീമായി തിരിഞ്ഞ് കാലുകൊണ്ടും കൈകൊണ്ടും തട്ടിക്കളിക്കുന്ന കളിയായിരുന്നു ഇത്. ഇരു ടീമുകളിലും 11 പേര്‍ വീതമുണ്ടായിരുന്നു. അക്കാലത്ത് വളരെ പ്രധാനപ്പെട്ട കായികവിനോദമായിരുന്നു ഇത്. നിരവധി ടൂര്‍ണമെന്റുകളും സംഘടിപ്പിച്ചിരുന്നു. പ്രധാനപ്പെട്ട ടൂര്‍ണമെന്റില്‍ വിജയിക്കുന്നവര്‍ക്ക് തിരുവിതാംകൂര്‍ മഹാരാജാവ് ഏര്‍പ്പെടുത്തിയ ട്രോഫിയാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇന്ന് അതില്ല. അത് അന്യംനിന്നുപോയി. അന്ന് ആ ട്രോഫി കൈക്കലാക്കുകയെന്നത് വലിയ കാര്യമായിരുന്നു. മഞ്ഞാലുംമൂട്, തിരുവരമ്പ്, മുഴുക്കോട്, കാട്ടാക്കട അങ്ങനെ പല ടീമുകളുണ്ടായിരുന്നു. കാട്ടാക്കട ടീമൊക്കെ അന്ന് വളരെ ശക്തമായ ഓണപ്പന്തുകളി ടീമായിരുന്നു. ആ കളി തന്നെ ഇപ്പോള്‍ ഇല്ലാതായിപ്പോയി'- ജയമോഹന്‍ പറയുന്നു.

  ഇന്നൊക്കെ എന്ത് ഓണം!

  'ഓണത്തിന് വൈകുന്നേരങ്ങളില്‍ നാടകം ഉള്‍പ്പടെയുള്ള കലാപരിപാടികളുണ്ടായിരുന്നു. ഒരുപാട് ചെറിയ വായനശാലകളുണ്ടായിരുന്നു. അവരാണ് ഇന്ന് ഓണാഘോഷം സംഘടിപ്പിച്ചിരുന്നത്. മലയാളം കഥാപ്രസംഗങ്ങളും നാടകങ്ങളുമൊക്കെ ഉണ്ടാകാറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതൊന്നുമില്ല. വിപുലമായ ആഘോഷങ്ങളൊക്കെ ഇല്ലാതായി മാറി. ഇന്ന് ക്ലബുകളുടെ ചെറിയ തോതിലുള്ള ആഘോഷമായി ഇത് ചുരുങ്ങി. വീടുകളിലാണ് ഇന്നത്തെ ആഘോഷങ്ങള്‍. ഈ ആഘോഷങ്ങളൊക്കെ ചെറുപ്പക്കാരുടേതാണല്ലോ. കന്യാകുമാരി ജില്ല എന്ന് പറയുന്നത് ഏതാണ്ട് കേരളത്തിലെ ഗ്രാമങ്ങളെപ്പോലെയാണ്. ഇവിടുത്തെ ചെറുപ്പക്കാര്‍ക്ക് ജോലിയൊന്നുമില്ല. പഠിച്ചുകഴിഞ്ഞാല്‍ ചെറുപ്പക്കാര്‍ മദ്രാസിലോ ബാംഗ്ലൂരിലെ അമേരിക്കയിലോ ഒക്കെയായിരിക്കും. അവരാരും ഓണത്തിന് വരുന്ന പതിവുമില്ല. വീടുകളില്‍ മിക്കവാറും പ്രായമായവരായിരിക്കും ഉണ്ടാകുക, അവര്‍ വലിയതോതില്‍ ഓണം ആഘോഷിക്കുന്ന പതിവില്ല' - ജയമോഹന്‍ പറയുന്നു.

  തെക്കന്‍ തിരുവിതാംകൂറിലെ സദ്യയാണ് സദ്യ!

  'ഓണ സദ്യയില്‍ കേരളവുമായി പ്രകട വ്യത്യാസങ്ങളില്ല. തിരുവിതാംകൂറിന്റെ സദ്യയാണ് കേരളത്തിലെ ഏറ്റവും വിപുലമായ സദ്യ. തുടര്‍ച്ചയായ രാജഭരണം ഉണ്ടായിരുന്നതുകൊണ്ടാണിത്. ഞാന്‍ കേരളം മുഴുവന്‍ സദ്യകള്‍ കഴിച്ചിട്ടുണ്ടെങ്കിലും, തിരുവിതാംകൂറിലേത് പോലെ പ്രത്യേകിച്ചും കന്യാകുമാരി ജില്ലയിലൊക്കെ ഉണ്ടായിരുന്നതുപോലെയുള്ള വലിയ സദ്യകളൊന്നും കേരളത്തില്‍ മറ്റൊരിടത്തും കണ്ടിട്ടില്ല. 14 കൂട്ടം പായസമൊക്കെയുള്ള സദ്യകളൊക്കെ ഉണ്ടായിരുന്നു. വലിയ പേരുകേട്ട പാചകക്കാരുണ്ടായിരുന്നു. കന്യാകുമാരി ജില്ലയില്‍ ചില ഭാഗങ്ങളില്‍ ഗ്രാമീണര്‍ കാശ് പിരിച്ച് പൊതുവായിട്ട് പേരുകേട്ട പാചകക്കാരെ കൊണ്ടുവന്ന് ഓണസദ്യയുണ്ടാക്കുന്ന പതിവും ഇവിടെ ഉണ്ടായിരുന്നു. നല്ല ആരോഗ്യമുള്ള ആളുകള്‍ക്ക് മാത്രമെ അന്നത്തെ സദ്യ കഴിക്കാനാകുമായിരുന്നുള്ളു. ഇന്നത്തെ ആളുകള്‍ക്കൊന്നും അത്രയും വലിയ സദ്യ കഴിക്കാനുള്ള ആരോഗ്യം ഇല്ലെന്ന് തന്നെ പറയാം. കാരണം ഈ പ്രഥമന്‍ എന്നൊക്കെ പറയുന്നത്, നിറയെ തേങ്ങാപ്പാല്‍ ആണ്. അത് ഒരു പരിധിക്ക് അപ്പുറം കഴിച്ചാല്‍, ആളുകള്‍ കിടന്നുപോകും.

  ഓണമെന്നത് ഒരു കാര്‍ഷിക ജീവിതത്തിന്റെ ഭാഗമായി വരുന്ന ആഘോഷമാണ്. അത് ഒരു മോഡേണ്‍ ഓണമായിട്ട് ഇന്ന് കേരളത്തിലും മാറിയിട്ടുണ്ട്. ടിവിയിലൂടെയുള്ളതും ആധുനികമായ കച്ചവടത്തിന്റെയും കച്ചവടക്കാരുടെയുമൊക്കെ ആഘോഷമായി ഓണം മാറി. കന്യാകുമാരി ജില്ല ഇന്നും ഒരു ഗ്രാമീണമേഖലയാണ്. അതുകൊണ്ടുതന്നെ നഗരത്തിലേതുപോലെുള്ള ആഘോഷങ്ങളൊന്നും ഇവിടെയില്ല'- ജയമോഹന്‍ പറയുന്നു.

  തയ്യാറാക്കിയത്- ജി.ആർ അനുരാജ്
  First published: