HOME /NEWS /Kerala / Onam 2020| ആറന്മുള ഉതൃട്ടാതി ജലോത്സവവും വള്ളസദ്യയും; എല്ലാ കരകളുടെയും പങ്കാളിത്തം ഉറപ്പാക്കും; ഭക്തർക്ക് പ്രവേശനമില്ല

Onam 2020| ആറന്മുള ഉതൃട്ടാതി ജലോത്സവവും വള്ളസദ്യയും; എല്ലാ കരകളുടെയും പങ്കാളിത്തം ഉറപ്പാക്കും; ഭക്തർക്ക് പ്രവേശനമില്ല

News18 Malayalam

News18 Malayalam

തിരുവോണത്തോണി വരവ്, ഉത്രട്ടാതി വള്ളംകളി, അഷ്ടമിരോഹിണി വള്ളസദ്യ, എന്നിവയില്‍ ഒന്നിലും കാണികളായോ, വഴിപാടുകാരായോ, ഭക്തജനങ്ങള്‍ക്കോ, മറ്റ് പൊതുജനങ്ങള്‍ക്കോ, ആര്‍ക്കും പ്രവേശനമില്ല.

  • Share this:

    പത്തനംതിട്ട: ആറന്മുളയിൽ തിരുവോണത്തോണി വരവ് ഉതൃട്ടാതി ജലോത്സവം വള്ളസദ്യ എന്നീ ചടങ്ങുകൾക്ക് എല്ലാ കരകളുടെയും പങ്കാളിത്തം ഉറപ്പാക്കും. ഒരു പള്ളിയോടത്തിന് ആറന്മുളയിലെ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ച സാഹചര്യം കരകളുടെ കൂട്ടായ്മയാക്കാന്‍ പള്ളിയോട സേവാസംഘം തീരുമാനിച്ചു.

    എല്ലാ പള്ളിയോട കരകളുടെയും പ്രാതിനിധ്യം ഉറപ്പാക്കി തിരുവോണത്തോണി വരവ്, ഉത്രട്ടാതി വള്ളംകളി, അഷ്ടമിരോഹിണി വള്ളസദ്യ എന്നിവ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലഭ്യമായ അനുമതിയുടെ അടിസ്ഥാനത്തില്‍ നടത്തും.

    നിലയാളും തുഴക്കാരും അമരക്കാരുമായി ആകെ 24 പേര്‍ക്കാണ് പള്ളിയോടത്തില്‍ കയറുന്നതിന് അനുമതി ലഭിച്ചിരിക്കുന്നത്.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    മൂന്ന് ചടങ്ങുകളിലും ഓരോന്നിലും ഓരോ മേഖലയില്‍ നിന്നുള്ള എല്ലാ കരക്കാരും പങ്കാളികളാകും. തിരഞ്ഞെടുക്കപ്പെടുന്ന പള്ളിയോടക്കരയിലെ ആറു പേര്‍ക്കാണ് പള്ളിയോടത്തില്‍ കയറാന്‍ കഴിയുന്നത്. ബാക്കി 18 പേര്‍ മറ്റ് കരകളില്‍ നിന്നായിരിക്കും. എന്നാല്‍, ഇത്തരത്തില്‍ സന്നദ്ധരായി വരുന്നവരുടെ എണ്ണം കൂടുതലാണെങ്കില്‍ നറുക്കെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.

    ഒന്നിലധികം പളളിയോടക്കരക്കാര്‍ സന്നദ്ധരായാല്‍ അക്കാര്യവും നറുക്കെടുത്ത് തീരുമാനിക്കും. തിരുവോണത്തോണി വരവ്, ഉത്രട്ടാതി വള്ളംകളി, അഷ്ടമിരോഹിണി വള്ളസദ്യ എന്നീ മൂന്ന് ചടങ്ങുകളിലായി എല്ലാ കരകളുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് പള്ളിയോട സേവാസംഘം ഭാരവാഹികള്‍ അറിയിച്ചു.

    ഭക്തര്‍ക്കോ പൊതുജനങ്ങള്‍ക്കോ പ്രവേശനമില്ല

    തിരുവോണത്തോണി വരവ്, ഉത്രട്ടാതി വള്ളംകളി, അഷ്ടമിരോഹിണി വള്ളസദ്യ, എന്നിവയില്‍ ഒന്നിലും കാണികളായോ, വഴിപാടുകാരായോ, ഭക്തജനങ്ങള്‍ക്കോ, മറ്റ് പൊതുജനങ്ങള്‍ക്കോ, ആര്‍ക്കും പ്രവേശനമില്ല. അത്തരത്തില്‍ കൂട്ടം കൂടുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ദുരന്ത നിവാരണ വിഭാഗം നേരത്തെ തന്നെ അറിയിച്ചിട്ടുള്ളതിനാല്‍ എല്ലാ പള്ളിയോട കരകളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കരനാഥന്‍മാരെ അറിയിച്ചു.

    വിഭവസമാഹരണം ഇല്ല

    അഷ്ടമിരോഹിണി വള്ളസദ്യ ചടങ്ങ് മാത്രമായി നടത്തുന്നതിനാല്‍ സദ്യ ഒരുക്കുന്നതിന് ആവശ്യമായ വിഭവ സമാഹരണം നടത്തേണ്ടെന്ന് പള്ളിയോട സേവാസംഘം തീരുമാനം. രോഗവ്യാപനത്തിന് കാരണമാകുന്ന സാഹചര്യം പരമാവധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടികള്‍. വഴിപാട് വള്ളസദ്യ സംബന്ധിച്ച് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ സാന്നിധ്യത്തില്‍ ഒരു യോഗം കൂടി നടത്തിയ ശേഷം തീരുമാനിക്കും.

    കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ പൊതുയോഗത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഇതാദ്യമായാണ് പള്ളിയോട സേവാസംഘം പൊതുയോഗം വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയത്. എഴുപതോളം പേര്‍ യോഗത്തില്‍ പങ്കെടുത്തു.

    First published:

    Tags: Onam, Onam 2020, Onam boat race, Onam festival