ആലപ്പുഴ: മൂന്നുവര്‍ഷത്തെ ഗവേഷണത്തിനൊടുവില്‍ ഓണാട്ടുകര എള്ളിന് ഭൗമസൂചികാ പദവി (GI) ലഭിച്ചു. കേരള കാര്‍ഷിക സര്‍വ്വകലാശാലയാണ് ഭൗമസൂചികാ പദവിക്ക് വേണ്ടി അപേക്ഷിക്കാന്‍ ചുക്കാന്‍ പിടിച്ചത്.
ഓണാട്ടുകര എള്ള് ഔഷധമൂല്യത്തിനും ഗുണത്തിനും പേരുകേട്ടതാണെന്ന് കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഓണാട്ടുകര മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ (ORARS) അസിസ്റ്റന്റ് പ്രൊഫസര്‍ ബി ലവ്ലി പറഞ്ഞു.
‘പതിനെട്ടാം നൂറ്റാണ്ട് മുതല്‍, പഴയ തിരുവിതാംകൂര്‍ രാജ്യത്തിലെ പരമ്പരാഗത ആയുര്‍വേദ വിദഗ്ധര്‍ വാതരോഗവുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ചികിത്സയ്ക്കും ചര്‍മ്മ സംരക്ഷണത്തിനും ഓണാട്ടുകര എള്ളെണ്ണ ഉപയോഗിച്ചിരുന്നു. ഓണാട്ടുകര മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ ഗവേഷണത്തില്‍ എള്ളില്‍ വിറ്റാമിന്‍ ഇ, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഈ പ്രദേശത്തെ മണ്ണിന്റെ പ്രത്യേക കാലാവസ്ഥയും പോഷകങ്ങളും എള്ളിന്റെ ഔഷധമൂല്യം വർധിപ്പിക്കുന്നു,’- ലവ്ലി പറഞ്ഞു.
കേരള കാര്‍ഷിക സര്‍വലാശാലയുടെ ഇന്റലെക്ച്വൽ പ്രോപ്പർട്ടി സെല്ലാണ് ഭൗമസൂചികാ പദവിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി പ്രവര്‍ത്തിച്ചത്. ഇത് അന്താരാഷ്ട്ര തലത്തില്‍ ഉല്‍പ്പന്നം വിറ്റഴിക്കാന്‍ പുതിയ വഴികള്‍ കണ്ടെത്താന്‍ സഹായിക്കുമെന്ന് ലവ്ലി പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മേഖലയില്‍ എള്ള് കൃഷി കുറഞ്ഞുവരികയാണ്. കൃഷി വകുപ്പും മറ്റ് ഏജന്‍സികളും ഈ പ്രതിസന്ധി മറികടക്കാനും കൃഷി വര്‍ദ്ധിപ്പിക്കാനും മുന്‍കൈയെടുത്തിട്ടുണ്ട്. ഭൗമസൂചികാ പദവി മേഖലയിലെ എള്ള് കര്‍ഷകരെ പുനരുജ്ജീവിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു.
Also read-ഗവി ബസ് കൊടുംവനത്തിൽ കുടുങ്ങി; യാത്രക്കാർ അഞ്ചു കിലോമീറ്റർ നടന്നു
ആലപ്പുഴ, കൊല്ലം, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 500-ഓളം ഹെക്ടറിലാണ് ഓണാട്ടുകര എള്ള് കൃഷി ചെയ്യുന്നത്. ഈ പ്രദേശത്തെ ശരാശരി വാര്‍ഷിക ഉത്പാദനം ഏകദേശം 150 മുതല്‍ 200 ടണ്‍ വരെയാണ്. പരമ്പരാഗത ‘അയലി’ ഇനത്തിന് പുറമെ ഓണാട്ടുകര മേഖലാ കാര്‍ഷികഗവേഷണ കേന്ദ്രം വികസിപ്പിച്ച കായംകുളം-1, തിലക്, തിലതാര, തിലറാണി എന്നീ ഇനങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.
കാര്‍ഷിക സര്‍വകലാശാല ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തില്‍ ഓണാട്ടുകര എള്ളിന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കൃഷി ചെയ്യുന്ന എള്ളിനെക്കാള്‍ ഗുണമുണ്ടെന്ന് കണ്ടെത്തിയിരുന്നു. വിറ്റാമിന്‍ ഇ, ആന്റിഓക്സിഡന്റുകള്‍ എന്നിവ കൂടാതെ, ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒലിക് ആസിഡ്, ലിനോലെയിക് ആസിഡ്, പാല്‍മിറ്റോലിക് ആസിഡ് മുതലായവയും ഓണാറ്റുകാര എള്ളില്‍ അടങ്ങിയിട്ടുണ്ട്.
ഭൗമസൂചികാ പദവി ലഭിച്ചതോടെ ഓണാട്ടുകര എള്ളിന്റെ ജനപ്രീതി വര്‍ധിക്കുകയും വിപണി മൂല്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വിലവര്‍ദ്ധന കര്‍ഷകര്‍ക്ക് ഗുണം ചെയ്യും. ഈ സാഹചര്യത്തില്‍ കൃഷിവകുപ്പും ഓണാട്ടുകര മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രവും കര്‍ഷകര്‍ക്ക് സൗജന്യമായി സാമ്പത്തിക സഹായവും വിത്തുകളും നല്കി മേഖലയിലെ എള്ള് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ എള്ളിന്റെ വില കിലോഗ്രാമിന് 200 മുതല്‍ 250 രൂപ വരെയാണ്, എണ്ണയ്ക്ക് കിലോയ്ക്ക് 500 മുതല്‍ 600 രൂപ വരെയാണ് വില. മറയൂര്‍ ശർക്കര, ചെങ്ങാലിക്കോടന് നേന്ത്രന് വാഴ, മധ്യതിരുവിതാംകൂര്‍ ശര്‍ക്കര, കൈപ്പാട് അരി ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്പന്നങ്ങള്ക്ക് ഭൗമസൂചികാ പദവി ലഭിക്കാന്‍ കേരള കാര്‍ഷിക സര്‍വലാശാലയുടെ ബൗദ്ധിക സ്വത്തവകാശ സെല്ല് മുന്‍കൈയെടുത്തിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള എട്ട് ഉല്പന്നങ്ങള്ക്ക് ഇതിനോടകം ഭൗമസൂചികാ പദവി ലഭിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.