അട്ടപ്പാടി മധു കേസിൽ പ്രതിയ്ക്ക് അനുകൂലമായി കൂറുമാറിയ വനം വകുപ്പ് വാച്ചറെ പിരിച്ചു വിട്ടു. മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ താൽക്കാലിക വാച്ചർ അനിൽ കുമാറിനെയാണ് പിരിച്ചുവിട്ടത്. മധു കേസിൽ പന്ത്രണ്ടാം സാക്ഷിയായ വനം വകുപ്പ് താൽക്കാലിക വാച്ചർ അനിൽകുമാർ പ്രതികൾക്കനുകൂല നിലപാടെടുത്തതോടെയാണ് വനം വകുപ്പ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്.
മധുവിനെ മർദ്ദിക്കുന്നത് കണ്ടിരുന്നുവെന്നാണ് അനിൽകുമാർ മണ്ണാർക്കാട് SC - ST കോടതിയിൽ നൽകിയിരുന്ന രഹസ്യമൊഴി. എന്നാൽ ഇതിന് വിരുദ്ധമായി വിസ്താര വേളയിൽ പ്രതികൾക്കനുകൂലമായി മൊഴി നൽകുകയായിരുന്നു. കൂറുമാറിയ അനിൽകുമാറിനെ പിരിച്ചുവിടണമെന്ന് മധുവിൻ്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിൽ പതിനഞ്ച് വർഷത്തോളമായി താൽക്കാലിക വാച്ചറാണ് അനിൽകുമാർ. കേസിൽ പതിനാലാം സാക്ഷിയും കൂറുമാറി. ഇനി 15, 16 സാക്ഷികളുടെ വിസ്താരമാണ് ഈയാഴ്ചയുള്ളത്.
ഇതു വരെ വിസ്തരിച്ചതിൽ ദൃക്സാക്ഷികളെല്ലാം കൂറുമാറിയത് പ്രോസിക്യൂഷനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിറ്റ്നസ് പ്രൊട്ടക്ഷൻ സമിതിയുടെ നിർദ്ദേശ പ്രകാരം സാക്ഷികൾക്ക് സംരക്ഷണം നൽകിയിട്ടും കൂറുമാറ്റം തുടരുന്നത് മധുവിൻ്റെ കുടുംബത്തെയും ആശങ്കയിലാക്കി. കേസിൽ നാലു സാക്ഷികളാണ് ഇതുവരെ കൂറുമാറിയത്. ഉണ്ണികൃഷ്ണൻ, ചന്ദ്രൻ , അനിൽകുമാർ, ആനന്ദ് എന്നിവരാണ് കൂറുമാറിയത്. മണ്ണാർക്കാട് SC - ST പ്രത്യേക കോടതിയിലാണ് വിചാരണ. ഇതോടെ കേസിൽ കൂറുമാറുന്ന മുഖ്യ സാക്ഷികളുടെ എണ്ണം നാലായി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇന്നലെ പതിമൂന്നാം സാക്ഷി കോടതിയിൽ ഹാജരായിരുന്നില്ല. ഈയാഴ്ച രണ്ടു സാക്ഷികളുടെ വിസ്താരം കൂടി നടക്കാനുണ്ട്. സാക്ഷികൾക്ക് സംരക്ഷണം നൽകിയിട്ടും കൂറുമാറ്റം തുടരുന്നത് മധുവിൻ്റെ കുടുംബത്തെ കടുത്ത ആശങ്കയിലാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.