• HOME
  • »
  • NEWS
  • »
  • kerala
  • »
  • SilverLine protest | സിൽവർലൈനിനെതിരെ സോഷ്യൽ മീഡിയാ ക്യാംപെയ്ൻ ആരംഭിക്കാൻ 'വൺ ഇന്ത്യ വൺ പെൻഷൻ'

SilverLine protest | സിൽവർലൈനിനെതിരെ സോഷ്യൽ മീഡിയാ ക്യാംപെയ്ൻ ആരംഭിക്കാൻ 'വൺ ഇന്ത്യ വൺ പെൻഷൻ'

സിൽവർലൈനിന്റെ പേരിൽ വിദേശത്തു നിന്ന് വൻതോതിൽ കൊള്ളപ്പലിശയ്ക്ക് പണം കടമെടുത്ത് കേരളത്തിലെ വരും തലമുറയെ കടക്കെണിയിലാക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്ന് 'വൺ ഇന്ത്യ, വൺ പെൻഷൻ' അഖിലേന്ത്യാ അധ്യക്ഷൻ എ.പി. ഇബ്രാഹിംകുട്ടി

K-Rail

K-Rail

  • Share this:
തിരുവനന്തപുരം: സിൽവർലൈനിനെതിരെ (SilverLine) സോഷ്യൽ മീഡിയാ ക്യാംപെയ്ൻ ആരംഭിക്കാൻ 'വൺ ഇന്ത്യ, വൺ പെൻഷൻ' സംഘടനയുടെ തീരുമാനം. യുവജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സോഷ്യൽ മീഡിയയിൽ സർക്കാർ ശ്രമിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനാണ് 'വൺ ഇന്ത്യ, വൺ പെൻഷൻ' (One India, One Pension) സംഘടനയുടെ തീരുമാനം.

സിൽവർലൈനിന്റെ പേരിൽ വിദേശത്തു നിന്ന് വൻതോതിൽ കൊള്ളപ്പലിശയ്ക്ക് പണം കടമെടുത്ത് കേരളത്തിലെ വരും തലമുറയെ കടക്കെണിയിലാക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്ന് 'വൺ ഇന്ത്യ, വൺ പെൻഷൻ' അഖിലേന്ത്യാ അധ്യക്ഷൻ എ.പി. ഇബ്രാഹിംകുട്ടി ആരോപിച്ചു. ഇത് ഒരിക്കലും അനുവദിക്കാനാവില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് ഒട്ടും യോജിച്ചതല്ല സിൽവർലൈനിന്റെ നിലവിലെ രൂപകൽപന എന്നും ഇബ്രാഹിംകുട്ടി ഓർമ്മിപ്പിച്ചു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, കൂടുതൽ കടബാധ്യത ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നത് ഒട്ടും നീതീകരിക്കാൻ കഴിയാത്തതാണ്. സിൽവർ ലൈൻ ലാഭകരമാകില്ലെന്ന് ഡി.പി.ആറിൽ പറയുന്നുണ്ട്. പൂർണ്ണ വിജയമാണങ്കിൽ പോലും പ്രതിവർഷം 150 കോടി രൂപ മാത്രമാണ് പദ്ധതിയുടെ വരുമാനം. അതിനാൽ തന്നെ ചെലവുമായി താരതമ്യം ചെയ്യുമ്പോൾ സിൽവർ ലൈൻ ലാഭത്തിലാകാൻ ദശ്ബാദങ്ങൾ വേണ്ടി വരും. അപ്പോഴേക്കും കേരളം പൂർണ്ണമായി കടക്കെണിയിലാകും. എന്നാൽ അത് ചർച്ചയാവാതിരിക്കാനാണ് ഇപ്പോൾ പൊലീസിനെ കൊണ്ട് നടത്തുന്ന അതിക്രമങ്ങൾ.

സിൽവർലൈൻ നടപ്പിലാക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരും റെയിൽവേ മന്ത്രാലയവുമാണ്. സ്ഥലം ഏറ്റെടുക്കുന്നതിനോ, വീടുകൾ പൊളിച്ചു മാറ്റുവാനോ ഒരു ഉത്തരവും കേന്ദ്ര സർക്കാരോ സുപ്രീംകോടതിയോ നൽകിയിട്ടില്ല. ഡി.പി.ആർ. തയ്യാറാക്കുന്നതിനുള്ള അനുമതി മാത്രമാണ് ഇതുവരെ കേന്ദ്രസർക്കാർ നൽകിയിട്ടുള്ളത്. എന്നാൽ അതിന്റെ മറവിൽ സ്ത്രീകളെയും കുട്ടികളെയും പൊതുവഴിയിൽ വലിച്ചിഴച്ച് സിൽവർ ലൈനിനു വേണ്ടി അടയാള കല്ലുകൾ സ്ഥാപിക്കുന്നത് അങ്ങേയറ്റം അപലപനീയവും അധികാരത്തിന്റെ അഹങ്കാരവുമാണ്. ഈ സാഹചര്യത്തിൽ സിൽവർലൈനിന് വേണ്ടി നടത്തുന്ന കല്ലിടൽ നടപടികൾ അടിയന്തിരമായി നിർത്തിവയ്ക്കണം എന്നും 'വൺ ഇന്ത്യ, വൺ പെൻഷൻ' ഭാരവാഹികൾ ആവശ്യപ്പെട്ടു.

ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളാണ് സിൽവർലൈൻ കേരളത്തിന് സമ്മാനിക്കുക. സിൽവർലൈൻ പാതയ്ക്ക് വേണ്ടി വലിയ തോതിൽ ഭൂമി മണ്ണിട്ട് ഉയർത്തേണ്ടിവരും. ഡി.പി.ആർ. പ്രകാരം ഒരു ലക്ഷത്തോളം കുടുംബങ്ങളെ വഴിയാധാരമാക്കി, ഏക്കറുകണക്കിന് കൃഷിഭൂമി നശിപ്പിക്കുകയും ചെയ്യുന്ന രൂപത്തിലാണ് നിർദ്ദിഷ്ട സിൽവർലൈൻ പദ്ധതി

സിൽവർലൈൻ പദ്ധതിക്കെതിരെ പഞ്ചായത്തുതലത്തിൽ 'വൺ ഇന്ത്യ, വൺ പെൻഷൻ' സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തലസ്ഥനാത്ത് ആദ്യ ഘട്ടമെന്ന നിലയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും.

രാജ്യത്ത് 'വൺ ഇന്ത്യ, വൺ പെൻഷൻ' പദ്ധതി നടപ്പാക്കുന്നതിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂല നിലപാടാണ് ഉള്ളതെന്നും ഇബ്രാഹിംകുട്ടി കൂട്ടിച്ചേർത്തു ആഹാരത്തിനും മരുന്നിനും വേണ്ടി 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും തുല്യ പെൻഷൻ ഉറപ്പാക്കുന്നതിന് 'വൺ ഇന്ത്യ, വൺ പെൻഷൻ' ഉടൻ നടപ്പിലാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സർക്കാർ ഇതിനായി നടപടികൾ സ്വീകരിച്ചു വരുന്നതായി മനസ്സിലാക്കുന്നു എന്നും ഇബ്രാഹിംകുട്ടി കൂട്ടിച്ചേർത്തു.
Published by:user_57
First published: