• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Education | പൊതുവിദ്യാലയങ്ങളില്‍ പുതുതായി പ്രവേശനം നേടിയത് 1.20 ലക്ഷം കുട്ടികള്‍; കൂടുതല്‍ മലപ്പുറത്ത്

Kerala Education | പൊതുവിദ്യാലയങ്ങളില്‍ പുതുതായി പ്രവേശനം നേടിയത് 1.20 ലക്ഷം കുട്ടികള്‍; കൂടുതല്‍ മലപ്പുറത്ത്

അതേസമയം, സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 1,4,10 ക്ലാസുകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിദ്യാര്‍ഥികള്‍ കുറഞ്ഞു

  • Share this:
    സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 1.20 ലക്ഷം കുട്ടികള്‍ പുതുതായി പ്രവേശനം നേടിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങളിലെ 1 മുതല്‍ 10 വരെ ക്ലാസ്സുകളിലായി ആകെ 38,32,395 കുട്ടികളാണ് ഉള്ളത്. ഇവരില്‍ ഈ അധ്യയനവര്‍ഷം ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയത് 3,03,168 കുട്ടികളാണ്. കൂടാതെ കഴിഞ്ഞ അധ്യയനവര്‍ഷം ഉണ്ടായിരുന്ന കുട്ടികള്‍ക്കു പുറമെ, പൊതുവിദ്യാലയങ്ങളില്‍ (സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്) 2 മുതല്‍ 10 വരെ ക്ലാസുകളിലായി 1,19,970 കുട്ടികള്‍ പുതുതായി വന്നു ചേര്‍ന്നു.

    ഇവരില്‍ 44,915 പേര്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും 75,055 പേര്‍ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളിലുമാണ് പ്രവേശനം നേടിയിട്ടുള്ളത്. ഇത്തരത്തില്‍ പുതുതായി പ്രവേശനം നേടിയവരില്‍ ഏകദേശം 24% കുട്ടികള്‍ അംഗീകൃത അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്നും വന്നവരും ശേഷിക്കുന്ന 76% പേര്‍ മറ്റിതര സിലബസുകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളില്‍ നിന്നുള്ളവരുമാണ്.

    സംസ്ഥാന തലത്തില്‍ പൊതുവിദ്യാലയങ്ങളില്‍ ഏറ്റവുമധികം കുട്ടികള്‍ പുതുതായി പ്രവേശനം നേടിയത് 5-ാം ക്ലാസിലും (32,545) തുടര്‍ന്ന് 8-ാം ക്ലാസിലുമാണ് (28,791) . അംഗീകൃത അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ ഈ അധ്യയന വര്‍ഷത്തെ കുട്ടികളുടെ എണ്ണം, കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ എല്ലാ ക്ലാസുകളിലും കുട്ടികളുടെ കുറവ് രേഖപ്പെടുത്തുന്നു.

    അതേസമയം, ഈ അധ്യയനവര്‍ഷത്തെ ഓരോ ക്ലാസിലെയും ആകെ കുട്ടികളുടെ എണ്ണം മുന്‍വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 1, 4, 10 ക്ലാസുകള്‍ ഒഴികെയും സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ 1, 4, 7, 10 ക്ലാസുകള്‍ ഒഴികെയും എല്ലാ ക്ലാസുകളിലും വര്‍ദ്ധനവാണുള്ളത്.

    കുട്ടികളുടെ ആകെ എണ്ണം ജില്ലാതലത്തില്‍ പരിഗണിച്ചാല്‍ ഏറ്റവും കൂടുതല്‍ കുട്ടികളുള്ളത് മലപ്പുറം (20.35%) ജില്ലയിലും ഏറ്റവും കുറവ് കുട്ടികള്‍ (2.25%) പത്തനംതിട്ട ജില്ലയിലുമാണ്. ഈ അധ്യയനവര്‍ഷത്തെ ആകെ കുട്ടികളുടെ എണ്ണം, ജില്ലാതലത്തില്‍ മുന്‍വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ഒഴികെ എല്ലാ ജില്ലകളിലും വര്‍ദ്ധനയാണ് ഉള്ളത്.

    എന്നാല്‍ സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ മലപ്പുറം ഒഴികെ എല്ലാ ജില്ലകളിലും കുറവ് രേഖപ്പെടുത്തുന്നു. 202-223 അധ്യയനവര്‍ഷം പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം യഥാക്രമം ആകെ കുട്ടികളുടെ 9.8% ഉം 1.8% ഉം ആണ്. ഈ അധ്യയനവര്‍ഷത്തെ ആകെ കുട്ടികളില്‍ 57% (21,83,908) പേര്‍ ദാരിദ്ര്യ രേഖക്ക് മുകളിലുള്ളവരും 43% (16,48,487) പേര്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുമാണ്.

    അക്കാദമിക നിലവാരം കൂടുതൽ മികവിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതിനു വേണ്ടിയുള്ള കൂടുതൽ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
    Published by:Arun krishna
    First published: