തൃശൂർ: ഏറെ കാലം നീണ്ട കാത്തിരിപ്പിനൊടുവില്‍ കുതിരാനിലെ ഒരു തുരങ്കം ഇന്ന് തുറന്നു. ദേശീയപാത 544ല്‍ വടക്കഞ്ചേരിക്കും മണ്ണുത്തിക്കും ഇടയിലാണ് കുതിരാൻ തുരങ്കപാത. തുരങ്കപാത ഇന്ന് തുറക്കുമെന്ന വിവരം കേന്ദ്ര ഉപരിതലഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നേരത്തെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. സംസ്ഥാനത്തെ ആദ്യത്തെ തുരങ്കപാതയാണ് കുതിരാനിലേതെന്ന് ഗഡ്കരി ട്വീറ്റിൽ വ്യക്തമാക്കി. 1.6 കിലോമീറ്റർ ദൈർഘ്യമുള്ള കുതിരാനിലെ തുരങ്കപാത, കേരളത്തെ തമിഴ്നാടുമായും കർണാടകയുമായി ബന്ധിപ്പിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. പീച്ചി വന്യജീവി സങ്കേതത്തിലൂടെയാണ് കുതിരാൻ തുരങ്കപാത കടന്നുപോകുന്നതെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.
970 മീറ്ററാണ് ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ നീളം. 14 മീറ്റര്‍ വീതിയിലാണ് തുരങ്കപാത നിർമ്മിച്ചിരിക്കുന്നത്. വീതിയുടെ കാര്യത്തില്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ തുരങ്കങ്ങളില്‍ ഒന്നാണ് കുതിരാന്‍. പത്ത് മീറ്ററാണ് തുരങ്കത്തിനുള്ളിലെ ഉയരം.
ഇന്ന് രാത്രി എട്ടു മണിയോടെയാണ് കുതിരാനിലെ ഒരു തുരങ്കപാത ഗതാഗതത്തിനായി തുറന്നത്. ഉടൻ തന്നെ വാഹനങ്ങൾ കടത്തിവിടുകയും ചെയ്തു. നേരത്തെ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് അനുമതി ലഭിച്ചതോടെയാണ് കുതിരാൻ ഇരട്ടതുരങ്കങ്ങളില് ഒന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കാൻ തീരുമാനിച്ചത്. ഓഗസ്റ്റ് ഒന്നിന് മുമ്പ് നിർമ്മാണജോലികൾ പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം. ഇതേ തുടർന്ന് ബുധനാഴ്ചയോടെ പ്രധാന ജോലികൾ പൂർത്തിയാക്കിയതായി കരാർ കമ്പനി അധികൃതർ വ്യക്തമാക്കിയിരുന്നു.
ഉദ്ഘാടന ചടങ്ങടക്കമുള്ള ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയാണ് കുതിരാൻ തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. കുതിരാൻ തുരങ്കപാത പൂർത്തിയായതോടെ കോയമ്പത്തൂര്‍ - കൊച്ചി പാതയിലെ യാത്രസമയം ഗണ്യമായി കുറയ്ക്കാനാകും. രണ്ടു തുരങ്കങ്ങളുടെയും നിർമ്മാണം പൂർത്തിയായ ശേഷം ഔദ്യോഗിക ഉദ്ഘാടനം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിർവ്വഹിക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം കുതിരാന്‍ തുരങ്ക വിഷയത്തില്‍ പിണറായി സര്‍ക്കാരിന്‍റെ കാലം മുതല്‍ കാര്യമായ ഇടപെടല്‍ ഉണ്ടായി എന്ന് റവന്യുമന്ത്രി കെ രാജന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉദ്ഘാടനം നടത്തുന്നത് എങ്ങനെ എന്നതല്ല, ജനങ്ങള്‍ക്ക് എത്രയും പെട്ടന്ന് ഉപയോഗയോഗ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഉദ് ഘാടനം മുഴുവന്‍ പ്രവൃത്തിയും കഴിഞ്ഞ ശേഷമാണെന്നും എന്നാല്‍ കഴിഞ്ഞ സർക്കാരിന്‍റെ കാലം മുതല്‍ കാര്യമായ ഇടപെടല്‍ ഉണ്ടായി എന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. പല പ്രശ്നങ്ങള്‍ ഉണ്ടായതിന്‍റെ പേരിലാണ് പണികള്‍ നീണ്ടു പോയത്. തുരങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ ഒരു ദിവസം പറയണം എന്ന് മുഖ്യമന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദേശീയ പാത അതോറിറ്റി എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായി ഇന്നലെയാണ് അറിയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.