• HOME
  • »
  • NEWS
  • »
  • kerala
  • »
  • കരിപ്പൂർ വിമാനദുരന്തത്തിന് ഒരാണ്ട്; അപകടത്തെ അതിജീവിച്ചവരും തീരാവേദനയിൽ

കരിപ്പൂർ വിമാനദുരന്തത്തിന് ഒരാണ്ട്; അപകടത്തെ അതിജീവിച്ചവരും തീരാവേദനയിൽ

അപകടത്തിൽ രക്ഷപ്പെട്ടെങ്കിലും മലപ്പുറം പൊന്നാനി പാലപ്പെട്ടി സ്വദേശിയായ ഷരീഫിന്റെ ജീവിതം ഒരിക്കലും പഴയ പോലെ ആകാത്ത വിധം മാറി മറിഞ്ഞു.

news18

news18

  • Share this:
കരിപ്പൂർ വിമാനാപകടം നടന്നു ഒരു വർഷം തികയുകയാണ്. 21 പേരുടെ ജീവനെടുത്ത അപകടത്തിൽ 100 ലേറെ പേർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഏഴിന് രാത്രിയാണ് കരിപ്പൂരിൽ ഐ.എക്സ് 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം  അപകടത്തില്‍പ്പെട്ടത്. വിമാനം ലാന്‍ഡിങ്ങിന് ഇടയില്‍ നിയന്ത്രണം നഷ്ടമായി റണ്‍വേയില്‍ നിന്നും താഴേക്ക് പതിച്ചാണ് ആയിരുന്നു അപകടം.

അപകടത്തിൽ രക്ഷപ്പെട്ടെങ്കിലും മലപ്പുറം പൊന്നാനി പാലപ്പെട്ടി സ്വദേശിയായ ഷരീഫിന്റെ ജീവിതം ഒരിക്കലും പഴയ പോലെ ആകാത്ത വിധം മാറി മറിഞ്ഞു. വാക്കറിൽ പിടിച്ച് രണ്ടടി വെക്കുമ്പോൾ പ്രാണൻ പോകുന്ന പോലെ വേദനയുണ്ട്. ഇടതു കാലിന്റെ ഞെരിയാണി ഭാഗത്ത് ഇട്ട കമ്പികൾ നൽകുന്ന വേദന ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു ഷരീഫിന്. വേദനകൾക്കിടയിൽ ഓർമയിൽ ശേഷിക്കുന്ന അപകട സമയത്തെ കാഴ്ചകൾ ഷരീഫ് പറഞ്ഞു തുടങ്ങി

"എന്റെ മുൻപിൽ ഉണ്ടായിരുന്ന സീറ്റ് മുതൽ ആണ് വിമാനം പൊട്ടി വേർപെട്ടത്. റൺവേയിൽ നിന്ന് തെന്നി നീങ്ങി പോയത് ഓർമയിൽ ഉണ്ട്. പിന്നീട് കണ്ണ് തുറക്കുമ്പോൾ കാണുന്നത് വിമാനത്തിന്റെ മുൻ ഭാഗം തകർന്നതാണ്. എനിക്ക് എണീക്കാൻ പറ്റുന്നില്ല. നോക്കുമ്പോൾ ആണ് ഇടത് കാൽപത്തി ഒടിഞ്ഞു തൂങ്ങിയത്  കണ്ടത്. ആകെ മരവിച്ച അവസ്ഥയിൽ വേദന അറിഞ്ഞില്ല. പിന്നീട് അടുത്ത് ഉണ്ടായിരുന്ന ഒരു യാത്രിക ആണ് പുറത്തേക്ക് വരാൻ സഹായിച്ചത്. നാട്ടുകാർ ആണ് ആശുപത്രിയിൽ കൊണ്ടുപോയത്. ഒരു ആപ്പെ ഗുഡ്സ് വണ്ടിയിൽ ആയിരുന്നു. എന്റെ കാലിലെ പൊട്ടിയ ഭാഗത്തേക്ക് വെള്ളം വീണപ്പോൾ ആണ് വേദന അറിഞ്ഞത്. ഞാൻ കരയുന്നത് കണ്ട് ഗുഡ്സ് വണ്ടിയിൽ എന്നെ കൊണ്ട് പോകുന്നവർ അവരുടെ ഉടുമുണ്ട് ഊരി വെള്ളം കാലിൽ വീഴാതെ നോക്കി".അപകടത്തിൽ ഷെരീഫിന്  ഇടതുകാൽ പാദത്തിന് ആണ് ഗുരുതരമായി പരിക്കേറ്റത്. ഞെരിയാണിക്ക് താഴെ പൊട്ടി മാറിയിരുന്നു. തലക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ചെറിയ പരിക്കുകൾ വേറെയും. കാലിന് പലവട്ടം ശസ്ത്രക്രിയകൾ നടത്തി. ഇപ്പോഴും ചികിത്സകൾ തുടരുകയാണ്. കടുത്ത വേദനയിലാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്.

"കാലിന് ശസ്ത്രക്രിയകൾ നിരവധി വട്ടം ചെയ്തിരിക്കുന്നു. രണ്ട് മാസം മുൻപ് ആയിരുന്നു ഒടുവിലത്തേത്. ഇപ്പോഴും കടുത്ത വേദന ആണ്. കാൽപ്പത്തി പഴയ പോലെ ആകുമോ എന്ന് അറിയില്ല. അപകടത്തിൽ തല ഇടിച്ചിരുന്നു. ആദ്യമൊക്കെ പലതും ഓർമ കിട്ടിയിരുന്നില്ല. എന്റെ മോളുടെ പേര് പോലും, ഇപ്പോൾ പതിയെ പതിയെ അതെല്ലാം ശരിയായി വരുന്നു ".

ഗൾഫിൽ സലൂണിൽ ആയിരുന്നു ഷരീഫ് ജോലി ചെയ്തിരുന്നത്. പക്ഷേ ചികിത്സകൾ എല്ലാം പൂർത്തിയാക്കിയാലും ആരോഗ്യം ഇനി പഴയ പോലെ ആകും എന്ന് ഇദ്ദേഹത്തിന് ഉറപ്പില്ല. ജീവിതവും.ഷരീഫ്

"അവിടെ സലൂണിൽ മണിക്കൂറുകൾ നിന്നാണ് ജോലി ചെയ്തിരുന്നത്. പക്ഷേ ഇനി അതു പോലെ ജോലി ചെയ്യാൻ ആകുമോ എന്ന് അറിയില്ല. കാരണം കാൽ പഴയ പോലെ ഇനി ഒരിക്കലും ആയേക്കില്ല. അതുകൊണ്ട് തന്നെ ഇനി എന്ത് ചെയ്യും എന്നതും ചോദ്യമാണ്. ആരോഗ്യം വീണ്ടെടുത്താലും പുതിയ തൊഴിൽ മേഖലകൾ കണ്ടെത്തേണ്ടി വരും..."

എയർ ഇന്ത്യയുമായി നഷ്ട പരിഹാര ചർച്ചകൾ പുരോഗമിക്കുകയാണ്. ചികിത്സാ ചെലവുകൾ എല്ലാം എയർ ഇന്ത്യ തന്നെ ആണ് വഹിക്കുന്നത്. ഉപജീവനം വഴി മുട്ടിയ ബാങ്ക് ലോണുകളും ബാധ്യതയും ഏറെ ഉള്ള ഷെരീഫിന് ജീവിതം തിരിച്ചു പിടിക്കാൻ  അവശേഷിച്ച ഏക പ്രതീക്ഷ  ഈ നഷ്ടപരിഹാരമാണ്.

"ചികിത്സ ചെലവുകൾ എല്ലാം എയർ ഇന്ത്യ ആണ് നോക്കുന്നത്. അതിൽ ഒന്നും ബുദ്ധിമുട്ട് ഇല്ല. പക്ഷേ നഷ്ടപരിഹാര ചർച്ചകൾ ഇപ്പോഴും പൂർത്തിയായിട്ടില്ല. ഈ അപകടം ജീവിതം മുഴുവൻ മാറ്റി മറിച്ചു. ആരോഗ്യം പൂർണമായും പഴയ പോലെ വീണ്ടെടുക്കാൻ ആകില്ല. ഇനി മറ്റൊരു തൊഴിൽ മേഖല കണ്ടെത്തണം. ശാരീരിക ബുദ്ധിമുട്ടുകൾ മറികടന്ന് വേണം ഉപജീവനമാർഗ്ഗം കണ്ടെത്താൻ. അപ്പൊൾ ജീവിതം തിരിച്ചു പിടിക്കാൻ ഉള്ള ഏക ആശ്രയം എയർ ഇന്ത്യ നൽകുന്ന ഈ നഷ്ടപരിഹാര തുക ഒന്ന് മാത്രം ആണ്. അവർ ഒരു തുക വാഗ്ദാനം ചെയ്തു. പക്ഷേ അത് കുറവാണ്. അതുകൊണ്ട് തന്നെ സമവായ ചർച്ചകൾ നടക്കുകയാണ്."

അപകടം നടന്ന് കൊല്ലം ഒന്ന് ആകുമ്പോഴും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ചികിത്സ സഹായം വാഗ്ദാനം മാത്രമായി അവശേഷിക്കുകയാണ്. ഷരീഫ് പറഞ്ഞു നിർത്തുന്നു, "അപകട സമയത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ സഹായ ധനം വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ ഒരു കൊല്ലം ആകുമ്പോഴും അതിനെ പറ്റി മാത്രം ഒരു അറിവും ഇല്ല. ഇടയ്ക്ക് വില്ലേജ് ഓഫീസിൽ നിന്ന് വിളിച്ച് ചോദിച്ചിരുന്നു. മറ്റൊന്നും ഉണ്ടായില്ല.. അന്ന് ഇടക്കാല സഹായം ആയി എയർ ഇന്ത്യ രണ്ട് ലക്ഷം രൂപ നൽകിയത് മാത്രം ആണ് ലഭിച്ചത്. ഈ രണ്ട് ലക്ഷം അന്തിമ തുകയിൽ നിന്ന് കുറയുകയും ചെയ്യും. ഒട്ടേറെ കടങ്ങൾ ഉണ്ട്. ബാങ്ക് വായ്പാ തിരിച്ചടവ് മാസങ്ങളായി മുടങ്ങി കിടക്കുകയാണ്. സർക്കാർ വാഗ്ദാനം ചെയ്ത തുക ലഭിച്ചാൽ  ഏറെ സഹായം ആയേനെ..."

അഞ്ച് വയസുകാരിയായ മകളെ ചേർത്ത് നിർത്തി ഷരീഫ് പറഞ്ഞവസാനിപ്പിച്ചു.
Published by:Naseeba TC
First published: