മലപ്പുറം: കരിപ്പൂർ വിമാന ദുരന്തത്തിന് ഇന്ന് ഒരു വർഷം. 21 പേർ മരണമടഞ്ഞ അപകടത്തിൽ 150 ഓളം പേർക്കാണ് പരിക്കേറ്റത്. അപകടം നടന്ന് ഒരു വർഷം ആകുമ്പോഴും അപകടത്തിന്റെ കാരണത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിട്ടില്ല.
2020 ആഗസ്റ്റ് 7 ന് രാത്രി എട്ടുമണിയോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ ആ ദുരന്ത വിമാനം പറന്നിറങ്ങിയത്. ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്സ് 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കനത്ത മഴയിൽ റൺ വേ കാണാതെ രണ്ട് വട്ടം ലാൻഡ് ചെയ്യാതെ പറന്നുയർന്നു. വിമാനം പിന്നീട് ലാൻഡ് ചെയ്തത് സാധാരണ ലാൻഡ് ചെയ്യാൻ ഉപയോഗിക്കാത്ത 10 റൺവേയിൽ.
റൺവേയിൽ നിന്ന് തെന്നിമാറി ചതുപ്പ് നിലവും കടന്നു 35 മീറ്ററോളം താഴേക്ക് വീണു 3 കഷ്ണമായി പിളരുകയായിരുന്നു. വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർത്ത് വിമാനത്തിന്റെ മുൻഭാഗം പുറത്തേക്ക് എത്തി. വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാർ എന്നിവരെ കൂടാതെ 19 പേരാണ് അപകടത്തില്‍ മരിച്ചത്.
165 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇതിൽ 22 പേരുടെ പരിക്ക് ഗുരുതരമായിരുന്നു. ഇവർ എല്ലാം പല തവണയാണ് ശസ്ത്രക്രിയകൾക്ക് വിധേയരായത്. അപകടത്തിന് മുൻപുള്ള ജീവിതത്തിലേക്ക് ഇവരിൽ പലർക്കും ഇനി മടങ്ങാനാവില്ല. അത്ര മാത്രം വേദന സഹിച്ചാണ് പലരും കഴിയുന്നത്.
Also Read-
ഇത്തിഹാദ്, ഫ്ളൈ ദുബായ് വിമാന സർവീസുകൾ ശനിയാഴ്ച മുതൽ യുഎഇയിലേക്ക്
കരിപ്പൂർ വിമാനാപകടം ഒരു വലിയ ദുരന്തം ആകാതിരുന്നത് പ്രദേശവാസികളുടെ സമയോചിതമായ ഇടപെടൽ കാരണം ആയിരുന്നു. കോവിഡ് ഭീതി ഇല്ലാതെ പരിക്കേറ്റവരെ കിട്ടിയ വാഹനങ്ങളിൽ ആശുപത്രിയിൽ എത്തിക്കാൻ ഈ നാട്ടുകാർ മുന്നിട്ടിറങ്ങിയിരുന്നില്ല എങ്കിൽ സാഹചര്യങ്ങൾ അതീവ ഗുരുതരം ആയേനെ.
അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഏറെ വൈകാതെ റിപ്പോർട്ട് പരസ്യപ്പെടുത്തുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചതായി ഇ ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു.
എയർ ഇന്ത്യയുടെ കണക്ക് പ്രകാരം 19 യാത്രക്കാർക്ക് ജീവൻ നഷ്ടമായി. 165 പേർക്ക് ആണ് പരിക്കേറ്റത്. ഇതിൽ 79 പേരാണ് ഇതുവരെ എയർ ഇന്ത്യ വാഗ്ദാനം ചെയ്ത തുക സ്വീകരിച്ചിട്ടുള്ളത്. മറ്റുള്ളവർ കൂടുതൽ തുക ലഭിക്കാൻ അർഹത ഉണ്ടെന്ന് അവകാശപ്പെട്ടു സമവായ ചർച്ചകളിലാണ്. ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാൻ ഈ തുക മാത്രം ആണ് ഇനി ഇവർക്ക് ബാക്കി ഉള്ളത്.
Also Read-
കരിപ്പൂർ വിമാന ദുരന്തത്തിന് ഒരാണ്ട്; വലിയ വിമാനങ്ങൾക്കുള്ള നിയന്ത്രണം ഇപ്പോഴും തുടരുന്നു
മരിച്ച 21 പേരുടെ ബന്ധുക്കൾ ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. എയർ ഇന്ത്യ നൽകിയ ഇടക്കാല ധന സഹായം അല്ലാതെ ആർക്കും ഒരു സഹായ ധനവും ലഭിച്ചിട്ടില്ല.
അപകട കാരണം എന്താണെന്ന കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. പൈലറ്റിന്റെ പിഴവ് ആണെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തുമ്പോൾ റൺ വെയിലെ വെള്ളക്കെട്ടും ലാൻഡിങ് സമയത്ത് എതിർ ദിശയിൽ നിന്ന് വീശിയ കാറ്റും അപകട കാരണം ആയെന്ന് പൈലറ്റ് അസോസിയേഷനും പറയുന്നുണ്ട്.
ഇതിലെ ദുരൂഹതയും ഊഹോപോഹങ്ങളും അവസാനിക്കാൻ കേന്ദ്ര റിപ്പോർട്ട് പുറത്ത് വരിക മാത്രമാണ് പരിഹാരം. വിമാന അപകടം യാത്രക്കാരെ മാത്രമല്ല ബാധിച്ചത്, കരിപ്പൂർ വിമാനത്താവളത്തിന്റെ ഭാവിയെ തന്നെ പ്രതിസന്ധിയിലാക്കി.
വിമാനത്താവളം വലിയ വിമാനങ്ങൾ സുരക്ഷിതമായി ഇറങ്ങാൻ സാധിക്കാത്ത ഇടം ആണെന്ന് പ്രചരണം ശരിവെക്കും വിധം കേന്ദ്രം വലിയ വിമാനങ്ങൾക്ക് ഇവിടെ ഇറങ്ങാൻ നിരോധനം ഏർപ്പെടുത്തി. അപകടത്തിന്റെ റിപ്പോർട്ട് പുറത്തു വന്നാൽ മാത്രമേ ഈ സാഹചര്യത്തിലും ഇനി മാറ്റം ഉണ്ടാകൂ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.