കോഴിക്കോട്: മൂന്ന് വര്‍ഷം മുമ്പ് ബജറ്റില്‍ അഗ്രോ പാര്‍ക്കുകള്‍ക്ക് 500 കോടി രൂപ വകയിരുത്തിയെങ്കിലും നാളികേര പാര്‍ക്കുകളുടെ പ്രാരംഭ പ്രവര്‍ത്തനം പോലും തുടങ്ങിയിട്ടില്ല. അഗ്രോപാര്‍ക്ക് പദ്ധതി സാങ്കേതിക നൂലാമാലകളില്‍ തൂങ്ങിയാടുന്നതിനിടെയാണ് ഇത്തവണത്തെ ബജറ്റില്‍ നാളികേര വികസന പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്.
കോഴിക്കോട്ടെ നാളികേര പാര്‍ക്കുകള്‍ എന്ന് ആരംഭിക്കുമെന്ന കാര്യത്തില്‍ കൃഷി വകുപ്പിന് നിശ്ചയമില്ല. വേങ്ങേരിയിലും കൂത്താളിയിലുമാണ് അഗ്രോപാര്‍ക്ക് നിര്‍മ്മാണം നടക്കേണ്ടിയിരുന്നത്. 2016-2017 വര്‍ഷത്തെ ബജറ്റിൽ 500 കോടിയാണ് അഗ്രോപാര്‍ക്ക് സ്ഥാപിക്കാനായി വകയിരുത്തിയത്. ഫണ്ടില്ലാത്തതിനാല്‍ കോഴിക്കോട്ടെ രണ്ട് നാളികേര പാര്‍ക്കിന്റെയും നിര്‍മ്മാണംപോലും ആരംഭിച്ചിട്ടില്ല.
വേങ്ങേരിയില്‍ 25 ഏക്കറില്‍ ഒരു ഭാഗത്ത് പച്ചക്കറി മൊത്തവിപണനം മാത്രം നടക്കുന്നു. പരിസരങ്ങള്‍ കാടുമൂടിയ നിലയിലാണ്. ബജറ്റ് പ്രഖ്യാപനത്തിലൊതുങ്ങിയ നിരവധി പദ്ധതികളിലൊന്നാണ് അഗ്രോ പാർക്ക് നിർമ്മാണമെന്ന് ഹരിതസേന പ്രവർത്തകൻ അഡ്വ. പ്രദീപ് കുമാർ പറയുന്നു.
മലബാറിലെ നാളികേര കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന അഗ്രോപാര്‍ക്കുകളുടെ കടലാസ് പ്രവര്‍ത്തനംപോലും എവിടെയും എത്തിയിട്ടില്ല. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയശേഷം അഗ്രോപാര്‍ക്ക് ആരംഭിക്കുമെന്ന പതിവ് പല്ലവി മൂന്ന് വര്‍ഷമായി അധികൃതര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു.
പാർക്കുകൾ സ്ഥാപിക്കാൻ നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി കൃഷി വകുപ്പ് ജോയിന്റ് ഡയറക്ടർ പി എം സലീമ അറിയിച്ചു. അഗ്രോപാര്‍ക്കുകള്‍കൊണ്ട് കര്‍ഷകര്‍ക്കും സംരഭകര്‍ക്കും ഒരുപോലെ ഗുണമുണ്ടാകുമെന്നാണ് കൃഷി വകുപ്പ് പറയുന്നത്. എന്നാല്‍ ബജറ്റ് പ്രഖ്യാപനം നടന്ന് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും കോഴിക്കോടിന്റെ സ്വപ്‌നപദ്ധതിയായ നാളികേര പാര്‍ക്കുകളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.