HOME » NEWS » Kerala » ONLINE RUMMY GAME DECLARED AS ILLEGAL IN KERALA AA

സംസ്ഥാനത്ത് ഓൺലൈൻ റമ്മി കളി നിരോധിച്ചു: വിജ്ഞാപനം ഇറങ്ങി സർക്കാർ

1960 ലെ കേരള ഗെയിമിങ് ആക്റ്റ് സെക്ഷന്‍ 14എയിലാണ് ഓണ്‍ലൈന്‍ റമ്മി കൂടി ഉള്‍പ്പെടുത്തി ഭേദഗതി വരുത്തിയത്.

News18 Malayalam | news18-malayalam
Updated: February 27, 2021, 4:40 PM IST
സംസ്ഥാനത്ത് ഓൺലൈൻ റമ്മി കളി നിരോധിച്ചു: വിജ്ഞാപനം ഇറങ്ങി സർക്കാർ
News18
  • Share this:
തിരുവനന്തപുരം: ഓൺലൈൻ റമ്മി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. നിലവിലുള്ള നിയമത്തില്‍ ഓണ്‍ലൈന്‍ റമ്മി കളിയെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് കേരള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. 1960 ലെ കേരള ഗെയിമിങ് ആക്റ്റ് സെക്ഷന്‍ 14എയിലാണ് ഓണ്‍ലൈന്‍ റമ്മി കൂടി ഉള്‍പ്പെടുത്തി ഭേദഗതി വരുത്തിയത്. ഓൺലൈൻ റമ്മി നിയന്ത്രിച്ചുകൊണ്ട് വിജ്ഞാപനമിറക്കുമെന്നു സർക്കാർ രണ്ടാഴ്ചമുൻപ് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.

ഓണ്‍ലൈന്‍ റമ്മിയും സമാനമായ ചൂതാട്ട പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്ന വെബ് പോര്‍ട്ടലുകള്‍ക്കെതിരെ ചലച്ചിത്ര സംവിധായകന്‍ പോളി വടക്കന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി നിര്‍ദേശം. ഓൺലൈൻ റമ്മി കളിയിലൂടെ നിരവധിപേർക്കു പണം നഷ്ടമായ സാഹചര്യത്തിലായിരുന്നു ഹർജി. കേസില്‍ വിവിധ ഓണ്‍ലൈന്‍ റമ്മി പോര്‍ട്ടലുകളുടെ ബ്രാന്റ് അംബാസഡര്‍മാരായ ഇന്ത്യന്‍ ക്രിക്കറ്റ് കാപ്റ്റന്‍ വിരാട് കോഹ്ലി, അഭിനേതാക്കളായ തമന്ന ഭാട്ടിയ, അജു വര്‍ഗീസ് എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

ഓൺലൈൻ റമ്മി നിരോധിച്ചുകൊണ്ട് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം.


കേരളത്തിലെ നിലവിലുള്ള നിയമം അനുസരിച്ച് പരസ്യമായി പണം വെച്ച് ചീട്ടുകളിക്കുന്നത് കണ്ടാല്‍ പോലീസിന് നിയമനടപടി സ്വീകരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അടുത്തകാലത്ത് രംഗപ്രവേശം ചെയ്ത ഓണ്‍ലൈന്‍ റമ്മി കളി ഈ നിയമപരിധിയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഈ പഴുത് മുതലെടുത്താണ് വലിയ പ്രചാരണത്തോടെ ഓണ്‍ലൈന്‍ റമ്മി ആപ്പുകള്‍ സജീവമായത്.

എന്നാല്‍ നിയമ ഭേദഗതി വന്നതോടെ ഈ ആപ്പുകള്‍ക്കെതിരെ പരാതി ലഭിക്കുന്ന മുറയ്ക്ക് പോലീസിന് നിയമനടപടി സ്വീകരിക്കാന്‍ സാധിക്കും.

ചില സംസ്ഥാനങ്ങളിൽ ഓൺലൈൻ ചൂതാട്ട ഗെയിമുകൾക്കു നിയന്ത്രണമുണ്ട്. നിയമത്തിലൂടെ നിയന്ത്രണം കൊണ്ടുവന്നാൽ, കേരളത്തിൽനിന്നുള്ളവർ ഗെയിമിങ് ആപ്പുകളിൽ റജിസ്റ്റർ ചെയ്യുമ്പോൾ കമ്പനികൾക്ക് അനുമതി നിഷേധിക്കേണ്ടിവരുമെന്ന് അധികൃതർ പറയുന്നു. എന്നാൽ, ഗെയിമിങ് കമ്പനികളുടെ സെര്‍വർ ഇന്ത്യയിലല്ലാത്തതിനാൽ നിയമനടപടികൾക്കു പരിമിതിയുണ്ടെന്നു സൈബർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി, നടി തമന്ന, നടൻ അജു വർഗീസ് എന്നിവരോടാണ് കേസ് പരിഗണിച്ചപ്പോൾ കോടതി വിശദീകരണം തേടിയത്.
Also Read- കേരളത്തിൽ ആത്മഹത്യ ചെയ്ത മലേഷ്യക്കാരന് സമർപ്പിച്ച നോവൽ കെഎസ്ഇബി കരാറുകാരും എൻജിനീയർമാരും വാങ്ങുന്നത് എന്തുകൊണ്ട് ?
 ബ്രാന്‍ഡ്‌ അംബാസിഡര്‍മാരായ താരങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുകയും മത്സരത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തു എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ചാണ്  ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി മൂന്ന് പേര്‍ക്കും നോട്ടീസ് അയക്കാന്‍ ഉത്തരവായത്‌.

നേരത്തെ നടന്‍ അജു വര്‍ഗീസിന്‍റെ റമ്മി സര്‍ക്കിള്‍ പരസ്യത്തിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. ഭാര്യയും നാലു കുട്ടികളും ഉള്ള, ടാക്സ് അടയ്ക്കാൻ വരുമാനമുള്ള അലവലാതികളുടെ വാക്കും കേട്ട് നിങ്ങളും റമ്മി കളിക്കാൻ പോയാൽ കുടുംബം വഴിയാധാരമാകുമെന്നും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടന്നുമാണ് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചത്. അജു വര്‍ഗീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച റമ്മി സര്‍ക്കിള്‍ പരസ്യത്തിന്‍റെ സ്ക്രീന്‍ ഷോട്ടും ചേര്‍ത്താണ് ഫേസ്ബുക്കിലൂടെ സന്ദീപ് വാര്യര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നത്.
Published by: Aneesh Anirudhan
First published: February 27, 2021, 4:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories