നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Sabarimala| ആദ്യദിനം ദർശനത്തിന് എത്തിയത് 4986 പേർ മാത്രം;  ബുക്കിങ് നടത്തിയിരുന്ന 20,014 പേർ മല ചവിട്ടാൻ എത്തിയില്ല 

    Sabarimala| ആദ്യദിനം ദർശനത്തിന് എത്തിയത് 4986 പേർ മാത്രം;  ബുക്കിങ് നടത്തിയിരുന്ന 20,014 പേർ മല ചവിട്ടാൻ എത്തിയില്ല 

    ആദ്യം ദിവസം കൂടുതലായി എത്തിയത് അന്ധ്രയിൽ നിന്നുമുള്ള തീർത്ഥാടകരായിരുന്നു.

    News18 Malayalam

    News18 Malayalam

    • Share this:
    ശബരിമല: ശബരിമലയിൽ (Sabarimala) ആദ്യ ദിനം മല ചവിട്ടാൻ എത്തിയത് 4986 പേർ മാത്രം. ബുക്കിങ് നടത്തിയിരുന്ന 25000 പേരിൽ 20014 പേർ ആദ്യ ദിവസം ദർശനത്തിന് എത്തിയില്ല. പ്രതികൂല കാലവസ്ഥ കണക്കിലെടുത്ത് കഴിയുന്നവർ ആദ്യ മൂന്ന് ദിവസങ്ങളിൽ ശബരിമലയിലേക്കുള്ള  യാത്ര  ഒഴിവാക്കണമെന്ന് സർക്കാർ അഭ്യർത്ഥിച്ചിരുന്നു. ബുക്കിങ് നടത്തിയിട്ട് വരുന്ന മൂന്ന് ദിവസങ്ങളിൽ എത്താൻ കഴിയാത്തവർക്ക് 18 ന് ശേഷം  ദർശം നടത്താമെന്നാണ് ദേവസ്വം ബോർഡ് മന്ത്രി കെ. രാധക്യഷ്ണൻ (K Radhakrishnan)  സന്നിധാനത്ത് വ്യക്തമാക്കിയത്.

    ആദ്യം ദിവസം കൂടുതലായി എത്തിയത് അന്ധ്രയിൽ നിന്നുമുള്ള തീർത്ഥാടകരായിരുന്നു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നും ഭക്തരുടെ വരവുണ്ടായി. മലയാളികൾ പൊതുവെ കുറവായിരുന്നു. പമ്പയിലും ശബരിമലയിലും മഴയ്ക്ക് അൽപ്പം ശമനം ഉണ്ടായതും ആദ്യ ദിനത്തെ തീർത്ഥാടനത്തിന് ഏറെ ആശ്വാസമായിരുന്നു. പുലർച്ചെ മൂന്ന് മണി മുതലാണ് ഭക്തരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കയറ്റി വിട്ടത്. പുലർച്ചെ 5നാണ് നടതുറന്നത്. ദർശനം കഴിഞ്ഞാൽ ആരെയും സന്നിധാനത്ത് തങ്ങാൻ അനുവദിക്കുന്നില്ല.

    കനത്ത മഴ തുടരുന്ന സാഹചര്യത്തിൽശബരിമലയിൽ അടുത്ത് മൂന്ന് ദിവസങ്ങളിൽആളുകളുടെ എണ്ണം നിയന്ത്രിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. മഴയെ തുടർന്ന് ജലനിരപ്പ് അപകടകരമായതിനാൽ പമ്പാ സ്നാനം അനുവദിക്കുന്നില്ല. മറ്റു കുളിക്കടവുകളിലും ഇറങ്ങരുതെന്ന് നിർദേശമുണ്ട്. നിലയ്ക്കലിൽ ഏർപ്പെടുത്തിയിരുന്ന സ്പോട്ട് ബുക്കിങ് തൽക്കാലം നിർത്തി വെച്ചിരിക്കുകയാണ്.

    അയ്യപ്പന്റെ പൂങ്കാവനത്തിലെ 18 മലകളിലെ ദേവതകളെ തൊഴുത് അവരുടെ പ്രീതിക്കായി പതിനെട്ടാംപടിയില്‍ നടത്തുന്ന വിശിഷ്ടമായ പടിപൂജയ്ക്ക് ചൊവ്വാഴ്ച ശബരിമലയില്‍ തുടക്കമായി. പടി പതിനെട്ടും കഴുകി, പുഷ്പങ്ങളും പട്ടും നിലവിളക്കുകളും കൊണ്ട് അലങ്കരിച്ച്, ശരണമന്ത്രങ്ങളുടെയും വാദ്യമേളങ്ങളുടെയും ആരവത്തില്‍, തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍, മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരിയുടെ സാന്നിധ്യത്തിലാണ് പടിപൂജ നടത്തിയത്.

    അയ്യപ്പന് പുഷ്പാഭിഷേകം നടത്തി, സന്ധ്യാ ദീപാരാധനയ്ക്ക് ശേഷം ആരംഭിച്ച പടിപൂജ 7.30വരെ തുടര്‍ന്നു. കത്തിച്ചുവെച്ച നിലവിളക്കുകളും കര്‍പ്പൂര ദീപങ്ങളും പ്രഭ ചൊരിഞ്ഞ പതിനെട്ടുപടികള്‍ക്ക് മേലെ പുഷ്പങ്ങളര്‍പ്പിച്ച് തന്ത്രി പടി കയറി പോവുമ്പോള്‍ ശരണംവിളികള്‍ ഉച്ചസ്ഥായിയിലായി. ഗിരിദേവതാ പൂജ എന്നാണ് പടിപൂജ അറിയപ്പെട്ടിരുന്നതെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പറഞ്ഞു. മാറ്റിവച്ച പടിപൂജ വരും ദിവസങ്ങളില്‍ ഉണ്ടാവുമെന്നും ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. കൃഷ്ണ കുമാര വാര്യര്‍ അറിയിച്ചു.

    ബാംഗളൂര്‍ ഐഎസ്ആര്‍ഒയിലെ എസ്പിആര്‍ഒസി പ്രോജക്ട് ഡയറക്ടറായ ജി. ആനന്ദ ചന്ദ്രനാണ് വൃശ്ചികം ഒന്നിന് നടന്ന പടിപൂജ നടത്തിയത്. പൊന്നമ്പലമേട്, ഗരുഡന്‍മല, നാഗമല, സുന്ദരമല, ചിറ്റമ്പദേവര്‍മല, ഖര്‍ഗിമല, മാതംഗമല, മയിലാടുംമല, ശ്രീപാദംമല, ദേവര്‍മല, നിലയ്ക്കല്‍ മല, തലപ്പാറ മല, നീലിമല, കരിമല, പുതുശേരിക്കാനം മല, കാളകെട്ടിമല, ഇഞ്ചിപ്പാറമല, ശബരിമല എന്നിവയാണ് 18 മലകള്‍. പണ്ടുകാലത്ത് ഈ 18 മലകളെയും വണങ്ങിയായിരുന്നു ശബരിമല തീര്‍ഥാടനം. പതിനെട്ടു പടികളില്‍ ഈ 18 മലകളിലെ ദേവതകളെയും കുടിയിരുത്തിയിരുക്കുന്നുവെന്നാണ് വിശ്വാസം.
    Published by:Rajesh V
    First published:
    )}