കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതിനു പിന്നില്‍ അനിയന്ത്രിതമായി നടത്തുന്ന ഖനനമെന്ന് പഠന റിപ്പോര്‍ട്ട്. ദുരന്തബാധിതമായി അഞ്ചു ജില്ലകളില്‍ മാത്രം 1104 ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. സസ്ഥാനത്ത് ആകെ 5924 ക്വാറികളാണ് പ്രവർത്തിക്കുന്നത്. എന്നാൽ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് അനുമതി നൽകിയിരിക്കുന്നത് 750 ക്വാറികൾക്കു മാത്രമാണ്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ടി.വി. സജീവന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.
ദുരന്തമേഖലകളായ വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, ഇടുക്കി എന്നീ ജില്ലകളില്‍ മാത്രമാണ് 1104 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. ഈ അനിയന്ത്രിത ഖനനത്തിന്റെ ആഘാതവും ഉരുള്‍പൊട്ടലിനു കാരണമായിട്ടുണ്ടെന്ന് സജീവന് വ്യക്തമാക്കുന്നു.
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ കവളപ്പാറയ്ക്കു സമീപം 21 ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. അഞ്ചു കിലോമീറ്ററിനുള്ളില്‍ 12 ക്വാറികളും 10 കിലോ മീറ്ററിനുള്ളില്‍ 9 ക്വാറികളുമാണ് പ്രവര്‍ത്തിക്കുന്നത്. ഉരുള്‍പൊട്ടലുണ്ടായ പാതാര്‍ പ്രദേശത്തും നൂറിലേറെ വീടുകള്‍ തകര്‍ന്ന അമ്പുട്ടാംപൊട്ടിയും ഉള്‍പ്പെടുന്ന പോത്തുകല്ലില്‍ 17 ക്വാറികളുള്ളത്.
വയനാട് പുത്തുമലയിലെ അഞ്ചു കിലോമീറ്റര്‍ പരിധിയിലും ക്വാറി പ്രവര്‍ത്തിക്കുന്നുണ്ട്. നാലു പേര് മരിച്ച വടകര വിലങ്ങാട് 42 ക്വാറികളാണുള്ളത്. ഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മലപ്പുറം കോട്ടക്കുന്നിന്റെ സമീപപ്രദേശങ്ങളിലായി 129 ക്വാറികളുണ്ട്. കോട്ടക്കുന്നിന്റെ ഒന്നര കിലോമീറ്റര്‍ അകലെ ഒരു ക്വാറിയും അഞ്ചു കിലോമീറ്ററിനുള്ളില്‍ 102 ക്വാറികളുമുണ്ട്. മൂന്നു പേര് മരിച്ച കല്ലടിക്കോട് കരിമ്പയില്‍ 26 ക്വാറികളാണുള്ളത്. മണ്ണിടിച്ചില്‍ വലിയ നാശനഷ്ടങ്ങളുണ്ടായ സൗത്ത് മലമ്പുഴയില്‍ 43 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു. രണ്ടുപേര്‍ മരിച്ച ഇടുക്കി ചെറുതോണി ഗാന്ധിനഗര്‍ കോളനിയുടെ സമീപത്തും 22 ക്വാറികളാണുള്ളത്.
വയനാട്ടിലും ഇടുക്കിയിലും ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളെല്ലാം പരിസ്ഥിതിലോല മേഖലയായ സോണ്‍ ഒന്നില്‍ ഉള്‍പ്പെട്ടവയാണ്. വയനാട്ടിലെ പുത്തുമല, കുറുമ്പലക്കോട്ട, പെരുഞ്ചേരിമല മക്യാട്, വെള്ളമുണ്ട മംഗലശേരിമല, മുട്ടില്‍മല, കുറിച്യര്‍മല, പുറിഞ്ഞി കുരിശുമല എന്നവയെല്ലാം സോണ്‍ ഒന്നിലാണ്. ഇടുക്കിയിലെ കുമളി വെള്ളാരംകുന്ന്, മുരിക്കാടി, മുണ്ടക്കയം ഈസ്റ്റ്, ദേവികുളം ഗ്യാപ് റോഡ്, ചെറുതോണി ഗാന്ധിനഗര്‍ കോളനിയും സോണ്‍ ഒന്നില്‍ ഉള്‍പ്പെടും. പാലക്കാട് ജില്ലയിലെ അട്ടപ്പാടി പൊട്ടിക്കല്‍, കല്ലടിക്കോട് കരിമ്പ, ആലത്തൂര്‍ വിഴുമല, കാഞ്ഞിരത്തോട് പൂഞ്ചോല, പല്ലശ്ശന കുറ്റിപ്പല്ലി എന്നിവടങ്ങളും സോണ്‍ ഒന്നിലാണ്. കോഴിക്കോടും മലപ്പുറത്തും ഉള്പൊട്ടലുണ്ടായത് സോണ്‍ മൂന്നില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലാണ്.
Also Read
പ്രളയം നൽകുന്ന പാഠം; കോൺക്രീറ്റ് മതിയാക്കി പ്രീഫാബ്രിക്കേറ്റഡിലേക്ക് തിരിയാം
പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോലപ്രദേശം സോണ്‍ ഒന്ന്, രണ്ട് മേഖലകളില്‍ ഖനനം നിരോധിക്കണമെന്നും ലൈസന്‍സുള്ള ക്വാറികളുടെ പ്രവര്‍ത്തനം അഞ്ചുവര്‍ഷം കൊണ്ട് അവസാനിപ്പിക്കണമെന്നും ാഡ്ഗില് കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. സോണ്‍ മൂന്നില്‍ കര്‍ശന നിബന്ധനകളോടെ ഖനനം നിയന്ത്രിക്കണമെന്നും സോഷ്യല്‍ ഓഡിറ്റിങിന് വിധേയമാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് പരിസ്ഥിതിലോല മേഖലകളില്‍ പോലും ക്വാറികള്‍ക്ക് അനുമതി നല്‍കിയതെന്നും ഡോ. സജീവന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.