നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • PT Thomas | 'പി.ടിയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞത് അസുഖത്തിന് മാത്രം, കേരളം യാത്രയാക്കിയത് രാജാവിനെപ്പോലെ'; നന്ദി പറഞ്ഞ് പി.ടിയുടെ കുടുംബം

  PT Thomas | 'പി.ടിയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞത് അസുഖത്തിന് മാത്രം, കേരളം യാത്രയാക്കിയത് രാജാവിനെപ്പോലെ'; നന്ദി പറഞ്ഞ് പി.ടിയുടെ കുടുംബം

  'വെല്ലൂരില്‍ നിന്നും പി.ടിയുമായുള്ള ആംബുലന്‍സ് കേരള അതിര്‍ത്തിയായ കമ്പംമെട്ടിലെത്തിയപ്പോള്‍ പുലര്‍ച്ചെ മൂന്നുമണിയ്ക്ക് തലപ്പാവും കെട്ടി കനത്ത മഞ്ഞില്‍ ജനങ്ങള്‍ നില്‍ക്കുന്നതു കണ്ടപ്പോള്‍ പൊട്ടിക്കരയാനാണ് തോന്നിയത്'

  Uma_Thomas

  Uma_Thomas

  • Share this:
  കൊച്ചി: കേരളം രാജാവിനെപ്പോലെയാണ് പി.ടി.തോമസിനെ (PT Thomas) യാത്രയാക്കിയതെന്ന് ഭാര്യ ഉമ തോമസ്. ഇത്ര അംഗീകാരം നല്‍കി ഒരു നേതാവിനെ യാത്രയാക്കിയത് ഓര്‍മ്മയില്ല. താനും പി.ടിയും രണ്ട് മതസ്ഥരായതിനാല്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട് വിവാദങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ഡിജോ കാപ്പനോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞേല്‍പ്പിച്ചതിനാല്‍ യാതൊരു ആശയക്കുഴപ്പങ്ങളുമുണ്ടായില്ല. ഉപ്പുതോട്ടിലെ പള്ളിയില്‍ അടക്കണമോ തനിയ്ക്കും മക്കള്‍ക്കും കാണാന്‍ കൊച്ചിയിലെ പള്ളിയില്‍ സംസ്‌ക്കരിയ്ക്കണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചിന്തിച്ചിരുന്നു. എന്നാല്‍ പി.ടിയുടെ ആഗ്രഹം പോലെ തന്നെ എല്ലാം നടന്നു.

  പി.ടി ഒരു ദൈവവിശ്വാസിയായിരുന്നു. ഒന്നിച്ചു നടത്തിയ പ്രാര്‍ത്ഥനകള്‍ എല്ലാം ഫലം കണ്ടു ഇതൊഴികെ. പി.ടിയെ തോല്‍പ്പിയ്ക്കാന്‍ അസുഖത്തിന് മാത്രമെ കഴിഞ്ഞുള്ളു. കേരളത്തിലെ ജനങ്ങളെ തനിയ്ക്കും കുടുംബത്തിനും മറക്കാനാവില്ല. കേരളം പി.ടിയെ നെഞ്ചിലേറ്റി. വെല്ലൂരില്‍ നിന്നും പി.ടിയുമായുള്ള ആംബുലന്‍സ് കേരള അതിര്‍ത്തിയായ കമ്പംമെട്ടിലെത്തിയപ്പോള്‍ പുലര്‍ച്ചെ മൂന്നുമണിയ്ക്ക് തലപ്പാവും കെട്ടി കനത്ത മഞ്ഞില്‍ ജനങ്ങള്‍ നില്‍ക്കുന്നതു കണ്ടപ്പോള്‍ പൊട്ടിക്കരയാനാണ് തോന്നിയത്.

  ചികിത്സാ സമയത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഒരുപാട് സഹായിച്ചു. ഉമ്മന്‍ചാണ്ടി, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ. സുധാകരന്‍ തുടങ്ങിയവര്‍ എല്ലാ ദിവസവും വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു സഹായങ്ങള്‍ എത്തിച്ചു. കെ.സി ജോസഫായിരുന്നു കാര്യങ്ങള്‍ ഏകോപിപ്പിച്ചത്. എ.കെ.ആന്റണി ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. മരണമറിഞ്ഞ് പൊട്ടിക്കരഞ്ഞാണ് എ.കെ. ആന്റണി വിളിച്ചത്. സ്പീക്കര്‍ എം.ബി.രാജേഷ് ആശുപത്രിയിലെത്തി പി.ടിയെ കണ്ടു. ചികിത്സയ്ക്ക് ആവശ്യമുള്ള പണം മുന്‍കൂര്‍ അനുവദിപ്പിയ്ക്കാന്‍ നടപടികള്‍ വേഗത്തിലാക്കി. വെല്ലൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കും കുടുംബം നന്ദി പറയുന്നു.

  പി ടി തോമസിന്റെ ചിതാഭസ്മം നാല് മൺകുടങ്ങളിലായി മക്കളും സഹോദരനും ചേർന്ന് രവിപുരം ശ്മശാനത്തിൽ നിന്ന് ഏറ്റുവാങ്ങി. മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എം. എൽ. എയുമായ പി.ടി. തോമസ് (70) ൻ്റെ മൃതദേഹം അദ്ദേഹത്തിൻ്റെ ആഗ്രഹ പ്രകരാണമാണ് കൊച്ചിയിലെ രവിപുരം ശ്മശാനത്ത് ദഹിപ്പിച്ചത്. ഇതിന് പിന്നാലെ ഇന്ന് രാവിലെയാണ് മക്കളും, ബന്ധുക്കളും, പാർട്ടി പ്രവർത്തകരുമെത്തി പി.ടി. തോമസിൻ്റെ ചിതാഭസ്മം രവിപുരം ശ്മശാനത്തിൽനിന്ന് ശേഖരിച്ചത്. നാല് മൺക്കുടങ്ങളിലായിട്ടാണ് ചിതാഭസ്മം ശേഖരിച്ചത്. ഇതിൽ  ഒരുഭാഗം പി. ടി. യുടെ ആഗ്രഹപ്രകാരം  ഉപ്പുതോട് പള്ളിയിൽ അദ്ദേഹത്തിന്റെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കും. മൂന്നു ഭാഗങ്ങള്‍ പെരിയാർ, ഗംഗ  തുടങ്ങി നദികളിലും നിമജ്ജനം ചെയ്യും.

  ജനഹൃദയങ്ങളിൽ ഇടംതേടാൻ മന്ത്രിപദമോ പാർട്ടി അധ്യക്ഷ പദവിയോ അലങ്കരിക്കേണ്ടതില്ലെന്ന് തെളിയിക്കുന്നതായിരുന്നു പി.ടിക്ക് കേരളം നൽകിയ യാത്രയയപ്പ്; ഉറച്ച നിലപാടുകൾക്കുള്ള ആദരവും. ഹൃദയം തൊട്ടുള്ളതായിരുന്നു ആ വിടവാങ്ങൽ. പൂഷ്പചക്രങ്ങളും മതപരമായ ചടങ്ങുകളും ഒഴിവാക്കണമെന്ന പി.ടിയുടെ അന്ത്യാഭിലാഷം അതേപടി പാലിക്കപ്പെട്ടു. പൊതുദർശന വേളയിലും ചിത കത്തിയെരിയുമ്പോഴും ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം’ എന്ന പ്രിയ ഗാനം മുഴങ്ങിയിരുന്നു.
  സംസ്ക്കാര സമയത്ത് പ്രിയ നേതാവിനോടുള്ള ആദരസൂചകമായി പ്രവർത്തകർ ഉച്ചത്തിൽ മുദ്രവാക്യം മുഴക്കിയാണ് യാത്രയാക്കിയത്. കണ്ണേ കരളേ പി.ടി. തോമസ്... നട്ടെല്ലുള്ളൊരു നേതാവേ... ഇല്ലാ പി.ടി. മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ. ഈ പാറും കൊടികളിലൂടെ...'ആര് പറഞ്ഞു മരിച്ചെന്ന്..... ഞങ്ങടെ പി. ടി മരിച്ചിട്ടില്ല.....  ഇങ്ങനെ വൈകാരികമായി പ്രവർത്തകർ കൂടുതൽ ഉച്ചത്തിൽ മുദ്രാവാക്യം വിളികൾ തുടർന്നു.

  Also Read- PT Thomas | പി.ടി തോമസിന്റെ ചിതാഭസ്മം ശേഖരിച്ചു; ഒരു ഭാഗം അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കും

  അർബുദ ചികിത്സയ്ക്കിടെ വെല്ലൂരിലെ ആശുപത്രിയിൽ ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം. കെപിസിസി വർക്കിങ് പ്രസിഡന്റാണ്. മുൻപ് തൊടുപുഴയിൽനിന്ന് രണ്ട് തവണ എം. എൽ. എ ആയിട്ടുള്ള അദ്ദേഹം ഇടുക്കി എം. പിയും ആയിരുന്നു. അർബുദ രോഗബാധയെ തുടർന്ന് ഒരു മാസത്തിലേറെയായി വെല്ലൂർ സി. എം. സി മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്നു.
  ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബർ 12ന് ജനിച്ചു. തൊടുപുഴ ന്യൂമാൻ കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, എറണാകുളം ഗവ.ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്കൂളിൽ പഠിക്കുമ്പോൾ കെഎസ്‍യുവിലൂടെയാണ് പി.ടി.തോമസ് രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചത്. കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. 1980ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി. 2007 ൽ ഇടുക്കി ഡിസിസി പ്രസിഡന്റായി.

  Also Read-PT Thomas| പിടി തോമസ് എംഎല്‍എ അന്തരിച്ചു; അന്ത്യം വെല്ലൂരിൽ ചികിത്സയിലിരിക്കെ

  കെപിസിസി നിർവാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്‌ടർ, കെഎസ്‌യു മുഖപത്രം കലാശാലയുടെ എഡിറ്റർ, ചെപ്പ് മാസികയുടെ എഡിറ്റർ, സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ സംസ്‌ഥാന ചെയർമാൻ, കേരള ഗ്രന്ഥശാലാ സംഘം എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
  Published by:Anuraj GR
  First published: