• HOME
  • »
  • NEWS
  • »
  • kerala
  • »
  • ONLY THREE WOMEN AND TWO YOUNG MEN NAME IN KPCC LIST OF PRABABLES

തലമുറ മാറ്റം മുറവിളി മാത്രം; KPCCയുടെ ആദ്യ പട്ടികയിൽ മൂന്നു വനിതകളും രണ്ടു യുവാക്കളും മാത്രം

വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നിലവിലുള്ള കെ സുധാകരനും കൊടിക്കുന്നിൽ സുരേഷിനും പുറമെ വി ഡി സതീശന്‍റെയും തമ്പാനൂർ രവിയുടെയും പേരുകളാണ് പട്ടികയിലുള്ളത്.

News18

News18

  • News18
  • Last Updated :
  • Share this:
തലമുറ മാറ്റമെന്ന ആവശ്യം മുറവിളി മാത്രമാക്കി കെപിസിസി സാധ്യതാപട്ടിക. യുവജനങ്ങളെയും വനിതകളെയും അവഗണിച്ചുള്ള പുനസംഘടനാ നീക്കത്തിൽ കോൺഗ്രസിൽ അമർഷം പുകയുന്നു. ഹൈക്കമാൻഡിനു പരാതി നൽകാൻ ഒരുങ്ങുകയാണ് യുവനേതാക്കൾ. ഒരാൾക്ക് ഒരു പദവി തത്വം നടപ്പാക്കണമെന്ന നിർദ്ദേശവും നടപ്പാവില്ലെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവന്ന പട്ടിക നൽകുന്നത്.

കെപിസിസി, ഹൈക്കമാൻഡിന് നൽകിയ ഭാരവാഹി പട്ടികയിൽ ഭൂരിഭാഗവും അറുപത് വയസ് പിന്നിട്ടവരാണ്. പുതുമുഖങ്ങളും യുവജനങ്ങളും വനിതകളും പേരിനു മാത്രം. വർക്കിംഗ് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി തുടങ്ങിയവരുടെ 42 അംഗ പട്ടികയ്ക്ക് പുറമേ അറുപത് സെക്രട്ടറിമാരെ കൂടി പ്രഖ്യാപിക്കാനാണു നീക്കം. 42 അംഗ പട്ടികയിൽ രണ്ടു യുവാക്കളും മൂന്നു വനിതകളും മാത്രം.

വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നിലവിലുള്ള കെ സുധാകരനും കൊടിക്കുന്നിൽ സുരേഷിനും പുറമെ വി ഡി സതീശന്‍റെയും തമ്പാനൂർ രവിയുടെയും പേരുകളാണ് പട്ടികയിലുള്ളത്. ടി.എൻ പ്രതാപന്‍റെ പേരു കൂടി കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിർദ്ദേശിച്ചതായി സൂചനയുണ്ട്.

വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മുൻമന്ത്രിമാരായ അടൂർ പ്രകാശും വി.എസ് ശിവകുമാറും കെ.ബാബുവും അടക്കം 11 പേരുകളാണ് പരിഗണനയിൽ. കെ.സി റോസക്കുട്ടിയാണ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന ഏക വനിത. പത്മജ വേണുഗോപാലും രമണി പി നായരും ജനറൽ സെക്രട്ടറി സ്ഥാനത്തിനുള്ള പട്ടികയിലുണ്ട്. വനിതാ പ്രാതിനിധ്യം ഇത്രമാത്രം.

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി ആർ മഹേഷും കെ.എസ്.യു മുൻ പ്രസിഡന്‍റ് വി.എസ് ജോയിയും ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള സാധ്യതാപട്ടികയിലുണ്ട്. സ്വന്തം പേര് ജനറൽ സെക്രട്ടറി പട്ടികയിലുണ്ടെങ്കിലും യുവജനങ്ങൾക്കും വനിതകൾക്കും വേണ്ട പരിഗണന ലഭിക്കാത്തതിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ആർ മഹേഷ് അമർഷം മറച്ചു വെയ്ക്കുന്നില്ല. പലവട്ടം ആവശ്യപ്പെട്ടിട്ടും സാധ്യതാപട്ടിക തയ്യാറാക്കിയപ്പോൾ ഇക്കാര്യം പരിഗണിക്കാത്തതിൽ ആക്ഷേപമുണ്ടെന്നും പരിഹാരം തേടി ഹൈക്കമാൻഡിനെ സമീപിക്കുമെന്നും മഹേഷ് ന്യൂസ് 18നോടു പറഞ്ഞു.

'കോൺഗ്രസ് നേതാക്കൾ ചന്ദനമരം പോലെ; പ്രായമേറും തോറും ഗുണവും വർധിക്കും'

സാധ്യതാപട്ടികയിൽ ഇടം പിടിച്ചില്ലെങ്കിലും പ്രായക്കൂടുതൽ അയോഗ്യതയായി കണക്കാക്കാൻ ഇതു പട്ടാള റിക്രൂട്ട്മെന്‍റ് അല്ലെന്ന നിലപാടിലാണ് മുതിർന്ന നേതാവ് എൻ. പീതാംബര കുറുപ്പ്. ലോകാരോഗ്യ സംഘടന തന്നെ ആയുർദൈർഘ്യം 85 വയസ് ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. ആർമി റിക്രൂട്ട്മെന്‍റോ സർവീസിലെടുക്കാനുള്ള പരീക്ഷയോ കല്യാണാലോചനയോ ഒക്കെ ആണെങ്കിൽ പ്രായം പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കാം.

KPCC പുനഃസംഘടന; വൈസ് പ്രസി‍ഡന്റുമാർ ഏഴല്ല, പത്ത്; പട്ടിക ഹൈക്കമാൻഡിന് മുന്നിൽ

പ്രായമായ നേതാക്കളെ മുഴുവൻ തുടച്ചു നീക്കണമെന്നു പറയുന്നത് എന്തു ന്യായമാണെന്ന് അദ്ദേഹം ചോദിച്ചു. ചന്ദനത്തിനു ഗുണവും മണവും ഏറുന്നത് 30 വർഷത്തിനു ശേഷമാണ്. കോൺഗ്രസ് നേതാക്കളും അതു പോലെയാണെന്ന് കുറുപ്പ് വാദിക്കുന്നു. തന്നെ പരിഗണിക്കാത്തതിൽ പരാതിയില്ലെന്നും താൻ അപേക്ഷയുമായി ആരെയും സമീപിച്ചിട്ടില്ലെന്നും പാർട്ടിനേതൃത്വം എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കുകയാണ് വേണ്ടതെന്നും കുറുപ്പ് ന്യൂസ് 18നോടു പറഞ്ഞു.

അതേസമയം വട്ടിയൂർക്കാവിലെ സ്ഥാനാർഥിയായി തന്‍റെ പേരു നിർദേശിച്ചപ്പോൾ കെ പി സി സി ഓഫിസിന്‍റെ മുറ്റത്തു വന്നു നിന്ന് ഒരു സംഘം തന്നെ അധിക്ഷേപിച്ചപ്പോൾ അവരെ വിലക്കാനോ ശാസിക്കാനോ ഒരു ഭാരവാഹിയും ഉണ്ടായിരുന്നില്ലെന്നും കുറുപ്പ് തുറന്നടിച്ചു. പട്ടികയുടെ പേരിൽ നേതൃത്വത്തെ കുറ്റപ്പെടുത്താനില്ലെന്ന നിലപാടിലാണ് കെ എസ് യു നേതാവ് കെ എം അഭിജിത്ത്. ഇപ്പോൾ പുറത്തു വരുന്നത് ഔദ്യോഗിക പട്ടികയല്ലെന്നും സെക്രട്ടറിമാർ അടക്കമുള്ള ഭാരവാഹി പട്ടിക വരുമ്പോൾ യുവ, വനിതാ പ്രാതിനിധ്യം വേണ്ടത്രയുണ്ടാവുമെന്നും അഭിജിത്ത് പറഞ്ഞു.

പ്രമുഖ ഗ്രൂപ്പ് നേതാക്കളും വി.എം സുധീരൻ, കെ.മുരളീധരൻ, പി.ജെ കുര്യൻ തുടങ്ങിയവരും നൽകിയ പട്ടികകളുമായുള്ള ഞാണിൻമേൽ കളിയാണ് കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയിരിക്കുന്നത്. പരാതികളുടെ പശ്ചാത്തലത്തിൽ ഹൈക്കമാൻഡ് ഇടപെട്ട് കൂടുതൽ വനിതകൾക്കും യുവജനങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം നേതാക്കളെങ്കിലും.
First published:
)}