തിരുവനന്തപുരം: പൊലീസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി തപാൽവോട്ടിൽ ക്രമക്കേട് നടന്നെന്ന് പരാതി ഉയർന്നെങ്കിലും പ്രതിസ്ഥാനത്ത് ഉള്ളത് രണ്ടുപേർ മാത്രം. പൊലീസ് അസോസിയേഷന്‍റെ സജീവപ്രവർത്തകനായ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമാൻഡോ, ഇന്ത്യ റിസർവ് ബറ്റാലിയനിലെ ഹവിൽദാർ എന്നിവർക്കെതിരെയാണ് ഡിജിപിയുടെ റിപ്പോർട്ടിൽ നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്.
തപാൽ ബാലറ്റുകൾ എത്തിക്കണമെന്ന് തിരുവനന്തപുരത്തെ പൊലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ശബ്ദസന്ദേശം അയച്ച് ആവശ്യപ്പെട്ടതിനാണ് കമാൻഡോയ്ക്ക് എതിരെ നടപടി. വട്ടപ്പാറയിലെ വീട്ടിലെ വിലാസത്തിലേക്ക് ഒട്ടേറെ തപാൽ ബാലറ്റുകൾ വരുത്തിച്ചതിനാണ് ഹവിൽദാറിനെതിരെ നടപടി.
എന്നാൽ, രണ്ടു പേർക്കെതിരെ മാത്രം നടപടി സ്വീകരിച്ചത് തലപ്പത്തുള്ളവർക്ക് കേസിൽ നിന്ന് എങ്ങനെയെങ്കിലും തടി തപ്പാനാണെന്ന് ആരോപണം ഉയർന്നു കഴിഞ്ഞു. അസോസിയേഷൻ നേതാക്കളുടെ നേത്യത്വത്തിലാണ് സംസ്ഥാന വ്യാപകമായി തപാൽ ബാലറ്റിൽ ക്രമക്കേട് നടന്നെന്നാണ് ആരോപണം. തങ്ങൾക്കെതിരെ മൊഴി നൽകരുതെന്ന് അസോസിയേഷൻ നേതാക്കൾ പൊലീസുകാരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
തിരുവനന്തപുരത്തും കള്ളവോട്ട് ആരോപണം; നാട്ടിൽ ഇല്ലാത്തവരുടെ പേരിൽ CPM പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന് പരാതി
ഇതിനിടെ, പൊലീസിലെ കള്ളവോട്ട് വിഷയത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർണായക തീരുമാനം ഇന്നുണ്ടാകും. ഡിജിപി നൽകിയ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാകും തീരുമാനമെന്ന് ടിക്കാറാം മീണ അറിയിച്ചു. കുറ്റക്കാർക്ക് എതിരെ കേസെടുക്കണം എന്നത് അടക്കമുള്ള ശുപാർശകൾ ആണ് ഡിജിപി സമർപ്പിച്ചത്.
പൊലീസിൽ പോസ്റ്റൽ വോട്ട് തിരിമറി നടന്നെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ടാണ് ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയത്. കുറ്റക്കാർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നത് അടക്കമുള്ള കാര്യങ്ങളിൽ നിർദേശം നൽകണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ട് ലഭിച്ചെന്ന് സ്ഥിരീകരിച്ച ടിക്കാറാം മീണ, ഇന്ന് തീരുമാനം എടുക്കുമെന്നും അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.