ന്യൂഡൽഹി: കെ പി സി സി പുനഃസംഘടനയിൽ തർക്കമുണ്ടോ എന്നറിയില്ലെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഉമ്മൻ ചാണ്ടി. കെ പി സി സി അധ്യക്ഷനും പ്രതിപക്ഷ നേതാവും ചർച്ച നടത്തി പട്ടികയ്ക്ക് അന്തിമരൂപം നൽകുമെന്നും ഉമ്മൻ ചാണ്ടി ഡൽഹിയിൽ പറഞ്ഞു. അതേസമയം, കെപിസിസി ഭാരവാഹികളുടെ പ്രഖ്യാപനം രണ്ട് ഘട്ടങ്ങളിലായി നടത്തുമെന്നാണ് സൂചന. വർക്കിംഗ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ തുടങ്ങിയവരുടെ ലിസ്റ്റ് ആദ്യം പ്രഖ്യാപിച്ചേക്കും.
സെക്രട്ടറിമാരെ പിന്നീട് പ്രഖ്യാപിക്കാനാണ് ആലോചന. ജംബോ പട്ടികയെന്ന ആക്ഷേപം ഒഴിവാക്കാനാണ് പുതിയ നീക്കമെന്നാണ് റിപ്പോർട്ടുകൾ. നൂറിലധികം ഭാരവാഹികളുടെ ജംബോ പട്ടികയുമായി ഡൽഹിയിൽ എത്തിയ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർക്ക് ചർച്ചകളിലൂടെ ഭാരവാഹികളുടെ എണ്ണം കുറയ്ക്കാൻ കഴിഞ്ഞില്ല എന്നാണ് വിവരം.
പരീക്ഷാർഥികൾക്ക് ദേഹപരിശോധന; PSCപരീക്ഷ നടത്തിപ്പ് കുറ്റമറ്റതാക്കാൻ മാർഗനിർദേശങ്ങളുമായി ക്രൈംബ്രാഞ്ച്
പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, സംഘടനകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്ക് എന്നിവരുമായി ഇന്നലെ നടത്തിയ ചർച്ചയിലും ഭാരവാഹികളുടെ ബാഹുല്യം ചർച്ചയായി. ജംബോ പട്ടികയെ തുടക്കം മുതൽ എതിർത്തിരുന്ന മുല്ലപ്പള്ളിക്ക് ഗ്രൂപ്പുകളുടെ സമ്മർദ്ദം അതിജീവിക്കാൻ കഴിയുന്നില്ല.
ഈ സാഹചര്യത്തിൽ ജംബോ പട്ടികയെന്ന ആക്ഷേപം ഒഴിവാക്കാൻ ഭാരവാഹികളെ ഘട്ടം ഘട്ടമായി പ്രഖ്യാപിച്ചേക്കും. അഞ്ച് വൈസ് പ്രസിഡന്റുമാർ 30 ജനറൽ സെക്രട്ടറിമാർ, ഖജാൻജി എന്നിവരെ ആദ്യം പ്രഖ്യാപിക്കും. നിലവിൽ മൂന്ന് വർക്കിങ് പ്രസിഡന്റുമാർ ആണ് കെപിസിസിക്കുള്ളത്.
വർക്കിങ് പ്രസിഡന്റ് ഒഴിവാക്കി വൈസ് പ്രസിഡന്റുമാരെ നിയമിക്കാനും സാധ്യതയുണ്ട്. ചിലപ്പോൾ ഇരുപദവികളിലും നിയമനം നടത്തിയേക്കും. സെക്രട്ടറിമാരെ വിവിധ ഘട്ടങ്ങളിൽ ആയി പ്രഖ്യാപിക്കും. പുനഃസംഘടനയിൽ തർക്കമുണ്ടോ എന്ന് അറിയില്ലെന്നും കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും ചർച്ച നടത്തി പട്ടികയ്ക്ക് അന്തിമരൂപം നൽകുമെന്നും ഉമ്മൻ ചാണ്ടി സൽഹിയിൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.