കാക്കിയണിഞ്ഞത് കാണാൻ അച്ഛൻ ഇല്ലാത്തതിന്റെ ദുഃഖത്തിലാണ് കണ്ണൂരിൽ സബ് ഇൻസ്പെക്ടറായി (Sub Inspector) ചുമതലയേറ്റ ഇ യു സൗമ്യ. സൗമ്യയുടെ ഉണ്ണിച്ചെക്കൻ ഊരുമൂപ്പനായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടത്. വനമേഖലയില്‍ ഫയര്‍ലൈന്‍ നിർമിക്കുകയായിരുന്ന ഉണ്ണിച്ചെക്കന്‍ ഒറ്റയാന്റെ മുന്നില്‍ അകപ്പെടുകയായിരുന്നു. അച്ഛന്‍ മരിക്കുന്ന സമയത്ത് രാമവർമപുരം പൊലീസ് ക്യാംപില്‍ പരിശീലനത്തിലായിരുന്നു മകൾ സൗമ്യ.
''എന്നെ പോലീസ് യൂണിഫോമിൽ കാണണമെന്നത് അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു. പക്ഷേ, യൂണിഫോമിൽ എത്തിയപ്പോൾ കാണാൻ അച്ഛനില്ലെന്ന സങ്കടം മാത്രം...'’- സൗമ്യ മാധ്യമങ്ങളോട് പറഞ്ഞു. ആദിവാസി മേഖലയിൽനിന്നുള്ള കുട്ടികൾക്ക് തന്റെ നേട്ടം പ്രചോദനമാകണമെന്നാണ് ആഗ്രഹമെന്ന് സൗമ്യ പറഞ്ഞു. ‘മുൻകാലങ്ങളെ അപേക്ഷിച്ച് ആദിവാസി മേഖലയിൽനിന്നുള്ള കുട്ടികൾ വിദ്യാഭ്യാസപരമായി ഏറെ മുന്നേറുന്നുണ്ടെങ്കിലും സർക്കാർ ഉദ്യോഗത്തിലേക്കും മറ്റും എത്തുന്നവരുടെ എണ്ണം ഇപ്പോഴും പരിമിതമാണ്. ഈ സാഹചര്യം മാറണം. - സൗമ്യ പറഞ്ഞു.
അധ്യാപക ജോലിയില്‍ നിന്നാണ് സൗമ്യ പൊലീസ് യൂണിഫോം അണിയുന്നത്. തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടി. ബിഎഡിന് ശേഷം പഴയന്നൂര്‍ തൃക്കണായ ഗവ യുപി സ്‌കൂളില്‍ അധ്യാപക ജോലിയില്‍ പ്രവേശിച്ചു. സിവില്‍ സർവീസിനോടായിരുന്നു താത്പര്യമെങ്കിലും ജീവിതത്തില്‍ നേരിടേണ്ടി വന്ന അവഗണനകളും അനുഭവങ്ങളുമാണ് പൊലീസുകാരിയാകാൻ സൗമ്യക്ക് കരുത്തേകുകയായിരുന്നു.
തൃശൂർ പാലപ്പിളളി എലിക്കോട് ആദിവാസി കോളനിയില്‍ നിന്നുള്ള ആദ്യ പൊലീസ് ഇന്‍സ്‌പെക്ടടര്‍ കൂടിയാണ് സൗമ്യ. ഊരുമൂപ്പനായിരുന്ന ഉണ്ണിച്ചെക്കന്‍ മകള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അതു കൊണ്ട് തന്നെ തനിക്ക് പൊലീസ് വകുപ്പില്‍ ജോലി ലഭിച്ചപ്പോള്‍ സൗമ്യക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അമ്മ മണിയുടെയും ഭര്‍ത്താവ് ടി എസ് സുബിന്റെയും പിന്തുണയോടെയാണ് അച്ഛന്റെ ആഗ്രഹം നിറവേറ്റാന്‍ സാധിച്ചതെന്നും സൗമ്യ പറയുന്നു.
കണ്ണൂര്‍ സിറ്റി പരിധിയിലാണ് സൗമ്യക്ക് നിയമനം ലഭിച്ചിരിക്കുന്നത്. സ്റ്റേഷന്‍ ഏതാണെന്ന് കൃത്യമായ നിര്‍ദ്ദശം ലഭിച്ചിട്ടില്ല. 5 വനിതകളുള്‍പ്പെടെ 34 പേരാണ് കണ്ണൂര്‍ എ ആര്‍ ക്യാംപില്‍ സബ് ഇന്‍സ്‌പെക്ടറായി ചുമതല വഹിക്കാനൊരുങ്ങുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.