• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala High Court | പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ വിവരം ജനങ്ങള്‍ക്ക് നേരിട്ട് ഹൈക്കോടതിയെ അറിയിക്കാന്‍ അവസരം

Kerala High Court | പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ വിവരം ജനങ്ങള്‍ക്ക് നേരിട്ട് ഹൈക്കോടതിയെ അറിയിക്കാന്‍ അവസരം

അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ ആയിരുന്നു കോടതിയുടെ പരാമര്‍ശം. 

കേരള ഹൈക്കോടതി

കേരള ഹൈക്കോടതി

  • Last Updated :
  • Share this:
    കൊച്ചി: സംസ്ഥാനത്തെ തകര്‍ന്ന റോഡുകളെ കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഹൈക്കോടതിയെ(Kerala High Court) അറിയിക്കാന്‍ അവസരം. ഡിസംബര്‍ 14 മുമ്പ് ഇത്തരത്തിലുള്ള പരാതികള്‍ പൊതുജനങ്ങല്‍ക്കും അറിയിക്കാമെന്ന് കോടിതി പറഞ്ഞു.

    അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ ആയിരുന്നു കോടതിയുടെ പരാമര്‍ശം. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ കോടതി വിശദീകരണം തേടി. ഹര്‍ജി ഡിസംബര്‍ 14ന് ലേക്ക് മാറ്റി. ഈ തീയതിവരെ പൊതുജനങ്ങള്‍ക്കും അഭിഭാഷകര്‍ക്കും അമിക്കസ് ക്യൂറിക്കും തകര്‍ന്ന റോഡുകളെ കുറിച്ച് വിവരങ്ങള്‍ അറിയിക്കാം

    കഴിഞ്ഞ ദിവസം കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കുമ്പോള്‍് കോടതി രൂക്ഷമായ വിമര്‍ശനം നടത്തിയത്. കഴിവുള്ള നിരവധി എന്‍ജിനീയര്‍മാര്‍ പുറത്തു നില്‍ക്കുമ്പോള്‍ ഇത്തരക്കാര്‍ രാജിവച്ചു അവര്‍ക്ക് അവസരം നല്‍കുകയാണു വേണ്ടതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. നല്ല റോഡുകള്‍ ജനങ്ങളുടെ ആവശ്യമാണെന്ന് എന്തുകൊണ്ടാണു തിരിച്ചറിയാത്തതെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപണിയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

    കഴിഞ്ഞ വര്‍ഷം കോടതി ഇടപെട്ടു നിര്‍മാണം നടത്തിയ റോഡുകള്‍ മാസങ്ങള്‍ക്കകം തന്നെ തകര്‍ന്നുവെന്നും അവ വീണ്ടും പണിയേണ്ട അവസ്ഥയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ റോഡുകള്‍ തകര്‍ന്നാല്‍ അടിയന്തരമായി നന്നാക്കുന്നതിനുള്ള സംവിധാനം കൊച്ചി നഗരസഭയ്ക്കു കീഴില്‍ ഇല്ലെന്നു കൊച്ചി നഗരസഭയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതിനെതിരെയും കടുത്ത വിമര്‍ശനമാണു കോടതി ഉയര്‍ത്തിയത്. ന്യായീകരണങ്ങളല്ല പുതിയ ആശയങ്ങള്‍ നടപ്പാക്കുകയാണു വേണ്ടതെന്നു കോടതി ചൂണ്ടിക്കാട്ടി.

    റോഡുകള്‍ കൃത്യമായി നന്നാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഉത്തരവുകള്‍ നടപ്പാക്കാത്തതിനെയും കോടതി വിമര്‍ശിച്ചു. കൊച്ചിയിലെ റോഡുകളിലുള്ള അനധികൃത കേബിളുകള്‍ ഉടനടി നീക്കം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

    'തകരുന്ന റോഡുകൾ മുഴുവൻ പൊതുമരാമത്ത് വകുപ്പിന്റെ അല്ല; റോഡുകൾ പൊളിക്കുന്ന ജലസേചന വകുപ്പ് അത് നന്നാക്കി നൽകുന്നില്ല'

    പൊളിയുന്ന റോഡുകൾ മുഴുവൻ പൊതുമരാമത്ത് വകുപ്പിന്റെ (Public Works Department- PWD) മാത്രമല്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് (Minister P.A. Mohammad Riyas). റോഡുകൾ തകരുന്നതിന് ജലസേചന വകുപ്പിന് കൂടി ഉത്തരവാദിത്തം ഉണ്ട്. കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കുണ്ട്. എന്നാൽ അങ്ങനെ ചെയ്യറില്ലെന്നും മന്ത്രി മലപ്പുറത്ത് പറഞ്ഞു.

    മന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിന്റെ വിശദാംശങ്ങൾ ഇപ്രകാരം.

    സംസ്ഥാനത്തെ റോഡുകൾ എല്ലാം തകർന്ന് തരിപ്പണമായ അവസ്ഥയിലാണ്. എന്നാൽ ഇതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനല്ലെന്നാണ് മന്ത്രി പറയുന്നത്. കുടിവെള്ള പദ്ധതികൾക്ക് വേണ്ടി ജലസേചന വകുപ്പ് റോഡുകൾ കുത്തിപ്പൊളിക്കാറുണ്ട്. ഏറ്റവും മികച്ച രീതിയിൽ നിർമിച്ച റോഡുകൾ വരെ ഈ ആവശ്യത്തിന് പൊളിക്കുന്നു. എന്നാൽ പണി പൂർത്തിയായാൽ റോഡുകൾ പക്ഷേ പുനർ നിർമ്മിക്കാൻ ആരും ശ്രദ്ധ നൽകുന്നില്ല. 2017 ഇത് സംബന്ധിച്ച് ഉത്തരവ് വരെ പുറത്തിറക്കിയതാണ്. ഇക്കാര്യത്തിൽ ഇനി കർശന നടപടി തന്നെ സ്വീകരിക്കും.

    മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
    ഇന്നലെ ഉണ്ടായ ഹൈക്കോടതി വിമർശനത്തിനും മന്ത്രി മറുപടി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ റോഡുകളും പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിലല്ല. 1,00,000 കിലോമീറ്ററിൽ 33,000 കിലോമീറ്റർ മാത്രമാണ് പൊതുമരാമത്ത് വകുപ്പിന് കീഴിൽ വരുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ കീഴിലും മറ്റും വരുന്ന റോഡുകൾ ഏറെയുണ്ട്. ഇന്നലെ ഹൈക്കോടതി വിമർശനത്തിന് വഴിയൊരുക്കിയ റോഡുകളിൽ ഒന്ന് മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ വരുന്നത്.

    നിർത്താതെ പെയ്യുന്ന മഴയാണ് റോഡ് നന്നാക്കുന്നതിൽ പ്രധാന തടസമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. എന്നാൽ ഏറെക്കാലം മഴ എന്ന കാരണം പറഞ്ഞ് അറ്റകുറ്റപ്പണികൾ മാറ്റിവയ്ക്കാൻ പറ്റില്ല. വിദേശ രാജ്യങ്ങളിൽ ഇക്കാര്യത്തിൽ ഉപയോഗിച്ചിട്ടുള്ള സാങ്കേതിക വിദ്യ മനസ്സിലാക്കണം. മഴയെ അതിജീവിച്ച് നിർമ്മാണ പ്രവർത്തികൾ നടത്താനുള്ള സാങ്കേതിക വിദ്യ നമ്മൾ പ്രയോജനപ്പെടുത്തണം, അദ്ദേഹം പറഞ്ഞു.

    മലപ്പുറം ജില്ല ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എടപ്പാൾ മേൽപ്പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കാൻ ഇനിയും സമയം എടുക്കും. ടാറിങ് മഴ കഴിഞ്ഞ് മാത്രമേ സാധ്യമാകൂ. ഉദ്ഘാടനത്തിന് ധൃതികൂട്ടില്ല എന്നും നിർമ്മാണത്തിൽ വിട്ടുവീഴ്ച ചെയ്യില്ല എന്നും പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി.

    റോഡുകളുടെ അറ്റകുറ്റപ്പണി ആരുടെ, ഏത് കരാറുകാരൻ്റെയാണെന്ന് ജനങ്ങൾക്ക് കൂടി മനസ്സിലാകുന്ന പോലെ റോഡരികിൽ രേഖപ്പെടുത്തി വെക്കും. ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണ്. അവർക്ക് റോഡിൻ്റെ അപാകതകൾ നേരിട്ട് ജനപ്രതിനിധികളെയോ ഉദ്യോഗസ്ഥരെയോ അറിയിക്കാൻ ഇതിലൂടെ എല്ലാം സാധിക്കും. ഇത്തരം ശ്രമങ്ങളെ
    അട്ടിമറിക്കാൻ ശ്രമിക്കുന്നവർ ഒറ്റപ്പെടും എന്നും, പൊതുമരാമത്ത് വകുപ്പിൻ്റെ പദ്ധതികളെ അള്ളുവക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവരെ ജനങ്ങൾ നേരിടും എന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
    Published by:Jayashankar AV
    First published: