തിരുവനന്തപുരം: കേന്ദ്ര കാര്‍ഷിക നിയമഭേദഗതിക്കെതിരായ സംസ്ഥാനത്തിന്റെ പ്രമേയത്തെ അനുകൂലിച്ചത് വിവാദമായതോടെ വിശദീകരണവുമായി ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍ രംഗത്തെത്തി. നിയമസഭയില്‍ പ്രമേയത്തെ ശക്തമായി താന്‍ എതിര്‍ത്തുവെന്നും പ്രമേയത്തെ അനുകൂലിക്കുന്നവര്‍, എതിര്‍ക്കുന്നവര്‍ എന്ന് സ്പീക്കര്‍ വേര്‍തിരിച്ചു ചോദിച്ചില്ലെന്നുമാണ് രാജഗോപാലിന്റെ വിശദീകരണം. ഒറ്റ ചോദ്യത്തില്‍ ചുരുക്കിയ സ്പീക്കര്‍ കീഴ്വഴക്ക ലംഘനം നടത്തിയെന്നും രാജഗോപാല്‍ ആരോപിച്ചു. പത്രകുറിപ്പിലൂടെയാണ് ഒ രാജഗോപാൽ നിലപാട് വ്യക്തമാക്കിയത്.
പ്രമേയവുമായി ബന്ധപ്പെട്ട് വോട്ടെടുപ്പിനിടെ സ്പീക്കര്‍ കീഴ്വഴക്കങ്ങള് ലംഘിച്ചെന്നും രാജഗോപാല്‍ പറഞ്ഞു. "വോട്ടെടുപ്പ് സമയത്ത് പ്രമേയത്തെ അനുകൂലിക്കുന്നവരേയും പ്രതികൂലിക്കുന്നവരേയും വേര്‍ത്തിരിച്ച് സ്പീക്കര്‍ ചോദിച്ചില്ല. വേര്‍തിരിച്ച് ചോദിക്കാതെ ഒറ്റ ചോദ്യ മാക്കി ചുരുക്കുകയായിരുന്നു. ഇത് കീഴ്വഴക്കങ്ങളുടെ ലംഘനമാണ്," ഒ രാജഗോപാല്‍ പറഞ്ഞു.
കാര്‍ഷിക ബില്ലുകള്‍ക്കെതിരായ പ്രമേയം പാസാക്കുന്നതിനായി സംസ്ഥാന നിയമസഭ സമ്മേളിച്ചപ്പോള്‍ പ്രമേയത്തിനെതിരെ സംസാരിച്ചത് ബിജെപി അംഗം ഒ.രാജഗോപാല്‍ മാത്രമാണ്. കേന്ദ്ര സര്‍ക്കാരിനെതിരെ സംസ്ഥാന സര്‍ക്കാരും മുഖ്യപ്രതിപക്ഷമായ യുഡിഎഫും നടത്തിയ പരാമര്‍ശങ്ങളെ രാജഗോപാല്‍ തള്ളി. എന്ത് പ്രശ്നം വന്നാലും മോദിയെ വിമര്‍ശിക്കണമെന്നാണ് ചിലര്‍ക്കെന്ന് രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു.
കര്‍ഷകര്‍ക്ക് പൂര്‍ണമായി സംരക്ഷണം നല്‍കുന്നതാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍. പ്രധാനമന്ത്രി കര്‍ഷകരുമായി ചര്‍ച്ച നടത്തിയില്ല എന്നത് വസ്തുതാവിരുദ്ധമാണ്. ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി തയ്യാറായിരുന്നു. നിയമങ്ങള്‍ പിന്‍വലിച്ചാലേ പ്രധാനമന്ത്രിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാകൂ എന്നാണ് കര്‍ഷകര്‍ നിലപാട് എടുത്തത്. പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവച്ചതിനാലാണ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടക്കാത്തതെന്നും രാജഗോപാല്‍ പറഞ്ഞു.
എന്നാല്‍, പ്രമേയത്തെ എതിര്‍ത്ത് രാജഗോപാല്‍ വോട്ട് ചെയ്തില്ല. പൊതു അഭിപ്രായത്തെ താന്‍ മാനിക്കുകയായിരുന്നു. അതുകൊണ്ടാണ് എതിര്‍ത്ത് വോട്ട് ചെയ്യാതിരുന്നത്. ബാക്കി എല്ലാവരും പ്രമേയത്തെ അനുകൂലിച്ചു. നിയമസഭയുടെ പൊതു അഭിപ്രായത്തെ താന്‍ പിന്തുണയ്ക്കുകയായിരുന്നു എന്ന് രാജഗോപാല്‍ പറഞ്ഞു. ഡെമോക്രാറ്റിക് സ്പിരിറ്റോടെയാണ് താന്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യാതിരുന്നതെന്നാണ് രാജഗോപാല്‍ നല്കിയ വിശദീകരണം.
നേരത്തെ, സഭയില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തെ അനുകൂലിച്ചാണു സംസാരിച്ചത്. കര്‍ഷകര്‍ക്കു നേട്ടമുണ്ടാകുന്നതിനു വേണ്ടിയാണ് നിയമങ്ങളെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രമേയം വോട്ടിനിട്ടപ്പോള്‍ രാജഗോപാല്‍ എതിര്‍ത്തില്ല. പ്രമേയം എതിര്‍പ്പില്ലാതെ പാസായെന്നു സ്പീക്കര്‍ ശ്രീരാമകൃഷ്ണന് അറിയിക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp mla O Rajagopal, Cm pinarayi vijayan, Farm Laws, Kerala assembly, Niyamasabha, O rajagopal, Resolution, Resolution against