• HOME
  • »
  • NEWS
  • »
  • kerala
  • »
  • തൃക്കാക്കര നഗരസഭയിൽ നാടകീയ രംഗങ്ങൾ; ഒളിച്ച് കളിച്ച് ചെയർപേഴ്സൺ; അധ്യക്ഷയെ തടഞ്ഞ് പ്രതിപക്ഷം

തൃക്കാക്കര നഗരസഭയിൽ നാടകീയ രംഗങ്ങൾ; ഒളിച്ച് കളിച്ച് ചെയർപേഴ്സൺ; അധ്യക്ഷയെ തടഞ്ഞ് പ്രതിപക്ഷം

നഗരസഭയുടെ പിൻവാതിലിലൂടെ എത്തിയ നഗരസഭാ അധ്യക്ഷ അജിതാ തങ്കപ്പനെ  കൗൺസിൽ യോഗം നടക്കേണ്ട ഹാളിലേക്ക് കടത്തിവിടാതെ പ്രതിപക്ഷം പ്രതിഷേധിച്ചു.

News18

News18

  • Share this:
    കൊച്ചി: പണക്കിഴി വിവാദത്തിനു ശേഷം തൃക്കാക്കര നഗരസഭയിൽ ചേർന്ന അടിയന്തര കൗൺസിലിന്റെ  യോഗത്തിൽ നാടകീയ രംഗങ്ങൾ. യോഗത്തിന് ഒരു മണിക്കൂർ മുമ്പ് ഹാളിന്റെ വാതിൽ അകത്തുനിന്ന് പൂട്ടിയ പ്രതിപക്ഷം മറ്റൊരു വാതിൽ മുദ്രാവാക്യം വിളികളുമായി ഉപരോധിക്കുകയും ചെയ്തു. നഗരസഭയുടെ പിൻവാതിലിലൂടെ എത്തിയ നഗരസഭാ അധ്യക്ഷ അജിതാ തങ്കപ്പനെ  കൗൺസിൽ യോഗം നടക്കേണ്ട ഹാളിലേക്ക് കടത്തിവിടാതെ പ്രതിപക്ഷം പ്രതിഷേധിച്ചു.

    ഇതോടെ യുഡിഎഫ് അംഗങ്ങൾ ഹെൽത്ത് ഇൻസ്പെക്ടറുടെ മുറിയിൽ കയറി. ഇവിടെ വെച്ച് കൗൺസിൽ യോഗം ചേർന്നുവെന്ന് നഗരസഭാ അധ്യക്ഷ അജിത അവകാശപ്പെട്ടു. എന്നാൽ സെക്രട്ടറി യോഗത്തിനെത്തിയിരുന്നില്ല. ചട്ടപ്രകാരം സെക്രട്ടറി പകരം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ യോഗം നിയന്ത്രിച്ചെന്നാണ് നഗരസഭാ അധ്യക്ഷയുടെ അവകാശവാദം. പ്രതിപക്ഷത്തിന്റെ അഭ്യാസം തന്നോട് വേണ്ടന്ന് വെല്ലുവിളിയ്ക്കുകയും ചെയ്തു. പൊലീസ് സംരക്ഷണത്തിലാണ് നഗരസഭാ അധ്യക്ഷ എത്തിയത്. നടപടികൾ പൂർത്തിയാക്കി ഭരണപക്ഷത്തിന്റെ പോലീസിന്റേയും സഹായത്തോടെ പുറത്തെത്തിയ അജിതാ തങ്കപ്പൻ ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിൽ സ്ഥലത്തു നിന്ന് പോകുകയും ചെയ്തു.

    ചെയർപേഴ്സൺ കൗൺസിൽ വിളിച്ചു ചേർത്തതറിഞ്ഞ പ്രതിപക്ഷം കൗൺസിൽ ഹാളിൽ യോഗം ചേർന്ന് അജണ്ട പാസാക്കിയതായി അറിയിച്ചു. നഗരസഭയിലെ സി.സി.ടി.വി ദൃശ്യങ്ങൾ സംരക്ഷിയ്ക്കുന്നതിൽ നടപടിയെടുത്തില്ലെന്നാരോപിച്ച് പ്രതിപക്ഷം തൃക്കാക്കര എ.സി.പി ഓഫീസിലേക്ക് മാർച്ചും നടത്തി.

    Also Read-'എന്തൊക്കെയായിരുന്നു, ആരും മിണ്ടണ്ട; മിണ്ടിയാല്‍ ലോക്ഡൗണ്‍'; സര്‍ക്കാരിനെ പരിഹസിച്ച് പി കെ അബ്ദുറബ്ബ്

    തൃക്കാക്കര നഗരസഭയിൽ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് പണം നൽകിയ ചെയർപേഴ്സന്‍റെ നടപടി വലിയ വിവാദമായിരുന്നു. ഓണപ്പുടവയോടൊപ്പം കൗൺസിലർമാർക്ക് കവറിൽ 10,000 രൂപയാണ് ചെയർപേഴ്സൻ അജിത തങ്കപ്പൻ സമ്മാനിച്ചത്. കൗൺസിലർമാരിൽ ചിലർ കവർ ചെയർപേഴ്സന് തന്നെ തിരിച്ച് നൽകി വിജിലൻസിൽ പരാതി നൽകി. ഇതോടെയാണ് സംഭവം പുറത്തായത്.

    തൃക്കാക്കര ന​ഗരസഭയിലെ പണക്കി‌ഴി വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ കോൺ​ഗ്രസ് ജില്ലാ കമ്മറ്റി ചെയർപേഴ്സനെ വെള്ളപൂശുന്ന റിപ്പോർട്ടാണ് തയ്യാറക്കിയത്. പണം കൈമാറ്റത്തിന് തെളിവില്ലെന്നായിരുന്നു വിശദീകരണം. റിപ്പോർട്ടിനെതിരായി ഒരു വിഭാഗം കോൺഗ്രസ് കൗൺസിലർമാർ തന്നെ രംഗത്തെത്തിയതോടെ അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിയ്ക്കേണ്ടതില്ലെന്നാണ് തീരുമാനം.

    കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷമേ റിപ്പോർട്ട് ഉണ്ടാകൂ. പാർലമെന്ററി പാർട്ടിയുടെ നിർദ്ദേശം കൂടി കേട്ട ശേഷമേ അന്തിമ റിപ്പോർട്ട് കൈമാറുകയുള്ളു. പാർലമെന്ററി പാർട്ടി യോഗത്തിൽ എത്തുന്ന കൗൺസിലർമാരുടെ നിർദ്ദേശം കൂടി കേൾക്കുമെന്ന് കമ്മിഷൻ അം​ഗങ്ങൾ അറിയിച്ചിട്ടുണ്ട്. ഒരു വിഭാഗത്തിന്റെ മാത്രം അഭിപ്രായം കേട്ടതിൽ വിമർശനവും ഉയർന്നിരുന്നു.

    പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് തർക്കമാണ് ഇത്തരമൊരു വിവാദത്തിലേക്കെത്തിയതെന്നാണ് തെളിവെടുപ്പിൽ കണ്ടെത്തിയിരിക്കുന്നത്. ചെയർപേഴ്സണെ മാറ്റുന്നതിന് ഇടത് കൗൺസിലർമാരുമായി ചേർന്ന് പാർട്ടിക്കകത്തെ ചിലർ നീക്കങ്ങൾ നടത്തിയെന്നും അതിന്റെ ഭാഗമായാണ് വിവാദം മാധ്യമങ്ങളിലൂടെ പുറത്തുവന്നതെന്നും റിപ്പോർട്ടിൽ പരാമർശമുള്ളതായാണ് സൂചന.  ഡി.സി.സി. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സെക്രട്ടറി കെ.എക്സ്. സേവ്യർ എന്നിവരാണ് ഇതുസംബന്ധിച്ച തെളിവ് ശേഖരിച്ചത്. സംഭവവുമായി ബന്ധമുള്ളവരെ ഡി.സി.സി. ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു തെളിവെടുപ്പ്.

    പണക്കിഴിയുമായി ബന്ധപ്പെട്ട പരാതിയിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെ ചെയർപേഴ്സൺ അജിതാ തങ്കപ്പനെതിരായ മൂന്നു പരാതികളിൽ പരിശോധയ്ക്കായി വിജിലൻസ് സംഘം കഴിഞ്ഞ ദിവസം നഗരസഭയിലെത്തിയിരുന്നു. നിയമന വിവാദം, ഭക്ഷ്യക്കിറ്റ് വിതരണത്തിലെ ക്രമക്കേട്, തോട് വൃത്തിയാക്കൽ തുടങ്ങിയവയിലെ പരാതികളുമായി ബന്ധപ്പെട്ട പരിശോധനയ്ക്കാണ് രണ്ടംഗ വിജിലൻസ് സംഘം നഗരസഭയിലെത്തിയത്. പണക്കിഴി വിവാദവുമായി ബന്ധപ്പെട്ട് കൗൺസിലർമാർ നൽകിയ പരാതിയിൽ വിജിലൻസ് ഉടൻ പ്രാഥമിക പരിശോധന നടത്തും.
    Published by:Naseeba TC
    First published: