കോഴിക്കോട് : പ്രതിപക്ഷം പ്രതിപക്ഷമായാണ് നില്‍ക്കേണ്ടത് അല്ലാതെ പ്രതികാരപക്ഷമായല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തെരഞ്ഞെടുപ്പ് കമ്മീഷനെ നുണ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കേരളത്തിന്റെ അന്നം മുടക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചതെന്നും പിണറായി വിജയന് പറഞ്ഞു. കേഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ നിവേദനത്തില്‍ പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചത് ഏപ്രിലിലെ സാമൂഹിക ക്ഷേമ പെന്‍ഷനടൊപ്പം മെയ് മാസത്തേതു കൂടി നല്കുന്നു എന്നാണ്. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്ന് ഉത്തരവാദിത്വപ്പെട്ട കേന്ദ്രത്തിലേക്ക് പരാതി അയക്കുമ്പോള്‍ വസ്തുതാപരമായിരിക്കേണ്ടെ എന്നും പിണറായി വിജയന് ചോദിച്ചു.
മെയ് മാസത്തിലെ സാമൂഹിക ക്ഷേമപെൻഷൻ സർക്കാർ മുന്‍കൂറായി നല്‍കുന്നില്ല. മാര്‍ച്ചും ഏപ്രിലും കൂടിയാണ് നല്‍കുന്നത്. ഫെബ്രുവരി എട്ടിന് തെരഞ്ഞെടുപ്പ് സംബന്ധിച്ച് സൂചനപോലും വരാത്ത സമയത്താണ് ഏപ്രില്‍ മാസത്തെ പെന്ഷന് ഏപ്രില്‍ 14ന് മുമ്പ് വിതരണം ചെയ്യണമെന്ന ഉത്തരവിറക്കിയത്. വിശേഷ ദിവസങ്ങളില്‍ സാമൂഹിക ക്ഷേമ പെന്‍ഷനും ശമ്പളവും നേരത്തെ തന്നെ വിതരണം ചെയ്യുന്ന രീതിയുണ്ട്. ഈ രീതി ഇതുവരെ പ്രതിപക്ഷ നേതാവ് കണ്ടിട്ടില്ലെ എന്നും മുഖ്യമന്ത്രി ചോദിച്ചു.
Also Read-
രാജ്യത്ത് 24 മണിക്കൂറിനിടെ 62714 കോവിഡ് കേസുകൾ; അഞ്ചുമാസത്തിനിടെ ഏറ്റവും ഉയർന്ന കണക്ക്
വിഷു കിറ്റ് വിതരണത്തിനെതിരേ ചെന്നിത്തല ഉന്നയിച്ച ആക്ഷേപത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു. കോവിഡ് കാലത്ത് ദുരിതമനുഭവിച്ച സമയത്താണ് ഭക്ഷ്യക്കിറ്റ് നല്കിത്തുടങ്ങിയത്. ഭക്ഷ്യ കിറ്റെന്നത് പുതിയ കാര്യങ്ങളല്ല മാസങ്ങളായി നല്‍കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2020ലെ ഓണം ഓഗസ്റ്റ് മാസം 31 നായിരുന്നു അന്ന് ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങിയത് ആഗസ്റ്റ് 11നാണ്. ഓണത്തിന് കിറ്റ് കൊടുത്തില്ല എന്ന് ആരോപിക്കുന്നവര്‍ക്കാണ് മറുപടി എന്നും മുഖ്യമന്ത്രി പറഞ്ഞു.
"ഇതൊന്നും തെരഞ്ഞെടുപ്പുമായി ബന്ധമില്ലാത്തതാണ്. കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞിയുടെ ഭാഗമായുള്ള അരിയാണ് നല്‍കുന്നത്. ആദ്യഘട്ടം നേരത്തെ നല്കി. ഫെബ്രുവരി 20ന് തന്നെ പുതുക്കിയ ഉത്തവ് പുറത്തിറക്കിയിരുന്നു. മാര്‍ച്ച് മാസത്തിൽ തന്നെ പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. നേരത്തെ തീരുമാനിച്ച കാര്യം എങ്ങനെയാണ് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാകുന്നത്"- മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷ നേതാവ് പറയുന്നത് പോലെ ജനങ്ങള്‍ക്കുള്ള സൗജന്യമല്ല ജനങ്ങളുടെ അവകാശമാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു. വസ്തുതകള്‍ എന്തെന്ന് മനസ്സിലാക്കി തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Also Read-
'സ്പീക്കർ ദുരുദ്ദേശത്തോടെ ഫ്ലാറ്റിലേക്കു വിളിപ്പിച്ചു' സ്വപ്നയുടെ ഗുരുതര മൊഴി
സംസ്ഥാനത്ത് നടത്തിയ പഠനത്തിന്റെ ഭാഗമായി കേരളത്തില്‍ 10.76 ആളുകള്‍ക്ക് മാത്രമാണ് കേരളത്തില്‍ കോവിഡ് വന്നത്. ഏകദേശം 90 ശമാനം ആളുകളെ കോവിഡ് ഇതുവരെ ബാധിച്ചിട്ടില്ല. പ്രതിരോധ സംവിധാനം ഫലപ്രദമായതുകൊണ്ടാണ് രോഗവ്യാപനം കുറഞ്ഞത്. അതേസമയം രോഗം പിടിപെടാത്ത ഒരുപാടാളുകള്‍ ഉള്ളതുകൊണ്ട് തന്നെ രോഗവ്യാപനത്തിനുള്ള സാധ്യത ശക്തമായി നിലനില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.