തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഈ ദുരിതകാലത്ത് ജനങ്ങളെ ഇത്രമാത്രം വഞ്ചിച്ച ക്യാപിറ്റലിസ്റ്റ് സര്‍ക്കാരുകള്‍ പോലും ലോകത്ത് ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ജീവിക്കാന്‍ വരുമാനമില്ലാത്ത ജനങ്ങളില്‍ നിന്നു ലക്ഷക്കണക്കിന് കോടി രൂപ അധിക വരുമാനം നേടുന്ന കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒരു ആശ്വാസം പദ്ധതി പോലും ഈ മഹാമാരികാലത്ത് നടപ്പാക്കിയിട്ടില്ലെന്നും അധിക വരുമാനം ലഭിക്കുന്ന സംസ്ഥാന സര്‍ക്കാരും തുടരുന്നത് ഇതേ സമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന അധിക വരുമാനത്തില്‍ നിന്നു ഓട്ടോ, ടാക്സി, ബസ്, ചരക്കു വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് സബ്സിഡി നല്‍കണമെന്ന ന്യായമായ ആവശ്യം പോലും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും ആ പ്രതിഷേധങ്ങള്‍ക്ക് യു.ഡി.എഫ്. നേതൃത്വം കൊടുക്കുമെന്നും വി ഡി സതീശന് പറഞ്ഞു.
വി ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നമ്മുടെ ഒക്കെ സംഭാഷണങ്ങളില്‍ പെട്രോള്‍ ഡീസല്‍ വില സെഞ്ച്വറി അടിക്കുമെന്ന് പറയുമെങ്കിലും ഒരു ജനകീയ സര്‍ക്കാരിന്റെ കാലത്ത് ജനങ്ങളെ അത്രത്തോളം വെല്ലുവിളിക്കാന്‍ ഭരണകൂടങ്ങള്‍ അനുവദിക്കില്ല എന്ന ഒരു വിശ്വാസം മനസ്സില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട്ടിലും ഇന്ന് പെട്രോള്‍ വില നൂറ് കടന്നു. ഈ ദുരിതകാലത്ത് ജനങ്ങളെ ഇത്രമാത്രം വഞ്ചിച്ച ക്യാപ്പിറ്റലിസ്റ്റ് സര്‍ക്കാറുകള്‍ പോലും ലോകത്ത് ഉണ്ടാവില്ല.
ജീവിക്കാന്‍ വരുമാനമില്ലാത്ത ജനങ്ങളില്‍ നിന്നു ലക്ഷക്കണക്കിന് കോടി രൂപ അധിക വരുമാനം നേടുന്ന കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒരു ആശ്വാസം പദ്ധതി പോലും ഈ മഹാമാരികാലത്ത് നടപ്പാക്കിയിട്ടില്ല. അധിക വരുമാനം ലഭിക്കുന്ന സംസ്ഥാന സര്‍ക്കാരും തുടരുന്നത് ഇതേ സമീപനമാണ്.
പരസ്പരം കുറ്റപ്പെടുത്തി ഖജനാവ് നിറയ്ക്കാന്‍ ശ്രമിക്കുകയാണ് ഇരുകൂട്ടരും. ഇതാണ് ഞങ്ങള്‍ കഴിഞ്ഞ നിയസഭാ സമ്മേളനത്തില്‍ ഉയര്‍ത്തിയ വിഷയം.
സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന അധിക വരുമാനത്തില്‍ നിന്നു ഓട്ടോ, ടാക്സി, ബസ്, ചരക്കു വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് സബ്സിഡി നല്‍കണമെന്ന ന്യായമായ ആവശ്യം പോലും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
രാജ്യം മുഴുവന്‍ ഇന്ധന വില ജി. എസ്. ടി. പരിധിയില്‍ കൊണ്ട് വരണമെന്ന് ആവശ്യപ്പെടുമ്പോള്‍ അതിനോട് മുഖം തിരിച്ചു നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. എതിര് ശബ്ദം പോലും ഉയര്‍ത്താന്‍ കഴിയാത്ത മഹാമാരിക്കാലത്ത് അവരെ കൈയും കാലും കെട്ടിയിട്ടു അടിക്കുന്നതിനു തുല്യമാണ് ഇത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണം. ആ പ്രതിഷേധങ്ങള്‍ക്ക് യു.ഡി.എഫ്. നേതൃത്വം കൊടുക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Central government, Facebook post, Fuel price hike, Opposition leader V D Satheesan, State government