• HOME
 • »
 • NEWS
 • »
 • kerala
 • »
 • സ്വര്‍ണക്കടത്ത് കേസില്‍ ഭരണകക്ഷി ഇടപെട്ടെന്ന ആരോപണം അന്വേഷിക്കണം; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

സ്വര്‍ണക്കടത്ത് കേസില്‍ ഭരണകക്ഷി ഇടപെട്ടെന്ന ആരോപണം അന്വേഷിക്കണം; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

സ്ഥലം മാറി പോയ കസ്റ്റംസ് കമ്മിഷണറാണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിനെ സ്വാധീനിക്കാന്‍ ഇടപെട്ടിട്ടുണ്ടോ എന്നതില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും നിലപാട് വ്യക്തമാക്കണമെന്നും ഇരിങ്ങാലക്കുട നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

 പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

 • Share this:
  തൃശൂര്‍: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഭരണകക്ഷി ഇടപെട്ടെന്ന് കസ്റ്റംസ് കമ്മീഷണറുടെ ആരോപണം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്ഥലം മാറി പോയ കസ്റ്റംസ് കമ്മിഷണറാണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിനെ സ്വാധീനിക്കാന്‍ ഇടപെട്ടിട്ടുണ്ടോ എന്നതില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും നിലപാട് വ്യക്തമാക്കണമെന്നും ഇരിങ്ങാലക്കുട നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

  എല്ലാ കേന്ദ്ര ഏജന്‍സികളും തെരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് വരെ കേസന്വേഷണത്തിന്റെ പുരോഗതി മാധ്യമങ്ങളെ അറിയിച്ചിരുന്നു. അത് നിര്‍ത്തിയത് ബി.ജെ.പി- സി.പി.എം ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ ഭാഗമായാണ്. ഇതിന്റെ തുടര്‍ച്ചയാണ് കൊടകര കുഴല്‍പ്പണ കേസിലും കണ്ടത്. ബി.ജെ.പി നേതാക്കളെ രക്ഷപ്പെടുത്താനുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുലയാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

  കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ പ്രതികളെ സി.പി.എം ഭയപ്പെടുകയാണ്. പാര്‍ട്ടി നേതൃത്വം അറിഞ്ഞ ശേഷവും നൂറു കോടി രൂപയുടെ തട്ടിപ്പാണ് കരുവന്നൂര്‍ ബാങ്കില്‍ നടന്നത്. തട്ടിപ്പ് അറിഞ്ഞിട്ടും മറച്ചുവച്ച പാര്‍ട്ടി ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ ഇക്കാര്യത്തില്‍ ഉത്തരം പറയുകയും സാധാരണക്കാര്‍ക്ക് നഷ്ടമായ പണം ലഭ്യമാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തുകയും ചെയ്യണം. ഇല്ലെങ്കില്‍ സഹകരണ മേഖല ഒന്നാകെ തകര്‍ന്നു പോകും. ഒന്നോ രണ്ടോ ഭരണ സമിതി അംഗങ്ങള്‍ വിചാരിച്ചാല്‍ പണം തട്ടാന്‍ കഴിയും എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. സഹകരണ പ്രസ്ഥാനങ്ങള്‍ തകരാതിരിക്കാന്‍ വിശ്വാസ്യത ഉണ്ടാക്കുന്ന നടപടി സ്വീകരിക്കണമെന്നും സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

  സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ഉത്തേജക പാക്കേജ് തട്ടിപ്പാണെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. ലോണുകള്‍ പുനസംഘടിപ്പിക്കുന്നതും 1700 കോടി രൂപ പെന്‍ഷന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയതും എങ്ങിനെയാണ് പാക്കേജിന്റെ ഭാഗമാവുകയെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് വ്യാപകമായ ആത്മഹത്യകള്‍ നടക്കുകയാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് ബാങ്കുകളുടെ യോഗം വിളിച്ചു എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിച്ച സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനു ശേഷം യോഗം വളിക്കാന്‍ പോലും തയാറായിട്ടില്ല. പ്രതിപക്ഷം പറഞ്ഞതിനു ശേഷം കഴിഞ്ഞ ദിവസം യോഗം വിളിച്ചു. എന്നാല്‍ മൊറട്ടോറിയം പ്രഖ്യാപിച്ചില്ല. എല്ലാ ധനകാര്യ സ്ഥാപനങ്ങളും പതിനായിരക്കണക്കിന് റിക്കവറി നോട്ടീസുകള്‍ അയയ്ക്കുകയാണ്. ഈ റിക്കവറി നിര്‍ത്തി വയ്ക്കാന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടേണ്ടത് സര്‍ക്കാരാണ് അദ്ദേഹം പറഞ്ഞു.

  കടക്കെണിയുടെ പേരിലുള്ള മുഴുവന്‍ ആത്മഹത്യകള്‍ക്കും സര്‍ക്കാരാണ് ഉത്തരവാദിയെന്നും മുഴുവന്‍ റിക്കവറി നടപടികളും നിര്‍ത്തി വയ്്ക്കാന്‍ തയാറാകണമെന്നും പ്രതിപക്ഷം ഉന്നയിച്ച കോവിഡ് കമ്മിഷന്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ശരിവയ്ക്കുന്ന രീതിയാലാണ് മുന്‍ ആരോഗ്യ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പ്രതികരണങ്ങളെന്നും വി.ഡി സതീശന്‍ കൂട്ടിചേര്‍ത്തു

  നിസാരമായ കോടതി പരാമര്‍ശങ്ങളുടെ പേരില്‍ പലരുടെയും രാജി ആവശ്യപ്പെട്ടയാളാണ് സീതാറാം യെച്ചൂരി. അതുകൊണ്ടാണ് ശിവന്‍കുട്ടിയുടെ വിഷയത്തില്‍ അദ്ദേഹം പ്രതികരിക്കാത്തത്. ധാര്‍മ്മികതയുടെ പേരിലാണ് കെ. കരുണാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ രാജി വച്ചത്. ഇപ്പോള്‍ കൈയ്യും കെട്ടി പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന വിദ്യാഭ്യാസമന്ത്രി രാജി വയ്ക്കില്ലെന്നാണ് പറയുന്നത്. അതിനു പിന്നില്‍ മറ്റെന്തോ കാരണമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
  Published by:Karthika M
  First published: