തിരുവനന്തപുരം: പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്കൊന്നും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി തന്റെ പ്രസംഗത്തിൽ മാധ്യമങ്ങളെ കുറ്റം പറയുക മാത്രമാണ് ചെയ്തത്. തിരുവായ്ക് എതിര്വായില്ലന്ന മട്ടില്‍ മാധ്യമങ്ങള്‍ മാറണമെന്നാണോ മുഖ്യമന്ത്രി പറയുന്നത്.
മാധ്യമപ്രവര്‍ത്തകരെ കടന്നാക്രമിക്കുന്ന സൈബര്‍ ഗുണ്ടകള്‍ക്കുള്ള പ്രോത്സാഹനമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗമെന്നും ചെന്നിത്തല പറഞ്ഞു. അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
എട്ടോളം അഴിമതി ആരോപണങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. അതിലൊന്നിലും മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ നിന്നും മുഖ്യമന്ത്രി ഒളിച്ചോടുന്നതാണ് സഭയില്‍ കണ്ടത്. സഭയുടെ എല്ലാ അന്തസും നടപടിക്രമങ്ങളും പാലിച്ച് പ്രതിപക്ഷം സര്‍ക്കാരിനെ തുറന്ന് കാട്ടി. ബ്രൂവറി ഡിസ്റ്റലറി , മാര്‍ക്ക്ദാനം സ്പ്രിങ്ക്ളർ, ഇ മൊബലിറ്റി, പമ്പാ മണല്‍ക്കടത്ത്, ബെവ് കോ ആപ്പ്, സിവില്‍ സപ്ളൈസ് അഴിമതി, അദാനിയെ സഹായിച്ച ആരോപണം എന്നിവയ്ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.
കേരളത്തിലെ കണ്ണായ ഭൂമി കൊള്ള സംഘങ്ങള്‍ക്ക് തീറെഴുതി നല്‍കുന്നതുമായി ബന്ധപ്പെട്ടുന്നയിച്ച അഴിമതിയാരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകിയില്ല. ദീര്‍ഘമായ പ്രസംഗത്തില്‍ ഏത് സര്‍ക്കാരുകളും ചെയ്യുന്ന കുറെ കാര്യങ്ങളൊക്കുറിച്ച് മാത്രമാണ് പറഞ്ഞത്. കാതലായ ഒരു വിഷയങ്ങളും സ്പര്‍ശിച്ചില്ലെന്ന് ചെന്നിത്തല പറഞ്ഞു.
നനഞ്ഞ പടക്കം പോലെയായിരുന്നു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രസംഗം. അഴിമതിയില്‍ മുങ്ങിക്കുളിച്ച് കേരളത്തിലെ ജനങ്ങളെ മുഴുവന്‍ കബളിപ്പിക്കുന്ന ഒരു സര്‍ക്കാരാണിതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assembly, Cm pinarayi, Gold Smuggling Case, Ldf government, LIFE Mission, Non trust motion, Opposition, Pinarayi government, Swapna suresh, Vd satheeasan