• HOME
  • »
  • NEWS
  • »
  • kerala
  • »
  • പൊലീസിനെ നയിക്കുന്നത് കൊളളസംഘം; ഡിജിപിയുടെ അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെ: ചെന്നിത്തല

പൊലീസിനെ നയിക്കുന്നത് കൊളളസംഘം; ഡിജിപിയുടെ അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെ: ചെന്നിത്തല

പൊലീസ് ഹെഡ് ക്വാട്ടേഴ്‌സില്‍ സന്ദര്‍ശകരെ സ്വീകരിക്കാന്‍ വാങ്ങിയ റോബോട്ട് എവിടെ പോയെന്നും ചെന്നിത്തല.

News18

News18

  • Share this:
തിരുവനന്തപുരം: പൊലീസിനെ നിയന്ത്രിക്കുന്നത് കൊള്ള സംഘമാണെന്നതുൾപ്പെടെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിജിപി അഴിമതി നടത്തിയത്  മുഖ്യമന്ത്രിയുടെ അറിവോടെയാണ്.  സി.എ.ജി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം വേണം. ഡിജിപിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

റൈഫിളുകളും വെടിയുണ്ടകളും നഷ്ടമായതിന്റെ ഗൗരവം കുറയ്ക്കുന്നതിന് വേണ്ടിയാണ് യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് ഇതെല്ലാം സംഭവിച്ചതെന്നുള്ള വ്യാജ പ്രചരണം സിപിഎം നടത്തുന്നത്. സിഎജിയുടെ റിപ്പോര്‍ട്ടില്‍ ഒരിടത്തും യുഡിഎഫ് കാലത്തിലാണ് അഴിമതി ഉണ്ടായതെന്ന് സൂചന പോലുമില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഡിജിപിക്ക് പര്‍ച്ചേയ്‌സ് നടത്താനുള്ള അനുമതി ആരാണ് നല്‍കിയിരിക്കുന്നത്. ഇതെല്ലാം സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായാണ് കാണുന്നത്. നിയമവിരുദ്ധമായി വാങ്ങല്‍ നടത്തുകയും സര്‍ക്കാര്‍ അംഗീകാരം നടത്തുകയും ചെയ്താല്‍ ഭരണത്തിന്റെ ഉന്നതതലത്തിലുള്ള അനുമതി ഇതിന് ഉണ്ടെന്നാണ് കരുതേണ്ടത്. ചട്ടങ്ങള്‍ പാലിക്കാതെയാണ് കേന്ദ്രഫണ്ട് വിനിയോഗിക്കുന്നത്. പൊലീസ് ഹെഡ് ക്വാട്ടേഴ്‌സില്‍ സന്ദര്‍ശകരെ സ്വീകരിക്കാന്‍ വാങ്ങിയ റോബോട്ട് എവിടെ പോയി ?  ഒരു കോടിയാണ് ചെലവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

സംഭവത്തില്‍ ചീഫ് സെക്രട്ടറിക്കുള്ല പങ്കും അന്വേഷിക്കണം. പൊലീസ് വാങ്ങിയ വാഹനം എങ്ങനെയാണ് ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത്. ടൂറിസം വകുപ്പാണ് മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് വാഹനം നല്‍കുന്നത്. പൊലീസ് വകുപ്പിന്റെ വാഹനം ചീഫ് സെക്രട്ടറിക്ക് നല്‍കിയത് അസാധാരണമായ നടപടിയാണെന്നും ചെന്നിത്തല ആരോപിച്ചു.

കെല്‍ട്രോണുമായി ബന്ധപ്പെട്ട് വന്‍ ആരോപണങ്ങളാണ് സിഎജി റിപ്പോര്‍ട്ടില്‍ ഉയര്‍ന്നു വരുന്നത്. അവിടെയാണ് അഴിമതിയുടെ യഥാര്‍ഥ ചിത്രം പുറത്തുവരുന്നത്. സിസിടിവി ഉപയോഗിച്ചു കൊണ്ടുള്ള സുരക്ഷാപദ്ധതിയില്‍ വന്‍തട്ടിപ്പാണ്. ഇത്തരമൊരു പദ്ധതി തന്നെ അനാവശ്യമാണ്.

ഗലക്‌സോണ്‍ ആരുടെ ബിനാമി കമ്പനിയാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. ഗാലക്‌സോണിനു വേണ്ടി ചരടുവലിച്ചത് ആരാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കോണ്‍ഗ്രസ് ഭരണകാലത്ത് എന്തെങ്കിലും ക്രമക്കേട് നടന്നെന്ന് സിപിഎമ്മിന് സംശയമുണ്ടെങ്കില്‍ അത് കൂടി അന്വേഷണിക്കണം. കേസ് സിബിഐക്ക് നല്‍കാനുള്ള മര്യാദ സര്‍ക്കാര്‍ കാണിക്കണം- ചെന്നിത്തല പറഞ്ഞു.

പേരൂര്‍ക്കട ആംഡ് പൊലീസ് ബറ്റാലിയനിലെ ആയുധശേഖരത്തില്‍നിന്ന് വെടി ഉണ്ട കാണാതായ കേസിലെ മൂന്നാം പ്രതി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനാണ്. ഇതു സംബന്ധിച്ച് കഴിഞ്ഞ ഏപ്രിലിലാണ് എസ്.എ.പി. കമാന്റന്റ് പരാതി നല്‍കിയത്.
2019 ഏപ്രില്‍ 3 ന് ഗണ്‍മാനെതിരെ കേസും എടുത്തു. എന്നിട്ടും എന്തുകൊണ്ടാണ് മന്ത്രി ഗണ്‍മാനെ സംരക്ഷിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

Also Read ചീഫ് സെക്രട്ടറിയെക്കൊണ്ട് മറുപടി പറയിച്ചത് തുറന്ന യുദ്ധത്തിന്; സി.എ.ജിയുമായി ഏറ്റുമുട്ടാൻ സർക്കാർ

Published by:Aneesh Anirudhan
First published: