• HOME
 • »
 • NEWS
 • »
 • kerala
 • »
 • പറയാത്ത കാര്യം പറഞ്ഞെന്ന് പറഞ്ഞ് പരിഹസിക്കുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് ചേര്‍ന്നതല്ല: രമേശ് ചെന്നിത്തല

പറയാത്ത കാര്യം പറഞ്ഞെന്ന് പറഞ്ഞ് പരിഹസിക്കുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് ചേര്‍ന്നതല്ല: രമേശ് ചെന്നിത്തല

സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായിപ്രതിപക്ഷം സഹകരിക്കുമെന്നാണ് താന്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. അത് പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അന്ധമായ പ്രതിപക്ഷ വിരോധം കാരണമാണ് മുഖ്യമന്ത്രി അവാസ്തവമായ കാര്യങ്ങള്‍ പറയുന്നത്.

രമേശ് ചെന്നിത്തല, പിണറായി വിജയൻ

രമേശ് ചെന്നിത്തല, പിണറായി വിജയൻ

 • Last Updated :
 • Share this:
  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് താന്‍ പറഞ്ഞെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരവും പൂര്‍ണമായും വാസ്തവ വിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഏത് ഘട്ടത്തിലായാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ സംഭാവന ചെയ്യുന്നത് നല്ല കാര്യമാണെന്നാണ് താന്‍ പറഞ്ഞത്. മാധ്യമങ്ങളെല്ലാം അത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. എന്നിട്ടും ആരോ പറഞ്ഞത് കേട്ടിട്ടോ, ബോധപൂര്‍വ്വമോ താന്‍ പറയാത്ത കാര്യം പറഞ്ഞെന്ന് പറഞ്ഞു പരിഹസിക്കുന്നത് മുഖ്യമന്ത്രി എന്ന ഉന്നത പദവിയിലിരിക്കുന്നയാള്‍ക്ക് ചേര്‍ന്നതല്ലെന്ന് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.

  അദ്ദേഹം ഇത്രയും തരം താഴരുത്. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പൂര്‍ണ്ണ മനസ്സോടെ പ്രതിപക്ഷം സഹകരിക്കുമെന്നാണ് താന്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. അത് പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അന്ധമായ പ്രതിപക്ഷ വിരോധം കാരണമാണ് മുഖ്യമന്ത്രി അവാസ്തവമായ കാര്യങ്ങള്‍ പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.

  Also Read 'ഏത് സ്ഥാനത്തിരുന്നാലും വിടുവായത്തം പറയുന്നു'; വി. മുരളീധരന് മറുപടിയുമായി പിണറായി വിജയൻ

  വാക്‌സിന്‍ ചാലഞ്ചിനെ വിമര്‍ശിച്ച കേന്ദ്ര സഹമന്ത്രി വി മുരളീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും  മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പരിഹസിച്ചിരുന്നു. ഏത് സ്ഥാനത്തിരുന്നാലും വിടുവായത്തമാണ് പറയുന്നതെന്ന് വി.മുരളീധരനെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമര്‍ശിച്ചു. വാക്‌സിന്‍ ചാലഞ്ചിലൂടെ ലഭിക്കുന്ന പണം സിപിഎം നേതാക്കളുടെ അക്കൗണ്ടിലേക്കെത്തരുതെന്ന് ഉറപ്പാക്കണമെന്ന് വി.മുരളീധരന്‍ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു.

  പ്രതിപക്ഷ നേതാവ് എന്ന നിലക്ക് മത്സരിക്കുന്ന രണ്ടു പേരുടെ പ്രസ്താവനയാണ് ഇന്ന് കണ്ടത്. എന്നാല്‍ ഏതൊരു പ്രതിപക്ഷ നേതാവിനും സമൂഹത്തോടുള്ള ഉത്തരവാദിത്തം മറന്ന് പ്രവര്‍ത്തിക്കാനാവില്ല. പക്ഷേ ആശ്ചര്യകരമായ നിലപാടാണ് ഇത്തരം കാര്യങ്ങളില്‍ ഇവര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയാതിരിക്കലാണ് ഭംഗിയെന്നാണ് തനിക്ക് തോന്നുന്നത്. ഈ ഘട്ടത്തില്‍ രാഷ്ട്രീയ വ്യത്യാസമന്യേ എല്ലാവരും ഇതുമായി സഹകരിക്കാന്‍ തയ്യാറാകുകയാണ്. നമ്മുടെ നാടിന്റെ പ്രത്യേകത അതാണ്.

  Also Read 'വാക്‌സിന്‍ ചലഞ്ച് കൊള്ളാം'; പ്രളയഫണ്ട് പോലെ സിപിഎം നേതാക്കളുടെ അക്കൗണ്ടിലെത്തില്ലെന്ന് ഉറപ്പാക്കണം;  വി മുരളീധരന്‍

  ഇതൊരു ദുരന്ത ഘട്ടമാണ്. വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാകണം. അതിന് പണം കൊടുക്കണം എന്ന് വന്നപ്പോള്‍ ആളുകള്‍ സ്വയം മുന്നോട്ട് വരികയാണ് ഉണ്ടായിട്ടുള്ളത്. യാഥാര്‍ത്ഥത്തില്‍ യുവജനങ്ങളാണ് ഈ ക്യാമ്പയിന് തുടക്കം കുറിച്ചത്. പിന്നീട് സമൂഹം അത് ഏറ്റെടുക്കുന്ന നിലയാണ് ഉണ്ടായിട്ടുള്ളത്. നമ്മുടെ സമൂഹത്തിന്റെ പ്രത്യേകയാണ് അതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

  Also Read 'ഭയക്കേണ്ട സ്ഥിതി നിലവില്‍ കേരളത്തിലില്ല; അഗ്നിപര്‍വ്വതത്തിന് മുകളിലാണെന്നത് മറക്കണ്ട': മുഖ്യമന്ത്രി

  കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് പ്രകാരം കൊവിഷീൽഡ് വാക്സീൻ ഡോസിന് സ്വകാര്യ ആശുപത്രി 600 രൂപ നൽകണം. അങ്ങിനെ വന്നാൽ ലോകത്ത് ഏറ്റവും ഉയർന്ന വില വാക്സീന് നൽകുന്ന രാജ്യമായി നമ്മുടെ രാജ്യം മാറും. കേന്ദ്രത്തിന് 150, സംസ്ഥാനത്തിന് 400, സ്വകാര്യ ആശുപത്രികൾക്ക് 600 എന്നിങ്ങനെയാണ് വില. 18 വയസിന് മുകളിലുള്ളവർക്ക് വാക്സീൻ സ്വീകരിക്കാനാണിത്.

  രാജ്യാന്തര വിപണിയിൽ എട്ട് ഡോളർ വരും ഇത്. ഏറ്റവും ഉയർന്ന വിലയാണിത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച സംസ്ഥാനങ്ങൾക്കുള്ള വില പോലും യൂറോപ്പ്, യുകെ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ സർക്കാരുകൾ നേരിട്ട് വാങ്ങുന്ന വിലയിലും കുറവാണ്. ആഫ്രിക്കൻ രാജ്യങ്ങളും ബംഗ്ലാദേശും അടക്കമുള്ളവ ഇതിലും കുറഞ്ഞ നിരക്കാണ് വാക്സീൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് നൽകുന്നത്. ഇവിടെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബംഗ്ലാദേശ് നേരിട്ട് വാക്സീൻ വാങ്ങുന്നത് 4 ഡോളർ നൽകിയിട്ടാണ്. ഏകദേശം 300 രൂപ.

  ഡോസിന് 150 രൂപ നിരക്കിൽ തന്നെ കമ്പനി ലാഭമുണ്ടാക്കുന്നുണ്ടെന്നാണ് വാക്സീൻ വിതരണം ആരംഭിച്ചപ്പോൾ സിറം ഇൻസ്റ്റിറ്റ്യൂട്ട് അഭിപ്രായപ്പെട്ടത്. അന്ന് ലാഭമുണ്ടാക്കുന്നുവെന്ന് പറഞ്ഞ ആ നിരക്ക് പിന്നെങ്ങിനെയാണ് ഇത്ര കണ്ട് മാറിയത്. വാക്സീന് വിലയീടാക്കുന്നത് ന്യായമല്ല. ഇപ്പോഴത്തെ വില ന്യായവിലയല്ല. ഇത് പറഞ്ഞ് ഇന്നും പ്രധാനമന്ത്രിക്ക് കത്തയച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
  Published by:Aneesh Anirudhan
  First published: