'പിന്നേ... ഉള്ള വോട്ട് ചേർക്കാത്ത കോൺഗ്രസുകാരാ കളളവോട്ട് ചേർക്കുന്നത്': രമേശ് ചെന്നിത്തല
'പിന്നേ... ഉള്ള വോട്ട് ചേർക്കാത്ത കോൺഗ്രസുകാരാ കളളവോട്ട് ചേർക്കുന്നത്': രമേശ് ചെന്നിത്തല
ഇരട്ടവോട്ടിൽ വന്നിട്ടുള്ള തെളിവുകളെല്ലാം കോൺഗ്രസിന് എതിരാണെന്നും, മറ്റൊരു പാർട്ടിയും കള്ളവോട്ട് ചേർക്കാൻ ശ്രമിച്ചതായി അറിയില്ലായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു
തിരുവനന്തപുരം: വോട്ടർപ്പട്ടികയിൽ കള്ളവോട്ടുകൾ ചേർത്തത് യുഡിഎഫുകാരാണെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഒർജിനൽ വോട്ടുകള്‍ പോലും പട്ടികയിൽ ചേർക്കാത്തവരാണ് കള്ളവോട്ട് ചേർക്കാൻ മെനക്കെടുന്നത് എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. 'വോട്ടർപ്പട്ടികയിൽ കള്ളവോട്ട് ചേർത്തത് പ്രതിപക്ഷ നേതാവിന്റെ പാർട്ടിക്കാരാണെന്ന് മുഖ്യമന്ത്രി പറയുന്നത് കേട്ടു. നാട്ടിലുള്ളവരുടെ ഒർജിനൽ വോട്ടുകൾ പട്ടികയിൽ ചേർക്കാൻ പറഞ്ഞിട്ട് ഞങ്ങളുടെ മണ്ഡലം കമ്മിറ്റിക്കാരും ബൂത്ത് കമ്മിറ്റിക്കാരും അത് ചെയ്യുന്നില്ല. പിന്നെയാണ് കള്ളവോട്ട് ചേർക്കാൻ അവർ മെനക്കെടുന്നത്' എന്നായിരുന്നു വാക്കുകൾ.
ഇരട്ടവോട്ടിൽ വന്നിട്ടുള്ള തെളിവുകളെല്ലാം കോൺഗ്രസിന് എതിരാണെന്നും, മറ്റൊരു പാർട്ടിയും കള്ളവോട്ട് ചേർക്കാൻ ശ്രമിച്ചതായി അറിയില്ലായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഇരട്ട വോട്ട് സംബന്ധിച്ച് വിവാദം ഉയർത്തിക്കൊണ്ടു വന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെയായിരുന്നു. വോട്ട് ചേര്‍ത്തവരില്‍ കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
ഒരേ വ്യക്തിയുടെ ഫോട്ടോയും വിവരങ്ങളും നിരവധി തവണ ആവര്‍ത്തിച്ച് വ്യാജ വോട്ടുകള്‍ സൃഷ്ടിക്കപ്പെട്ടതിനെ പറ്റിയാണ് അദ്ദേഹം ആദ്യം പരാതി ഉന്നയിച്ചത്. അറുപത്തിയഞ്ചോളം മണ്ഡലങ്ങളിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു. ഇത് കൂടാതെ ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റു പേരുകളിലും വിലാസങ്ങളിലും വ്യാജവോട്ടര്‍മാരെ സൃഷ്ടിക്കുന്നു എന്ന ക്രമക്കേട് ചൂണ്ടിക്കാട്ടിയും പ്രതിപക്ഷ നേതാവ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു.
ഇരട്ട വോട്ട് സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റെ പരാതി സ്ഥിരീകരിച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അറിയിച്ചിരുന്നു. ജില്ലാ കളക്ടര്‍മാര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ ഒരു പരിധിവരെ വാസ്തവമാണെന്ന് തെളിഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ 140 മണ്ഡലങ്ങളിലും ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചെന്നായിരുന്നു ടിക്കാറാം മീണ പറഞ്ഞത്.
അതേസമയം 'വ്യാജ വോട്ടര്‍മാര്‍ ഒരു കാരണവശാലും വോട്ട് ചെയ്യരുതെന്നും. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ വോട്ട് ചേർത്ത ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും നീക്കം ചെയ്യുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ എന്ത് ചെയ്യാമെന്ന് നിയമ വിദഗ്ദരുമായി ആലോചിക്കുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.