തിരുവനന്തപുരം: പൊലീസുമായി ബന്ധപ്പെട്ട അരോപണങ്ങളില്‍ നിയമപോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷം. ഇതിന്റെ ഭാഗമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. നിയമ വിദഗ്ധരുമായുള്ള കൂടിയാലോചനക്ക് ശേഷമാണ് പ്രതിപക്ഷ നീക്കം.
സി.എ.ജിയുടെ കണ്ടെത്തലുകളില്‍ ഇപ്പോള്‍ അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. വിഷയത്തില്‍ ഹൈക്കോടതിയെ സമീപിച്ചാല്‍ കോടതിവഴി അന്വേഷണം പ്രഖ്യാപിക്കാനാകുമെന്ന പ്രതീക്ഷയാണ് പ്രതിപക്ഷത്തിനുള്ളത്.
തെരഞ്ഞെടുപ്പ് അടുത്തപശ്ചാത്തലത്തില് കോടതിയില്‍ നിന്ന് സര്‍ക്കാരിനെതിരെ ഉണ്ടാകുന്ന പരാമര്‍ശങ്ങള്‍പോലും പ്രതിപക്ഷത്തിന് നേട്ടമാണ്. പൊലീസിനെതിരായ ആരോപണങ്ങളില്‍ രാഷ്ട്രീയ പോരാട്ടത്തിനൊപ്പം നിയമപോരാട്ടവും നടത്തി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയാണ് യുഡിഎഫ് തന്ത്രം.
നിയമപോരാട്ടം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട്
മുഖ്യമന്ത്രി പിണറായി വിജയനെയാണ് ഹൈക്കോടതിയിലെ നിയമപോരാട്ടത്തിലൂടെ പ്രതിപക്ഷം ലക്ഷ്യമിടുന്നത്. സിഎജി യുടെ കണ്ടെത്തലുകളെല്ലാം പൊലീസിനെതിരാണ്. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ പേരെടുത്ത് പരാമര്‍ശിക്കുന്നതാണ് റിപ്പോര്‍ട്ട്. പൊലീസിനെ മുന്‍നിര്‍ത്തിയുള്ള അഴിമതിക്ക് പിന്നില്‍ മുഖ്യമന്ത്രിയാണെന്നാണ് പ്രതിപക്ഷ വാദം. സിംസ് പദ്ധതിയുടെ കരാര്‍ നേടിയ സ്വകാര്യ കമ്പനിക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരനാണ്. മുഖ്യമന്ത്രിയുടെ താല്പര്യപ്രകാരമാണ് ഇടപാടുകളെല്ലാം നടന്നത്. ഇക്കാര്യങ്ങളെല്ലാം ഹൈക്കോടതിക്ക് മുന്നില്‍ വാദിക്കും. മുഖ്യമന്ത്രിക്കെതിരെ കോടതിയില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള പരാമര്‍ശമുണ്ടായാല്‍ പോലും പ്രതിപക്ഷത്തിന് അത് രാഷ്ടീയ ആയുധമാണ്. തെരഞ്ഞെടുപ്പ് അടുത്തസാഹചര്യത്തില്‍ രാഷ്ട്രീയ പ്രചരണത്തേക്കാള്‍ നിയമപരോാട്ടത്തിനാണ് സാധ്യത കൂടുതലെന്നും പ്രതിപക്ഷം വിലയിരുത്തുന്നു.
രാജ്യസുരക്ഷ ഭീഷണി ഉയര്‍ത്തികാട്ടും
സി.എ.ജി കണ്ടെത്തലുകളില്‍ ഏറ്റവും പ്രധാനം തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന പരാമര്‍ശമാണ്. പൊലീസിന്റെ ഈ വീഴ്ച രാജ്യ സുരക്ഷയെ ബാധിക്കുന്നതാണെന്നതാണ് പ്രതിപക്ഷവാദം. സി.ബി.ഐ പോലുളള ദേശീയ അന്വേഷണ ഏജന്‍സികളുടെ ഇടപെടല്‍ വേണമെന്ന് കോടതിയില്‍ വാദിക്കുന്നതും ഇത് ലക്ഷ്യമിട്ടാണ്. സി.എ.ജി റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ അന്വേഷണമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നിയമസഭാ സമിതി പരിശോധിക്കുന്നതിനൊപ്പം ഉന്നതതല അന്വേഷണം കോടതി ഇടപെടലിലൂടെ സാധ്യമാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.