പൊതുവേദിയിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സമസ്ത നേതാവ് അപമാനിച്ച സംഭവത്തില്‍ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്ത്രീവിരുദ്ധ നിലപാടിനോട് കോണ്‍ഗ്രസിനു യോജിപ്പില്ലെന്ന് സതീശന്‍ വ്യക്തമാക്കി. വനിതാ കമ്മിഷന്‍, ബാലാവകാശ കമ്മിഷന്‍, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ ഈ വിഷയത്തില്‍ മറുപടി പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്ല്യാര്‍ പെണ്‍കുട്ടിയെ അപമാനിച്ചതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സമസ്ത പ്രവര്‍ത്തകര്‍ പോലും സ്വന്തം നേതാവിന്റെ പ്രവര്‍ത്തിയെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നിട്ടുണ്ട്. പരാമര്‍ശം വിവാദമായെങ്കിലും മറ്റ് സമസ്ത നേതാക്കളൊന്നും ഇതുവരെ എം.ടി അബ്ദുല്ല മുസ്ല്യാരെ പിന്തുണച്ച് രംഗത്തുവന്നിട്ടില്ല.
പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു സമസ്ത നേതാവിന്റെ വിവാദ പരാമര്‍ശം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചു. ഇതോടെ വേദിയിലുണ്ടായിരുന്ന സമസ്ത വൈസ് നേതാവ് എം.ടി അബ്ദുല്ല മുസ്ല്യാര്‍ സംഘാടകര്‍ക്ക് നേരെ തിരിഞ്ഞു. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ആരാണ് സ്റ്റേജിലേക്ക് ക്ഷണിച്ചതെന്ന് ചോദിച്ചായിരുന്നു രോഷപ്രകടനം. പെണ്‍കുട്ടിക്ക് പകരം രക്ഷിതാവിനോട് വരാന്‍ പറയാനും ആവശ്യപ്പെടുന്നുണ്ട്.'
'ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാന്‍ പറയ്'- ഇതാണ് സ്റ്റേജില്‍ വെച്ച് എം.ടി അബ്ദുല്ല മുസ്ല്യാര്‍ പറഞ്ഞത്.
Also Read- മതനേതാക്കളാല്‍ അപമാനിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ മതത്തെ വെറുക്കും: ഫാത്തിമ തഹ്ലിയ
മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളാണ് ഉപകാരം നല്‍കുന്നത്. പെണ്‍കുട്ടി വേദിയിലെത്തി ഉപഹാരം വാങ്ങിയതിന് പിന്നാലെയാണ് സമസ്ത നേതാവിന്റെ ശകാരവാക്കുകള്‍ ഉണ്ടായത്. സമസ്തയുമായി ബന്ധപ്പെട്ട സുന്നി ഉലമ ഫോളോവേഴ്സ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവന്നത്. എം.ടി അബ്ദുല്ല മുസ്ല്യാരുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് വീഡിയോക്ക് താഴെ സമസ്ത പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
എം.ടി അബ്ദുല്ല മുസ്ല്യാരുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിലും വലിയ വിമര്‍ശനമാണ് വരുന്നത്. സമസ്തയിലെ ലീഗ് അനുകൂല പക്ഷ നേതാവാണ് എം.ടി അബ്ദുല്ല മുസ്ല്യാര്‍. സമസ്ത ലീഗിന്റെതാണെന്നും ലീഗ് സമസ്തയുടെതാണെന്നും അദ്ദേഹം നേരത്തെ നടത്തിയ പ്രസംഗവും വിവാദമായിരുന്നു.
സമീപകാലത്ത് കേൾക്കേണ്ടി വന്ന അറുവഷളൻ ന്യൂസുകളിൽ ഒന്ന് എന്നാണ് മുന്‍ മന്ത്രി കെ.ടി ജലീൽ ഈ സംഭവത്തെ ഫേസ്ബുക്ക് കുറിപ്പിൽ വിശേഷിപ്പിച്ചത്. കാലം മാറിയതും നേരം വെളുത്തതും അറിയാത്ത അപൂർവം പേരെങ്കിലും നാട്ടിൽ ജീവിച്ചിരിക്കുന്നുണ്ടെന്നാണ് പുതിയ വിവാദം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കുറിച്ചു. സംഭവത്തെ ന്യായീകരിച്ച് രംഗത്തെത്തിയ എംഎസ്എഫ് നേതൃത്വത്തെയും ജലീൽ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.