തിരുവനന്തപുരം: കാലടി ഗോപിയുടെ ഏഴുരാത്രികള്‍ എന്ന നാടകത്തിലെ പാഷാണം വര്‍ക്കി എന്ന കഥാപാത്രത്തെ പോലെയാണ് കോടിയേരി ബാലകൃഷ്ണന് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പാഷാണം വര്‍ക്കി ഹിന്ദു വീടുകളില്‍ കൃഷ്ണന്റെ ചിത്രവും ക്രിസ്ത്യന്‍ വീടുകളില്‍ യേശുവിന്റെ ചിത്രവും കാണിക്കും ഇതു പോലെയാണ് കോടിയേരി. മൂന്നാം കിട വര്‍ത്തമാനമാണ് കോടിയേരി പറയുന്നതെന്ന് വി ഡി സതീശന് വിമര്‍ശിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞ ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസിന്റെ ഭാരവാഹിത്വത്തില്‍ ന്യൂനപക്ഷങ്ങള്‍ ഇല്ലെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. ആദ്യം സ്വന്തം കണ്ണാടിയിലൊന്നു മുഖം നോക്ക് വൈദ്യരേ. സി.പി.എം അഖിലേന്ത്യാ സെക്രട്ടറിമാര്‍ മുഖ്യമന്ത്രിമാര്‍, ജില്ലാ സെക്രട്ടറിമാര്‍ എന്നിവരില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട എത്ര പേരുണ്ടെന്ന് ആദ്യം പരിശോധിച്ച ശേഷം വൈദ്യര് സ്വയം ചികിത്സ തുടങ്ങണം. വര്‍ഗീയത പറയാന്‍ കോടിയേരി മുഖ്യമന്ത്രിയുമായി മത്സരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യം മുസ്ലീംലീഗിനെതിരെ ആഞ്ഞടിച്ച് ഭൂരിപക്ഷത്തെ പ്രീണിപ്പാക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ കോണ്‍ഗ്രസിനെതിരെ പറഞ്ഞ് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇതാണോ കേരളത്തിന്റെ മുന്‍ഗണനയെന്നും കോവിഡ് സമൂഹ വ്യാപനം നടക്കുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ ഒന്നാമത്തെ പരിഗണന ഇതാണോയെന്നും അദ്ദേഹം ചോദിച്ചു.
ഹിന്ദുവും ഹിന്ദുത്വയും രണ്ടാണെന്നാണ് രാഹുല്‍ ഗാന്ധി ജയ്പൂരില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്. ഹിന്ദു ഒരു മതവും ജീവിതക്രമവുമാണ്. ഹിന്ദുത്വ എന്നത് അധികാരം നിലനിര്‍ത്താനും അധികാരം പിടിച്ചെടുക്കാനും വര്‍ഗീയതയുടെ വിഷ വിത്തുകള്‍ പാകാനും വേണ്ടിയുള്ള രാഷ്ട്രീയ അജണ്ടയാണ്. സംഘപരിവാറിനെ നിശിതമായി വിമര്‍ശിച്ചു കൊണ്ടാണ് രാഹുല്‍ ഗാന്ധി ഇതു പറഞ്ഞത്. കേരളത്തിലെ കോണ്‍ഗ്രസിന് ഇതില്‍ നിന്നും വ്യത്യസ്തമായ നിലപാടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Also Read-Covid 19 | തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച നഴ്സിങ് ഓഫിസര്‍ മരിച്ചുസംഘപരിവാറിനെ പ്രീണിപ്പിക്കാനാണ് സി.പി.എം നോക്കുന്നത്. ഇതല്ലാതെ ഇവര്‍ക്ക് എന്ത് രാഷ്ട്രീയമാണുള്ളത്? അപ്രസക്തമായ കാര്യങ്ങള്‍ സംസാരിച്ച് നേരം കളയാമെന്നല്ലാതെ ഇതുകൊണ്ട് ആര്‍ക്കാണ് പ്രയോജനം? വര്‍ഗീയ ശക്തികള്‍ പെരുമാറുന്നതിനേക്കാള്‍ മേശമായാണ് സി.പി.എം പെരുമാറുന്നത്. വര്‍ഗീയ ശക്തികള്‍ക്ക് വെള്ളവും വളവും ഇട്ടുകൊടുക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചെയ്യുന്നതെന്ന് വി ഡി സതീശന് കുറ്റപ്പെടുത്തി.
കേരള സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുക എന്നതാണോ ഇവരുടെ ഉദ്ദേശ്യം? ജനങ്ങള്‍ക്ക് ഇതൊക്കെ മനസിലാകും. എല്ലാ വിഭാഗങ്ങളെയും കേരളത്തിലെ കോണ്‍ഗ്രസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ വിഭാഗത്തിലുള്ള ആളുകളും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നുമുണ്ട്. ഇതേ ചോദ്യം സി.പി.എം ഒന്നു സ്വയം ചോദിക്കണം. കണക്കുകളൊക്കെ ഒന്നു പരിശോധിച്ചു നോക്ക്. പിണറായി പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോള്‍ വി.എസ് മുഖ്യമന്ത്രിയായിരുന്നു. അതിനെതിരെ കോണ്‍ഗ്രസ് ഒരു ആക്ഷേപവും പറഞ്ഞിട്ടില്ല. ഇപ്പോഴും ഞങ്ങള്‍ അതിനെ കുറ്റപ്പെടുത്തുന്നില്ല.
Also Read-അഴിമതി മാലിന്യമല്ലെന്ന് നിയന്ത്രണ ബോര്‍ഡ്; കോടികളുടെ കൈക്കൂലി കേസിൽ ഒളിവിൽപോയ ഉദ്യോഗസ്ഥൻ തിരികെ ജോലിയിൽകോടിയേരി പഴയ കാര്യങ്ങളൊക്കെ മറുന്നു പോകുകയാണ്. കോണ്‍ഗ്രസിലെ ആളുകളെയൊന്നും കോടിയേരി തീരുമാനിക്കേണ്ട. അതിനുള്ള സംവിധാനം കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ട്. അഖിലേന്ത്യാ പാര്‍ട്ടിയെ നിയന്ത്രിക്കുന്ന പാര്‍ട്ടിയാകാന്‍ സി.പി.എം സംസ്ഥാന ഘടകം ശ്രമിക്കുകയാണ്.
ന്യൂനപക്ഷത്തെ പൊതുശത്രുവാക്കി പ്രഖ്യാപിച്ച് ഭൂരിപക്ഷത്തെ കബളിപ്പിച്ചാണ് സംഘപരിവാര്‍ വോട്ടു തേടുന്നത്. എല്ലാ മതവിഭാഗങ്ങളെയും ചേര്‍ത്ത് നിര്‍ത്തുകയെന്നതാണ് കോണ്‍ഗ്രസ് നിലപാട്. അതു മനസിലാക്കാതെ കോടിയേരി ബി.ജെ.പിയുടെ പിറകെ പോകരുത്. സില്‍വര്‍ ലൈന്‍, സര്‍വകലാശാലകളിലെ രാഷ്ട്രീയവത്ക്കരണം, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലെ അഴിമതി, ക്രമസമാധാന തകര്‍ച്ച എന്നിവയൊന്നും ചര്‍ച്ചയാക്കാതിരിക്കാനാണ് കോടിയേരി ശ്രമിക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ചയാക്കാതെ മറ്റൊരു വിഷയത്തിലേക്ക് കൊണ്ടു പോകാനുള്ള കുഴിയില്‍ വീഴാന്‍ പ്രതിപക്ഷത്തെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read-Strange Fate| ആല്‍മരം നിലംപൊത്തിയപ്പോള്‍ രക്ഷപ്പെട്ടു; ഒൻപതുമാസത്തിനുശേഷം അടയ്ക്കാമരം വീണ് മരിച്ചുഅഹമ്മദാബാദ്- മുംബൈ സില്‍വര്‍ ലൈന്‍ വരേണ്യ വര്‍ഗത്തിനു വേണ്ടിയുള്ള പദ്ധതിയെന്നാണ് സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞത്. സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് ഒരു ലക്ഷത്തി പതിനായിരം കോടിയുടെ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത് അടിസ്ഥാന വര്‍ഗത്തിനു വേണ്ടിയല്ലെന്നും യെച്ചൂരി വിമര്‍ശിച്ചിരുന്നു. ആ സീതാറം യെച്ചൂരി പറയുന്നത് കേട്ട് പ്രവര്‍ത്തിക്കാന്‍ കോടിയേരി ശ്രമിക്കണം. ദേശീയ നേതൃത്വത്തോട് കുറച്ച് ബഹുമാനം കാണിക്ക്. കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടേണ്ട. ദേശീയ നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി കോഴയും കൊള്ളയും ലക്ഷ്യമിട്ടാണ് കേരളത്തില്‍ സില്‍വര്‍ ലൈനുമായി ഇറങ്ങിയിരിക്കുന്നതെന്ന് വി ഡി സതീശന് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.