• HOME
 • »
 • NEWS
 • »
 • kerala
 • »
 • Swapna Suresh | 'സ്വപ്ന പറഞ്ഞത് പ്രതിപക്ഷം നേരത്തെ ആരോപിച്ച കാര്യങ്ങൾ'; മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ

Swapna Suresh | 'സ്വപ്ന പറഞ്ഞത് പ്രതിപക്ഷം നേരത്തെ ആരോപിച്ച കാര്യങ്ങൾ'; മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ

'സി.പി.എം- ബി.ജെ.പി അവിശുദ്ധബന്ധത്തിന്റെ ഭാഗമായാണ് അന്വേഷണം എങ്ങുമെത്താതെ പോയത്. സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് നടത്തേണ്ടത്'

വി.ഡി. സതീശൻ

വി.ഡി. സതീശൻ

 • Share this:
  തിരുവനന്തപുരം: സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ പ്രതിപക്ഷം നേരത്തെ പറഞ്ഞ കാര്യമാണെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ആ കസേരയില്‍ തുടരാന്‍ അര്‍ഹതയും യോഗ്യതയുമില്ല. കസ്റ്റംസിന് സ്വപ്‌ന നല്‍കിയതും കോടതിയില്‍ 164 പ്രകാരം നല്‍കിയതും ഒരേ മൊഴികളാണ്. കസ്റ്റംസിന് മൊഴി നല്‍കിയതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തിക്കൊണ്ടിരുന്ന അന്വേഷണം നിലച്ചത്. സി.പി.എം- ബി.ജെ.പി അവിശുദ്ധബന്ധത്തിന്റെ ഭാഗമായാണ് അന്വേഷണം എങ്ങുമെത്താതെ പോയത്. സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് നടത്തേണ്ടത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചെ മതിയാകൂ. പാര്‍ട്ടി സെക്രട്ടറിയുടെ വിശദീകരണം കൊണ്ട് കാര്യമില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

  യു.ഡി.എഫ് ഉന്നയിച്ച വിഷയങ്ങള്‍ ഇപ്പോള്‍ ശരിയാണെന്ന് വ്യക്തമായിരിക്കുകയാണ് കുറ്റസമ്മത മൊഴി ഉള്‍പ്പെടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ കൈയ്യിലുള്ളപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ എങ്ങനെയാണ് ഒരു സുപ്രഭാതത്തില്‍ അന്വേഷണം അവസാനിപ്പിച്ച് ഏതാനും പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചതെന്ന ചോദ്യം പ്രതിപക്ഷം നിരവധി തവണ ഉന്നയിച്ചതാണെന്നും വി ഡി സതീശൻ പറഞ്ഞു.

  കസ്റ്റംസ് കോടതിയില്‍ തന്നെ കുറ്റസമ്മതത്തതിന് സമാനമായ മൊഴി വന്നതിന് പിന്നാലെയാണ് കേസ് അന്വേഷണം അവസാനിപ്പിച്ചത്. കേന്ദ്രത്തിലെ സംഘപരിവാര്‍ നേതാക്കളും കേരളത്തിലെ സി.പി.എം നേതാക്കളും തമ്മിലുണ്ടാക്കിയ രാഷ്ട്രീയ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് അന്വേഷണങ്ങളെല്ലാം അവസാനിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പല സീറ്റുകളിലും ബി.ജെ.പിയുടെ സഹായം സി.പി.എമ്മിന് കിട്ടാന്‍ കാരണമായതും ഈ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ്. ഇടനിലക്കാരുടെ സന്നിധ്യത്തിലാണ് സി.പി.എമ്മും കേന്ദ്രത്തിലെ ബി.ജെ.പി നേതാക്കളുമായി രാഷ്ട്രീയ ഒത്തുതീര്‍പ്പുണ്ടാക്കിയത്. യു.ഡി.എഫ് തുടക്കം മുതല്‍ക്കെ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.

  സോളാര്‍ കേസില്‍ കുറ്റാരോപിതയുടെ കൈയ്യില്‍ നിന്നും പരാതി എഴുതിവാങ്ങി മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം ശുപാര്‍ശ ചെയ്ത സര്‍ക്കാരാണിത്. അങ്ങനെയുള്ളവര്‍ക്ക് മുഖ്യമന്ത്രിക്കെതിരെ ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയാണെന്ന് പറഞ്ഞ് തള്ളിക്കളയാനാകുമോ? പിണറായിക്കും ഉമ്മന്‍ ചാണ്ടിക്കും വ്യത്യസ്ത നീതി നല്‍കുന്നത് ശരിയല്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

  മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായി സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നേരത്തെ രംഗത്തെത്തിയിരുന്നു. നയതന്ത്ര സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ എറണാകുളം ജില്ലാ കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന. മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ അഡ‍ീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രൻ, നളിനി നെറ്റോ, മുൻമന്ത്രി കെ ടി ജലീൽ എന്നിവർക്കുള്ള പങ്ക് കോടതിയിൽ മൊഴിയായി നൽകിയെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

  സംശയകരമായ സാഹചര്യത്തിൽ ബിരിയാണി ചെമ്പ് പാത്രം കോൺസൽ ജനറൽ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇതിൽ മെറ്റലിന്റെ സാന്നിധ്യമുണ്ടെന്നും സ്വപ്ന പറയുന്നു.

  Also Read- Swapna Suresh| 'വിദേശത്തേക്ക് ഒരു പെട്ടി കറൻസി കടത്തി': മുഖ്യമന്ത്രിക്കും ഭാര്യക്കും മകൾക്കുമെതിരെ സ്വപ്നയുടെ വെളിപ്പെടുത്തൽ

  സ്വർണക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ടെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജൻസികൾക്കു വിശദമായി മൊഴി നൽകിയിട്ടും പല കാര്യങ്ങളും വേണ്ടവിധം അന്വേഷിച്ചിട്ടില്ലെന്നു സ്വപ്ന കുറ്റപ്പെടുത്തി. ജില്ലാ കോടതിയിൽ സ്വപ്ന ഹർജി നൽകിയാണ് രഹസ്യമൊഴി രേഖപ്പെടുത്താനുള്ള ഉത്തരവു നേടിയത്. മജിസ്ട്രേട്ട് മുൻപാകെ ഇന്നലെ രഹസ്യമൊഴി നൽകിയെങ്കിലും പൂർത്തിയാകാത്തതിനെ തുടർന്നാണ് ഇന്നും രേഖപ്പെടുത്താൻ എത്തിയത്. മൊഴി നൽകിയ ശേഷം കൂടുതൽ വിവരങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ വെളിപ്പെടുത്തുമെന്നും സ്വപ്ന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

  അറസ്റ്റിലായ ശേഷം കേന്ദ്ര അന്വേഷണ ഏജൻസികളായ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവർ സ്വപ്നയുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തിയിരുന്നു. കോഫെപോസ കരുതൽ തടങ്കൽ അവസാനിച്ചു പുറത്തിറങ്ങിയ ശേഷം കേസിലെ കൂട്ടുപ്രതിയായ എം.ശിവശങ്കറിനെതിരെ സ്വപ്ന രൂക്ഷമായ വിമർശനം നടത്തിയിരുന്നു.
  Published by:Anuraj GR
  First published: