തിരുവനന്തപുരം: വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാർ എന്നിവരടക്കം മലബാർ കലാപത്തിൽ പങ്കെടുത്ത 387 ആൾക്കാരുടെ പേരുകൾ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജയിലിൽ നിന്ന് മോചിതനാവാൻ ആറ് മാപ്പപേക്ഷ നൽകിയവരുടെ പിന്മുറക്കാർക്ക് ഇന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്ലിയാരുടെയും ഓർമ്മകൾ പോലും ഭയമാണ് ഉണ്ടാക്കുന്നതെന്ന് സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. സംഘപരിവാറിന്റെ ഏറ്റവും വലിയ ശത്രു ഈ രാജ്യത്തിന്റെ ചരിത്രം തന്നെയാണെന്നും ഏതൊരു ഏകാധിപതിയും ചെയ്യുന്ന പോലെ നരേന്ദ്ര മോദിയുടെ ശ്രമവും ചരിത്രത്തെ വക്രീകരിച്ചു തങ്ങളുടേതാക്കി മാറ്റുക എന്നതാണെന്നും സതീശൻ കുറ്റപ്പെടുത്തി.
കുറിപ്പ് ഇങ്ങനെ-
1921 ലെ മലബാറിലെ മാപ്പിള കലാപത്തിൽ പങ്കെടുത്ത 387 രക്തസാക്ഷികളുടെ പേരുകൾ ഇന്ത്യൻ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള നീക്കം ചരിത്രത്തോട് ചെയ്യുന്ന അനീതിയാണ്. സംഘപരിവാറിന്റെ ഏറ്റവും വലിയ ശത്രു ഈ രാജ്യത്തിന്റെ ചരിത്രം തന്നെയാണ്. ഏതൊരു ഏകാധിപതിയും ചെയ്യുന്ന പോലെ നരേന്ദ്ര മോദിയുടെ ശ്രമവും ചരിത്രത്തെ വക്രീകരിച്ചു തങ്ങളുടേതാക്കി മാറ്റുക എന്നതാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് പട്ടാളത്തോട് സന്ധിയില്ലാത്ത യുദ്ധം ചെയ്ത ഒരു ധീര സ്വാതന്ത്ര്യ സമരസേനാനിയാണ്. ബ്രിട്ടീഷ് സർക്കാർ കൊല്ലാൻ വിധിച്ചപ്പോൾ, മരണസമയത്ത് തന്റെ കണ്ണുകൾ കെട്ടരുത് എന്ന് ആവശ്യപ്പെട്ട നിർഭയനായ പോരാളി എന്നാണ് ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തിയിട്ടുള്ളത്.
Also Read- 'മലബാർ സമര പോരാളികളെ അവഹേളിക്കാനുള്ള നീക്കം ഹിന്ദുത്വ അജണ്ടയുടെ ഭാഗം': പോപ്പുലർ ഫ്രണ്ട്
ജയിലിൽ നിന്ന് മോചിതനാവാൻ ആറ് മാപ്പപേക്ഷ നൽകിയവരുടെ പിന്മുറക്കാർക്ക് ഇന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്ലിയാരുടെയും ഓർമ്മകൾ പോലും ഭയമാണ് ഉണ്ടാക്കുന്നത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേത് പോലെ ആയിരക്കണക്കിന് ചെറുത്തുനിൽപ്പുകളും, ശ്രീ നാരായണ ഗുരുവും, മഹാത്മാ അയ്യങ്കാളിയും തുടങ്ങിയ ഒട്ടേറെ സാമൂഹിക പരിഷ്കർത്താക്കൾ മുന്നോട്ടു വച്ച സാമൂഹിക നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളുമെല്ലാം ചെറു അരുവികൾ പോലെ ഒഴുകിയെത്തിയാണ് ദേശീയ പ്രസ്ഥാനം രൂപം കൊണ്ടത്. അന്ന് ബ്രിട്ടീഷിന്റെ കൂടെ നിന്ന് ദേശീയ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞവർ ഇന്ന് അതിന്റെ പ്രൗഢമായ ചരിത്രത്തെ ഇല്ലാതെയാക്കാൻ ശ്രമിക്കുകയാണ്.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കൊലപ്പെടുത്തിയതിനു ശേഷം ഖിലാഫത് സർക്കാരിന്റെ രേഖകൾ മുഴുവൻ ബ്രിട്ടീഷ് സർക്കാർ തീയിട്ടു നശിപ്പിച്ചു എന്നാണ് ചരിത്രകാരനായ ഹുസൈൻ രണ്ടത്താണി രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് നരേന്ദ്ര മോദി സർക്കാർ ബ്രിട്ടീഷ് സർക്കാർ ചെയ്ത ജോലി ഏറ്റെടുത്തിരിക്കുന്നത് അപമാനകരമാണ്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് (ഐസിഎച്ച്ആർ) നിയോഗിച്ച മൂന്നംഗ സമിതിയാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാർ എന്നിവരടക്കം മലബാർ കലാപത്തിൽ പങ്കെടുത്ത 387 ആൾക്കാരുടെ പേരുകൾ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ശുപാർശ ചെയ്തത്. മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും വർഗീയ കലാപമാണെന്നുമുള്ള വിലയിരുത്തലിനെ തുടർന്നാണ് നിർദേശം. നിഘണ്ടുവിന്‍റെ അഞ്ചാം വാള്യം പുനഃപരിശോധിച്ച ഐസിഎച്ച്ആർ പാനലാണ് നിർദേശം സമർപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Opposition leader VD Satheesan, Variyan Kunnathu Kunjahammed Haji, Vd satheesan