• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പിണറായിക്ക് മോദിയുടെ രീതി; എതിര്‍ക്കുന്നവരെ ദേശദ്രോഹിയെന്ന് മുദ്ര കുത്തുന്നു'; പ്രതിപക്ഷനേതാവ് വി ഡി സതീശന്‍

'പിണറായിക്ക് മോദിയുടെ രീതി; എതിര്‍ക്കുന്നവരെ ദേശദ്രോഹിയെന്ന് മുദ്ര കുത്തുന്നു'; പ്രതിപക്ഷനേതാവ് വി ഡി സതീശന്‍

ഭീഷണി വിലപ്പോവില്ലെന്നും തങ്ങൾക്ക് വേണ്ടത് ചോദ്യങ്ങൾക്കുള്ള കൃത്യമായ മറുപടിയാണെന്നും സതീശൻ പറഞ്ഞു.

 പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

  • Last Updated :
  • Share this:
കെ റെയിൽ(K-Rail) പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ(CM Pinarayi VIjayan) 'സാഡിസ്റ്റ്' പ്രയോഗത്തിന് മറുപടിയുമായി വി ഡി സതീശൻ(V D Satheesan). സർക്കാരിനെതിരായ വിമർശനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ രീതിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിക്കുന്നതെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. എതിർക്കുന്നവരെ മോദി രാജ്യദ്രോഹിയെന്നും പിണറായി ദേശദ്രോഹിയെന്നും മുദ്ര കുത്തുന്നു. ഏകാധിപതികളുടെ രീതി പ്രതിപക്ഷത്തോട് വേണ്ട. ഭീഷണി വിലപ്പോവില്ലെന്നും തങ്ങൾക്ക് വേണ്ടത് ചോദ്യങ്ങൾക്കുള്ള കൃത്യമായ മറുപടിയാണെന്നും സതീശൻ പറഞ്ഞു. കേരളത്തിൽ ഇത്രയും വലിയ ഒരു പദ്ധതി നടപ്പിലാക്കുമ്പോൾ അതിൽ ഒരുപാട് ചോദ്യങ്ങൾക്ക് മറുപടി ലഭിക്കേണ്ടതുണ്ടെന്ന് സതീശൻ പറഞ്ഞു.

പാരിസ്ഥിതിക ലോല പ്രദേശമായ കേരളത്തിൽ പാരിസ്ഥിതിക ആഘാത പഠനം നടത്താതെ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാരിന് എങ്ങിനെ ധൈര്യം വരുന്നുവെന്ന് അദ്ദേഹം ചോദിച്ചു.

രാത്രി മുഴുവൻ മഴ പെയ്താൽ പ്രളയം എന്നതാണ് കേരളത്തിന്റെ അവസ്ഥ. അപ്പോൾ പാരിസ്ഥിതിക പഠനം നടത്തിയില്ലെന്നത് കുറ്റകരമാണ്. സാമൂഹിക ആഘാത പഠനവും നടത്തിയിട്ടില്ല. ഇതുപോലൊരു വമ്പൻ പദ്ധതിയുമായി മുന്നോട്ട് പോകുമ്പോൾ എങ്ങനെയാണ് സാമൂഹികാഘാത പഠനം ഒഴിവാക്കാൻ കഴിയുകയെന്നും സതീശൻ ചോദിക്കുന്നു.പദ്ധതിയ്ക്ക് വേണ്ട ഒരു കോടി 30 ലക്ഷം രൂപ സംസ്ഥാനത്തിന് താങ്ങാവുന്നതിലും അപ്പുറമാണെന്നും വി ഡി സതീശൻ പറഞ്ഞു. സിൽവർ ലൈൻ പദ്ധതിക്ക് 124000 കോടി ചെലവാകുമെന്ന് 2018 ൽ നീതി ആയോഗ് പറഞ്ഞതാണ്. ഇപ്പോഴത് ഒന്നര ലക്ഷം കോടിയാകുമെന്നാണ് അനുമാനം. ഇത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് എങ്ങിനെയാണ് ഉത്തേജനം നൽകുന്നത്? കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള സി എ ജി റിപ്പോര്‍ട്ട് കാണാതെപോവരുതെന്നും സതീശന്‍ പറഞ്ഞു.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ സർക്കാർ നോക്കിനിൽക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വിപണിയിൽ സർക്കാർ ഇടപെടുന്നില്ല എന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. കൊച്ചിയിൽ മോഡലുകൾ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ട്. നിലവിലെ അന്വേഷണം തൃപ്തികരമല്ല. അന്ന് രാത്രി ഹോട്ടലിലുണ്ടായിരുന്ന പ്രമുഖരെക്കുറിച്ച് അന്വേഷിക്കണം. ഇതുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ഉചിതമായ സമയത്ത് വെളിപ്പെടുത്തുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

പുനഃസംഘടനയിലുറച്ച് വി ഡി സതീശന്‍
പാർട്ടി പുനഃസംഘടന ഉപേക്ഷിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുവെന്ന് കരുതി പുനഃസംഘടന നടത്താതിരുന്നാൽ അത് പ്രവർത്തനത്തെ മോശമായി ബാധിക്കുമെന്ന് വി ഡി സതീശന്‍ കോഴിക്കോട് പറഞ്ഞു. മുതിർന്ന നേതാക്കളുടെ അഭിപ്രായം കൂടി കണക്കിലെടുത്തേ തീരുമാനം ഉണ്ടാകൂ. എല്ലാവരും ഒരു മാറ്റം ആണ് ആഗ്രഹിക്കുന്നത്. ഇതിൽ വിവാദത്തിന് സാധ്യതയില്ല.

Also Read-Online Game| വീണ്ടും മരണക്കെണിയൊരുക്കി ഓണ്‍ലൈന്‍ ഗെയിം; തൃശൂരില്‍ വീടുവിട്ടിറങ്ങിയ 14കാരന്‍ മരിച്ചനിലയില്‍

മുതിർന്ന നേതാക്കൾക്ക് പരാതിയുള്ളതായി അറിയില്ല. അവർ ആരോടും പരാതി പറഞ്ഞിട്ടുമില്ല. കെ പി സി സി അധ്യക്ഷൻ കെ സുധാകരനെ കുറിച്ച് തനിക്ക് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു.പുനഃസംഘടന നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്ന് സോണിയ ഗാന്ധിയെ കാണുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സതീശന്റെ പ്രതികരണം. അതേസമയം, പുനഃസംഘടന സംബന്ധിച്ച് ഉമ്മൻചാണ്ടിക്ക് അതൃപ്തിയുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെ സി വേണുഗോപാലുമായും ഉമ്മൻ ചാണ്ടി ചർച്ച നടത്തിയിരുന്നു. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനഃസംഘടന വേണ്ടെന്ന നിലപാടിലാണ് ഗ്രൂപ്പുകൾ.

പ്രവർത്തകരുടേയും എക്സിക്യൂട്ടീവിന്റേയും ഡിസിസി പ്രസിഡന്റുമാരുടേയും വികാരം മാനിച്ചാണ് പുനഃസംഘടനയെന്ന് വി ഡി സതീശന്‍ പറഞ്ഞു. പുതിയ ഡിസിസി പ്രസിഡന്റുമാർ ചുമതലയേറ്റ സ്ഥലങ്ങളിൽ പലയിടത്തും 150 ഭാരവാഹികള്‍ വരെയുണ്ട്. ഇത്രയും ആളുകളുമായി പ്രവർത്തിക്കാൻ കഴിയില്ലെന്നും സതീശൻ പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും പുനഃസംഘടന നടത്തുന്ന രീതി ഉത്തരേന്ത്യയിൽ ഉണ്ടെന്നും സതീശൻ പറഞ്ഞു. സംഘടനാപരമായ കാര്യങ്ങളിൽ എല്ലാവരുടേയും അഭിപ്രായങ്ങൾ കേൾക്കുകയും പരിഹരിക്കേണ്ട വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുകയും ചെയ്യുമെന്നും സതീശൻ പറഞ്ഞു.

Also Read-Kerala Rains | സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കോഴിക്കോട് കോൺഗ്രസുകാർ മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ റിപ്പോർട്ട് ഇന്ന് കിട്ടും. റിപ്പോർട്ട് കിട്ടിയ ശേഷം നടപടിയുണ്ടാകും. അക്രമത്തെ അംഗീകരിക്കുന്ന നിലപാട് അല്ല കോൺഗ്രസ്സിന്റേത് എന്നും പ്രതിപക്ഷനേതാവ് അഭിപ്രായപ്പെട്ടു.
Published by:Jayesh Krishnan
First published: