നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കെ.എസ്.ആര്‍.ടി.സി സമുച്ചയത്തിന്റെ പേരില്‍ കോഴിക്കോട് നടന്നത് പകല്‍ക്കൊള്ള; പ്രതിപക്ഷ നേതാവ്

  കെ.എസ്.ആര്‍.ടി.സി സമുച്ചയത്തിന്റെ പേരില്‍ കോഴിക്കോട് നടന്നത് പകല്‍ക്കൊള്ള; പ്രതിപക്ഷ നേതാവ്

   പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

  • Share this:
   തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി(KSRTC) ബസ് ടെര്‍മിനല്‍ നിര്‍മ്മാണത്തിന്റെ പേരില്‍ കോഴിക്കോട് നടന്നത് പകല്‍ക്കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 2008 ലാണ് സമുച്ചയ നിര്‍മ്മാണത്തിന് മുന്‍കൂര്‍ നിര്‍മ്മാണ അനുമതി കൊടുക്കുന്നത്. എന്നാല്‍ നിര്‍മ്മാണത്തിന് കോര്‍പറേഷന്റെ അനുമതി കിട്ടാതെയാണ് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തറക്കല്ലിടുന്നത്.

   നാലു സ്ഥലങ്ങളില്‍ ടെര്‍മിനല്‍ നിര്‍മ്മിച്ചതിലൂടെ കെ.എസ്.ആര്‍.ടിസിക്ക് മേല്‍ സര്‍ക്കാര്‍ നൂറു കോടിയോളം രൂപയുടെ അധികബാധ്യതയാണ് അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. സമുച്ചയത്തിന്റെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറിയതിനു പിന്നിലും ദുരൂഹതയുണ്ട്. പ്രസംഗം തടസപ്പെടുത്തി പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടാമെന്നു കരുതേണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

   2007 ല്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് കോഴിക്കോട് ടെര്‍മിനല്‍ നിര്‍മ്മാണം തുടങ്ങിയത്. തുടര്‍ന്ന് യു.ഡി.എഫ് അധികാരത്തില്‍ വന്നപ്പോള്‍ അനുമതിയില്ലാത്ത നിര്‍മ്മാണം കോഴിക്കോട് കോര്‍പ്പറേഷന്‍ നിര്‍ത്തിവയ്പ്പിച്ചു. പിന്നീട് ഇതെല്ലാം ക്രമപ്പെടുത്തി പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം മാത്രമാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചെയ്തത്. പദ്ധതി അംഗീകരിച്ചതും നിര്‍മ്മാണ കമ്പനിയെ തീരുമാനിച്ചതും കെട്ടിടത്തിന്റെ നടത്തിപ്പ് മറ്റൊരു കമ്പനിക്ക് കൈമാറിയതുമെല്ലാം ഇടതു സര്‍ക്കാരുകളുടെ കാലത്താണ്.

   19 കോടി നിര്‍മ്മാണച്ചെലവ് പ്രതീക്ഷിച്ച പദ്ധതി പൂര്‍ത്തിയായപ്പോള്‍ 78 കോടി രൂപയായി. 50 കോടി രൂപ നിക്ഷേപവും 50 ലക്ഷം പ്രതിമാസ വാടകയും നിശ്ചയിച്ചാണ് മാക് എന്ന കമ്പനിക്ക് ടെര്‍മിനല്‍ പാട്ടത്തിനു നല്‍കാന്‍ തീരുമാനിച്ചത്. പിന്നീട് ഇതില്‍ നിന്നും ഒഴിവായ ഇതേ കമ്പനി ആലിഫ് എന്ന പേരില്‍ ടെര്‍മിനല്‍ ഏറ്റെടുക്കാനെത്തി. അപ്പോഴേക്കും നിക്ഷേപം 50 ല്‍ നിന്നും 17 കോടിയായും വാടക 50 ലക്ഷത്തില്‍ നിന്നും 43 ലക്ഷമായും കുറഞ്ഞു. ഇതു കൂടാതെ ജി.എസ്.ടി ഉള്‍പ്പെടെയുള്ളവയില്‍ ഇളവും നല്‍കി. ഈ രണ്ടു കമ്പനികളും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്ന് തെളിയിക്കാന്‍ മന്ത്രിയെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

   ബലക്ഷയമുള്ള കെട്ടിടം പാട്ടത്തിനെടുക്കാന്‍ കമ്പനി രംഗത്തെത്തിയത് അവരുടെ മഹാമനസ്‌കതയെന്നാണ് മന്ത്രി പറയുന്നത്. സുതാര്യമാല്ലാത്ത ടെണ്ടര്‍ നടപടികളിലൂടെയുള്ള ഈ കൈമാറ്റം ദുരൂഹമാണ്. ഇതിനു പിന്നില്‍ നിരവധി ഇടനിലക്കാരുണ്ട്. പകല്‍ക്കൊള്ളയാണ് കോഴിക്കോട് നഗരത്തില്‍ നടന്നത്.

   കെട്ടിടത്തിന് ബലക്ഷയം ഉണ്ടായതിനെ പറ്റിയും പാട്ടക്കരാറിന്റെ പേരില്‍ നടത്തിയ തട്ടിപ്പിനെ കുറിച്ചും അന്വേഷിക്കണം. കെട്ടിടം ഉദ്ഘാടനം ചെയ്ത ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് ഇതിനൊക്കെ ഉത്തരവാദിയെന്നാണ് മന്ത്രി പറയുന്നത്. ഉദ്ഘാടനം ചെയ്തവര്‍ക്കാണ് കുറ്റമെങ്കില്‍ പലാരിവട്ടം പാലം ഉദ്ഘാടനം ചെയ്തവര്‍ക്കെതിരെ കേസെടുത്തോ? നാലു സമുച്ചയങ്ങള്‍ നിര്‍മ്മിച്ചതിലൂടെ കെ.എസ്.ആര്‍.ടി.സിയുടെ കോടികള്‍ വിലമതിക്കുന്ന 16 ഏക്കര്‍ ഭൂമി നഷ്ടപ്പെടുന്ന അവസ്ഥയാണ് സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
   Published by:Jayashankar AV
   First published:
   )}