തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലകൂട്ടിയ സപ്ലൈകോ നടപടി പൊതുജനത്തോടുള്ള വെല്ലുവിളിയാണെന്ന്് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ (V D Satheesan).
ഈ മാസം ഒന്നിന് വില പുതുക്കി നിശ്ചയിച്ച അരി ഉള്‍പ്പെടെയുള്ളവയുടെ വിലയാണ് 11 ദിവസത്തിനിടെ വീണ്ടും വര്‍ധിപ്പിച്ചത്. പൊതുവിപണിയിലുണ്ടായ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനത്തെയാണ് സപ്ലൈകോയും കൊള്ളയടിക്കുന്നത്.
പൊതുവിപണിയിലെ വിലക്കയറ്റത്തിന് ആനുപാതികമായ വര്‍ധനവ് മാത്രമാണ് വരുത്തിയിരിക്കുന്നതെന്ന ന്യായമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
മഹാമാരിയും പ്രളയവും പ്രകൃതി ദുരന്തങ്ങളും സാമ്പത്തികമായും മാനസികമായും തകര്‍ത്തൊരു ജനതയെയാണ് സര്‍ക്കാര്‍ വിവിധ മാര്‍ഗങ്ങളിലൂടെ തുടര്‍ച്ചയായി ചൂഷണം ചെയ്യുന്നത്. അധികമായി ലഭിക്കുന്ന ഇന്ധന നികുതി വേണ്ടെന്നുവച്ചാല്‍ തന്നെ പൊതുവിപണിയിലെ വിലക്കയറ്റം ഒരുപരിധി വരെ പിടിച്ചു നിര്‍ത്താമായിരുന്നു.
പൊതുമുതല്‍ കൊള്ളയടിക്കുന്നതിലും പിന്‍വാതില്‍ നിയമനങ്ങളിലും മാത്രം ശ്രദ്ധിക്കുന്ന സര്‍ക്കാര്‍ ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന് അദ്ദേഹം ഉന്നയിച്ചു.
തുടര്‍ച്ചയായി ലഭിച്ച ജനവിധി എന്തു ജനവിരുദ്ധതയും നടപ്പാക്കാനുള്ള ലൈസന്‍സായി കാണരുത്. വിലക്കയറ്റത്തിനെതിരെ യു.ഡി.എഫും കോണ്‍ഗ്രസും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു
അതേ സമയം സംസ്ഥാനത്ത് പച്ചക്കറി റെക്കോർഡ് വിലയിൽ . മൊത്ത വിപണിയിൽ പലതിനും ഇരട്ടിയോളം വില കൂടി. മുരിങ്ങയ്ക്കായ്ക്ക് കിലോയ്ക്ക് 310 രൂപയാണ് വില . തമിഴ്നാട്ടിലെയും കർണാടകയിലെയും മൊത്ത വിപണിയിൽ പച്ചക്കറി ക്ഷാമം രൂക്ഷമാണ് . വില കുറയ്ക്കാനുള്ള സർക്കാർ ഇടപെടലും ഫലം കണ്ടില്ല.
CPM Kannur | സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജന്‍ തുടരും
പച്ചമുളക്, സവാള, തക്കാളി , മുരിങ്ങക്ക തുടങ്ങി ഏത് പച്ചക്കറി തൊട്ടാലും കൈപൊള്ളും എന്നതാണ് സംസ്ഥാനത്തെ അവസ്ഥ. മൊത്തവിപണിയിലും ചില്ലറ വിപണിയിലുമെല്ലാം വില ഉയർന്നു. തിരുവനന്തപുരത്ത് മുരിങ്ങക്കയുടെ വില 170മുതൽ 350 വരെ എത്തി. വഴുതനയുടെ വില 120ആയി. തക്കാളി,വെള്ളരി എന്നിവയ്ക്ക് 80 രൂപയാണ് വില .
എറണാകുളത്തും സ്ഥിതി മറിച്ചല്ല. പച്ചക്കറികൾ കൊണ്ട് ഇനി വിഭവങ്ങൾ ഒരുക്കുക അത്ര എളുപ്പമല്ല, കാരണം അതു പോലെയാണ് ഓരോന്നിന്റെയും വില. മുരിങ്ങക്കയുടെ വില 300 കടന്നും വളരുമ്പോൾ തക്കാളി 120 തികച്ചതിന്റെ ചുവപ്പിലാണ്. പയർ, വെണ്ട, ബീൻസ്, ക്യാരറ്റ്, ബീറ്റ്റൂട്ട്, ക്യാബേജ്, പച്ചമുളക് എന്നിവയെല്ലാം ചില്ലറ വിപണിയിൽ എഴുപതിലെത്തി. നൂറ് രൂപയ്ക്ക് ലഭിച്ചിരുന്ന മൂന്ന് കിലോ സവാള , കിലോയ്ക്ക് ഇപ്പോൾ 40 രൂപയാണ് .
കാരണങ്ങൾ പഴയ പോലെ തമിനാട് തന്നെയാണ്. കോവിഡ് കാലവും ലോക്ഡൗണും ആയിരുന്നു ഇതിനു മുൻപ് പച്ചക്കറി വില വർദ്ധിക്കാനുള്ള കാരണമായി പറഞ്ഞിരുന്നത്. തമിഴ്നാട്ടിൽ നിന്ന് ആവശ്യത്തിന് പച്ചക്കറികൾ എത്താത്തത് ആയിരുന്നു അന്നത്തെ കാരണം. ഇപ്പോൾ അത് മാറി. എങ്കിലും ആവശ്യത്തിന് പച്ചക്കറികൾ ഇന്നും എത്തുന്നില്ല. ഒപ്പം ഇന്ധന വില വർധനവും മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നു. ശക്തമായ മഴയും വെള്ളപ്പൊക്കവും വിളവെടുപ്പിനെയും ബാധിച്ചു. ഇതിൻറെ എല്ലാം ദുരിതം ഏറ്റുവാങ്ങുന്നത് ഒരു കൃഷിയും ചെയ്യാതെ അയൽ സംസ്ഥാനങ്ങളിലേക്ക് കൈ നീട്ടി ഇരിക്കുന്ന കേരളത്തെ തന്നെയാണ്.
വില കൂടിയതോടെ വാങ്ങാനെത്തുന്നവരുടെ എണ്ണവും വാങ്ങുന്നതിൻ്റെ അളവും കുറഞ്ഞു. കുടുംബ ബജറ്റിനെ ആണ് ഏറ്റവും കൂടുതലായി ഇത് ബാധിച്ചിരിക്കുന്നത്. പലരും പച്ചക്കറികൾ കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങൾ പേരിന് മാത്രമായി ചുരുക്കിയിട്ടുണ്ട്. മലയാളിയുടെ പ്രിയപ്പെട്ട ഇനമായ സാമ്പാറിലും അവയിലിലും മുരിങ്ങക്ക അപ്രത്യക്ഷമായി കഴിഞ്ഞു. കിട്ടുന്ന പച്ചക്കറികൾ കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങളാണ് ഇപ്പോൾ അടുക്കളയിൽ വേവുന്നത്. ഹോട്ടൽ വിഭവങ്ങളെയും വിലക്കയറ്റം ബാധിച്ചു കഴിഞ്ഞു. വില കൂട്ടാതെ പിടിച്ചു നിൽക്കാനാവില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്.
Also read- കുർബാന ഏകീകരണം; സമരം കർദിനാളിനെതിരെ തിരിക്കാൻ വിമത വിഭാഗം
സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ പച്ചക്കറി വില വീണ്ടും മുകളിലേക്ക് കുതിക്കാൻ തന്നെയാണ് സാധ്യത. കുറച്ച് ദിവസത്തേക്കെങ്കിലും സംസ്ഥാനത്തെ പച്ചക്കറിയുടെ വില ഉയർന്ന് തന്നെ ഇരിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: V D Satheesan