നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഉദ്യോഗാര്‍ഥികളെ ശത്രുക്കളായല്ല, മക്കളായി കാണണമെന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ്

  ഉദ്യോഗാര്‍ഥികളെ ശത്രുക്കളായല്ല, മക്കളായി കാണണമെന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ്

  'പരീക്ഷയ്ക്കു വേണ്ടി പാര്‍ട്ട് ടൈം ജോലിക്കു പോയും മറ്റുമാണ് സ്ത്രീകള്‍ അടക്കമുള്ള ഉദ്യോഗാര്‍ഥികള്‍ തയാറെടുക്കുന്നത്. ജോലി കിട്ടില്ലെന്നു വരുമ്പോള്‍ അവരുടെ കണ്ണീരും സങ്കടവും ദുരിതവും സര്‍ക്കാര്‍ കാണാതെ പോകരുത്.'

  വി ഡി സതീശൻ

  വി ഡി സതീശൻ

  • Share this:
  തിരുവനന്തപുരം: റാങ്ക് പട്ടികകളില്‍പ്പെട്ട ഉദ്യോഗാര്‍ഥികളോട് മുഖ്യന്ത്രി പ്രതികാര ബുദ്ധിയോടെ പെരുമാറരുതെന്നും സ്വന്തം മക്കളെ പോലെ കാണണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്തു. അവരെ പ്രതിപക്ഷം പിന്തുണയ്ക്കുകയും ചെയ്തു. ന്യായമായ കാര്യമെന്ന് മനസ്സിലാക്കിയതു കൊണ്ടാണ് അങ്ങനെ ചെയ്തത്. അതിന്റെ പേരില്‍ അവരോട് പ്രതികാര ബുദ്ധിയോടെയുള്ള സമീപനം മുഖ്യമന്ത്രി സ്വീകരിക്കരുത്. പിന്‍വാതിലിലൂടെ ഒരുപാട് പാര്‍ട്ടിക്കാരേയും ബന്ധുക്കളേയും നിയമിച്ചിട്ടുണ്ട്. ഇവരെ നിയമിച്ചാല്‍ അവരുടെ ജോലി പോകുമെന്ന ആശങ്കയാകാം കാരണം. ആ പ്രതികാര ബുദ്ധിയല്ല വേണ്ടത്. ശത്രുക്കളായി കാണാതെ സ്വന്തം മക്കളായി അവരെ കാണാന്‍ തയാറാകണമെന്നും മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് അഭ്യര്‍ഥിച്ചു.

  പരീക്ഷയ്ക്കു വേണ്ടി പാര്‍ട്ട് ടൈം ജോലിക്കു പോയും മറ്റുമാണ് സ്ത്രീകള്‍ അടക്കമുള്ള ഉദ്യോഗാര്‍ഥികള്‍ തയാറെടുക്കുന്നത്. ജോലി കിട്ടില്ലെന്നു വരുമ്പോള്‍ അവരുടെ കണ്ണീരും സങ്കടവും ദുരിതവും സര്‍ക്കാര്‍ കാണാതെ പോകരുത്. മഹാമാരിയുടേയും പ്രളയത്തിന്റെയും കെട്ടകാലത്ത് മനുഷ്യന്‍ എല്ലാ പ്രതീക്ഷകളും തകര്‍ന്നിരിക്കുകയാണ്. സാമ്പത്തിക മാന്ദ്യത്തിന്റെ കാലമാണ്. പ്രതീക്ഷകള്‍ നഷ്ടപ്പെടുന്ന കാലത്ത് കുറെക്കൂടി സഹാനുഭൂതിയോടെയും അനുകമ്പയോടെയും ഉദ്യോഗാര്‍ഥികളെ സമീപിക്കണം. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ അതിന് അനുസരിച്ച് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. ഒന്നുകില്‍ നിങ്ങള്‍ പറയുന്നത് ഉദ്യോഗസ്ഥര്‍ അനുസരിക്കുന്നില്ല. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മുഖ്യമന്ത്രി പറയുന്നത് ഉദ്യോഗസ്ഥര്‍ ചെയ്യുന്നില്ല. ഇത് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമാണോയൈന്ന് പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

  പിഎസ്‌സിയുടെ വിശ്വാസ്യത തകര്‍ക്കാര്‍ ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതി റാങ്ക് വാങ്ങിച്ചുകൊടുത്തത് ഞങ്ങളല്ല. പിഎസ്‌സിയുടെ ആന്‍സര്‍ ബുക്ക് വീട്ടില്‍ കൊണ്ടുപോയി പുസ്തകം നോക്കി പരീക്ഷ എഴുതി റാങ്ക് സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് വാങ്ങി നല്‍കിയതും ഞങ്ങളല്ല. പിന്‍വാതിലിലൂടെ പാര്‍ട്ടിക്കാരെ കുത്തിനിറച്ചതും പ്രതിപക്ഷമല്ലെന്നും വി.ഡി.സതീശന്‍. പ്രളയങ്ങളും കോവിഡും ഒക്കെ കാരണം റാങ്ക് പട്ടികയില്‍ നിന്ന് സാധാരണ പോലെ നിയമനം നടന്നിരുന്നില്ല. അതുകൊണ്ടാണ് ഫെബ്രുവരി നാലാം തീയതി സര്‍ക്കാര്‍ തന്നെ ആറുമാസത്തേക്ക് കാലാവധി നീട്ടിയത്. ഒരു ദിവസം മുതല്‍ ആറുമാസം വരെയാണ് പല ലിസ്റ്റുകള്‍ക്കും കാലാവധി നീട്ടിയതിന്റെ ഗുണം ലഭിച്ചത്. ഫെബ്രുവരി നാലിന് നീട്ടി തൊട്ടുപിന്നാലേ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മൂന്നു മാസം ഒരു നിയമനവും നടന്നില്ല. മേയ് നാലിന് പെരുമാറ്റച്ചട്ടം പിന്‍വലിച്ചു. മേയ് എട്ടു മുതല്‍ ലോക് ഡൗണ്‍ തുടങ്ങി. നാലുദിവസം മാത്രമാണ് കിട്ടിയത്. ജൂണ്‍ അവസാനത്തോടെ ലോക്ഡൗണിന്റെ പ്രശ്‌നങ്ങള്‍ അവസാനിച്ച് ആളുകള്‍ ഓഫീസുകളില്‍ വന്നു തുടങ്ങി. കാലാവധി നീട്ടിയതിന്റെ ഒരു പ്രയോജനവും ഉദ്യോഗാര്‍ഥികള്‍ക്ക് കിട്ടിയിട്ടില്ല. വിരലില്‍ എണ്ണാവുന്ന നിയമനങ്ങള്‍ മാത്രമാണ് നടന്നത്.

  കാലാവധി അവസാനിക്കുന്ന ലിസ്റ്റുകള്‍ക്ക് പകരം ലിസ്റ്റ് വന്നിട്ടില്ല. 2022 അവസാനത്തില്‍ മാത്രമേ എല്‍ജിഎസില്‍ പുതിയ ലിസ്റ്റ് നിലവില്‍ വരൂ. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യാനല്ല സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. പിഎസ് സിയുടെ റൂള്‍സ് ഓഫ് പ്രൊസീജിയറില്‍ ഉള്ള കാര്യം ചെയ്യാന്‍ മാത്രമാണ് ആവശ്യം. മിനിമം മൂന്നു മാസത്തേക്ക് നീട്ടണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലും പറഞ്ഞത്. മൂന്നുമാസത്തെ നീട്ടല്‍ ആനുകൂല്യം ലഭിക്കാത്ത മുഴുവന്‍ ലിസ്റ്റുകാരും അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ പോകും. വെറുതേ വ്യവഹാരങ്ങള്‍ ഉണ്ടാക്കേണ്ട ആവശ്യമെന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. 2015 മുതല്‍ 2018വരെയുണ്ടായിരുന്ന ലിസ്റ്റിന്റെ പകുതി നിയമനങ്ങള്‍ ഇപ്പോഴത്തെ ലിസ്റ്റില്‍ നടന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
  Published by:Sarath Mohanan
  First published:
  )}