• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSEB കഴിഞ്ഞ മന്ത്രിസഭാകാലത്ത് പ്രവര്‍ത്തിച്ചത് പാര്‍ട്ടി ഓഫീസ് പോലെ; ചെയര്‍മാന്‍റെ ആരോപണങ്ങള്‍ ഗുരുതരമെന്ന് വി.ഡി സതീശന്‍

KSEB കഴിഞ്ഞ മന്ത്രിസഭാകാലത്ത് പ്രവര്‍ത്തിച്ചത് പാര്‍ട്ടി ഓഫീസ് പോലെ; ചെയര്‍മാന്‍റെ ആരോപണങ്ങള്‍ ഗുരുതരമെന്ന് വി.ഡി സതീശന്‍

കഴിഞ്ഞ ഇടത് സര്‍ക്കാരിന്‍റെ കാലത്ത് വൈദ്യുതി ബോര്‍ഡില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നെന്ന് ചൂണ്ടിക്കാട്ടി ചെയര്‍മാന്‍ ബി.അശോക് ഫേസ്ബുക്ക് പോസ്റ്റിട്ടത് വലിയ വിവാദമായിരുന്നു

  • Share this:
    കെ.എസ്.ഇ.ബി. ചെയര്‍മാന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.  കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പാര്‍ട്ടി ഓഫീസ് പോലെയാണ് കെ.എസ്.ഇ.ബി. പ്രവര്‍ത്തിച്ചത്, ചെയര്‍മാന്‍ ബി.അശോക് ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമാണ്, ഇതില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഇടത് സര്‍ക്കാരിന്‍റെ കാലത്ത് വൈദ്യുതി ബോര്‍ഡില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നെന്ന് ചൂണ്ടിക്കാട്ടി ചെയര്‍മാന്‍ ബി.അശോക് ഫേസ്ബുക്ക് പോസ്റ്റിട്ടത് വലിയ വിവാദമായിരുന്നു.

    5000 കോടിയുടെ ട്രാന്‍സ് ഗ്രിഡ് പദ്ധതിയില്‍ കോടികളുടെ അഴിമതി നടന്നു. പഴയ വൈദ്യുത മന്ത്രിയുടെ കാലത്താണ് ഈ അഴിമതി നടന്നിരിക്കുന്നത്. സമീപകാലത്ത് കേള്‍ക്കാത്ത തരത്തിലുള്ള ആരോപണങ്ങളാണ് ചെയര്‍മാന്‍ ഉന്നയിച്ചിരിക്കുന്നത്. പാര്‍ട്ടി ഓഫീസ് പോലെ കെ.എസ്.ഇ.ബി പ്രവര്‍ത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.

    read also-KSEB | മുന്‍ ഇടതുസര്‍ക്കാരിന്‍റെ കാലത്ത് കെ.എസ്.ഇ.ബി.യില്‍ നടന്നത് ഗുരുതര ക്രമക്കേടുകള്‍; ആരോപണവുമായി ചെയര്‍മാന്‍

    കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള നൂറുകണക്കിന് ഏക്കര്‍ സ്ഥലങ്ങള്‍ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങള്‍ക്ക് തുച്ഛമായ പാട്ടത്തിന് കൊടുത്തു. കോടികളുടെ നഷ്ടമാണ് ഇതുവഴി കെഎസ്ഇബിക്കുണ്ടായത്. ഈ നഷ്ടം സാധാരണക്കാരുടെ തലയിലിട്ടു. ബോര്‍ഡറിയാതെ വിളിക്കാന്‍ പോകുന്ന ടെന്‍ഡര്‍ വിവരങ്ങള്‍ പോലും കരാറുകാര്‍ക്ക് ചോര്‍ത്തി കൊടുക്കുന്നുവെന്ന ചെയര്‍മാന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. നിയമനം നടത്തിയത് പോലും റെഗുലേറ്ററി ബോര്‍ഡ് അറിഞ്ഞിട്ടില്ല.  2016 മുതല്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് റെഗുലേറ്ററി കമ്മിഷന്റെ അനുമതി ഇല്ലാതെയാണ്. ഇത് അന്വേഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും സതീശന്‍ പറഞ്ഞു.

    കേരളം നിക്ഷേപ സൗഹൃദമല്ല എന്ന സന്ദേശം കൊടുക്കാന്‍ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ല. പക്ഷെ ഭരണകക്ഷി ഇത്തരത്തിലാണ് പെരുമാറുന്നതെങ്കില്‍ എങ്ങനെ കേരളത്തിലേക്ക് നിക്ഷേപം വരും. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന വാദം പൊള്ളയാണെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    read also- KSEB | എന്‍റെ കാലത്ത് നടന്നതെല്ലാം നിയമപരമായി, ചെയര്‍മാന്‍റെ ആരോപണം പുതിയ മന്ത്രിയുടെ അറിവോടെയാണോ? എം.എം മണി

    അതേസമയം ചെയര്‍മാന്‍റെ ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍ വൈദ്യുതി മന്ത്രി എം.എം മണി രംഗത്തെത്തിയിരുന്നു, തന്‍റെ കാലത്ത് നടന്നതെല്ലാം നിയമപരമാണെന്നും കെ.എസ്.ഇ.ബിയുടെ സുവര്‍ണകാലഘട്ടമായിരുന്നു അതെന്നും അദ്ദേഹം പ്രതികരിച്ചു. ഇപ്പോഴത്തെ വകുപ്പ് മന്ത്രിയുടെ അറിവോടെയാണോ ചെയര്‍മാന്‍റെ ആരോപണങ്ങളെന്നും അതോ മന്ത്രി പറഞ്ഞതനുസരിച്ചാണോ ചെയര്‍മാന്‍റെ ഇപ്പോഴത്തെ പ്രവര്‍ത്തിയെന്നും എം.എം മണി ചോദിച്ചു.

    എം.എം മണിയോടെ ആരോപണത്തോട് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും പ്രതികരിച്ചിരുന്നു. തന്‍റെ അറിവോടെയല്ല ചെയര്‍മാന്‍ പോസ്റ്റിട്ടത്, സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചത് ധനവകുപ്പിന്‍റെ അനുമതിയില്ലാതെയാണ് ഇതേകുറിച്ച് ഊര്‍ജവകുപ്പ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മൂന്നാര്‍ ടൂറിസത്തിനായി നല്‍കിയ ഭൂമി പലരുടെയും കൈവശമാണെന്നും മന്ത്രി പ്രതികരിച്ചു.

    read also- KSEB | കെ.എസ്.ഇ.ബി. ചെയര്‍മാന്‍റെ ഫേസ്ബുക്ക് പോസ്റ്റ് എന്‍റെ അറിവോടെയല്ല;; മന്ത്രി കൃഷ്ണന്‍കുട്ടി വിശദീകരണം തേടി

    'കടയ്ക്കു തീപിടിച്ചിട്ടില്ല; നാട്ടുകാര്‍ ഓടിവരേണ്ടതുമില്ല' എന്ന തലക്കെട്ടില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലാണ് മുന്‍ ഇടത് സര്‍ക്കാരിന്‍റെ കാലത്ത് ബോര്‍ഡില്‍ നടന്ന ക്രമക്കേടുകളെ കുറിച്ച് ചെയര്‍മാന്‍  പറഞ്ഞത്. കഴിഞ്ഞ ശമ്പള പരിഷ്കരണം നടത്തിയത് സര്‍ക്കാരിന്‍റെ അനുമതിയില്ലാതെയാണെന്നും ഇക്കാര്യം എ.ജി ചൂണ്ടിക്കാണിച്ചതാണെന്നും ചെയര്‍മാന്‍ കുറിപ്പില്‍ പറയുന്നു.

    മൂന്നാറിലെ സൊസൈറ്റിക്ക് കെ.എസ്.ഇ.ബി.യുടെ പേരിലുള്ള ഭൂമി പതിച്ചു കൊടുക്കാന്‍ ശ്രമം നടന്നു. എം.എം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത്  നടന്ന നീക്കമാണിത്,  ടൂറിസം വികസനത്തിന് പല സൊസൈറ്റികള്‍ക്കും ബോര്‍ഡിന്‍റെയോ സര്‍ക്കാരിന്‍റെയോ അനുമതി ഇല്ലാതെ സ്ഥലം വിട്ടു നല്‍കി. നൂറ് കണക്കിന് ഏക്കര്‍ സ്ഥലമാണ് ആരും അറിയാതെ ഒരു ജൂനിയര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വാണിജ്യ പാട്ടത്തിന് കൊടുത്തതുമാണ് ചെയര്‍മാന്‍റെ കുറിപ്പിലെ പ്രധാന ക്രമക്കേടുകള്‍.
    Published by:Arun krishna
    First published: